TOPICS COVERED

പാമ്പുകടിയേറ്റ മകനോട് കിടന്നുറങ്ങാന്‍ പറഞ്ഞ അച്ഛന്റെ ക്രൂരതയില്‍ കുരുന്നിന്റെ ജീവന്‍ നഷ്ടമായി. ഒസ്ട്രേലിയയിലാണ് സംഭവം. കൊടിയ വിഷമുള്ള ഒസ്ട്രേലിയന്‍ ബ്രൗണ്‍ സ്നേക്കിന്റെ കടിയേറ്റാണ് കുഞ്ഞ് മരിച്ചത്. ട്രിസ്റ്റ്യൻ ജെയിംസ് ഫ്രാം ആണ് പിതാവിന്റെ നിസ്സംഗതയെത്തുടര്‍ന്ന് മരണപ്പെട്ടത്. 

2021 നവംബർ 21-ന് ബ്രിസ്ബേണിൽ നിന്ന് ഏകദേശം 257 കിലോമീറ്റർ അകലെയുള്ള ക്വീൻസ്‌ലാൻഡിലെ മർഗോണിലാണ് സംഭവം നടന്നത്. റൈഡിംഗ് മോവറിൽ നിന്ന് വീണതിന് പിന്നാലെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പാമ്പുകടിയേറ്റതിനു വൈദ്യസഹായം തേടാതെ കുട്ടിയോട് ഒന്നുറങ്ങി എഴുന്നേല്‍ക്കാനാണ് പിതാവ് ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച പുറത്തുവിട്ട  അന്വേഷണ റിപ്പോര്‍ട്ടില്‍ പാമ്പിന്റെ വിഷബാധയേറ്റ് ഉണ്ടായ കടുത്ത ആന്തരിക രക്തസ്രാവം മൂലമാണ് ട്രിസ്റ്റ്യൻ ജെയിംസ് ഫ്രാം മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. തക്കസമയത്ത് വൈദ്യസഹായം നല്‍കിയിരുന്നെങ്കില്‍ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നെന്നും 22 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 

പാമ്പുകടിയേറ്റെന്ന് കുട്ടി പറഞ്ഞപ്പോള്‍ പിതാവ് കെറോഡ് ഫ്രാമും മറ്റ് രണ്ടുപേരും കുട്ടിയെ പരിശോധിച്ചെങ്കിലും വ്യക്തമായ പാടുകളോ മുറിവുകളോ കണ്ടില്ലെന്ന് പറഞ്ഞ് അവഗണിച്ചു. ഉറങ്ങി എഴുന്നേല്‍ക്കാന്‍ കുട്ടിയോട് പറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. കുട്ടി മദ്യപിച്ചിരുന്നെന്നും അതുകൊണ്ടാണ് അസുഖം ബാധിച്ചതുപോലെ പെരുമാറിയതെന്നുമായിരുന്നു പിതാവ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിട്ടില്ല. 

പിതാവ് പറഞ്ഞതനുസരിച്ച് കിടക്കാന്‍ പോയ കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും പിന്നാലെ ഛര്‍ദിക്കുകയും  ചെയ്തു. കുട്ടിയുടെ മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വലതു കണങ്കാലില്‍ പാമ്പുകടിയേറ്റ മാര്‍ക്ക് കണ്ടെത്തി. പിതാവിന്റെ പേരില്‍ ആദ്യം നരഹത്യക്ക് കേസെടുത്തെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു. 

ENGLISH SUMMARY:

Snake bite death occurred due to parental negligence. A child in Australia died after being bitten by a venomous snake and being told to sleep it off instead of receiving medical attention.