Image: ShiromaLeialoha/X
കഴിഞ്ഞ ദിവസമാണ് ലൊസാഞ്ചലസില്‍ നിന്നുള്ള അമേരിക്കൻ എയർലൈൻസ് വിമാനം പുറപ്പെട്ട് 40 മിനിറ്റിനുള്ളിൽ തിരിച്ചിറക്കിയത്. വിമാനത്തിലെ സിസ്റ്റം തകരാറായിരുന്നു കാരണം. എന്നാല്‍ പറന്നുയര്‍ന്നതിന് പിന്നാലെ ആ 40 മിനിറ്റിനുള്ളില്‍ വിമാനത്തില്‍ സംഭവിച്ചത് അതിനാടകീയ രംഗങ്ങളായിരുന്നു. ഇന്റർഫോൺ തകരാറിനെ തുടര്‍ന്ന് ജീവനക്കാര്‍ കോക്ക്പ്പിറ്റിന്‍റെ വാതിലില്‍ തുരുതുരെ മുട്ടിയതും അലാം മുഴങ്ങുകയും ഹൈജാക്കിങ് ഭീതി ഉടലെടുക്കുകയുമാണ് ചെയ്തത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കോക്ക്പിറ്റിലുണ്ടായിരുന്ന പൈലറ്റുമാർക്ക് ക്യാബിനിലെ ജീവനക്കാരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് പറയുന്നത്. തുടര്‍ന്ന് പൈലറ്റുമാരുമായി ആശയവിനിമയം നടത്താൻ കഴിയാതെ വന്ന ജീവനക്കാർ കോക്ക്പിറ്റിന്റെ വാതിലിൽ മുട്ടാന്‍ ആരംഭിച്ചു. ഇത് യാത്രക്കാർ കാണുകയും ആശങ്കാജനകമായ അന്തരീക്ഷം ഉടലെടുക്കുകയും ചെയ്തു. ഇന്റർഫോണിൽ ബന്ധപ്പെട്ടപ്പോള്‍ സ്റ്റാറ്റിക് ശബ്ദം മാത്രമാണ് പൈലറ്റുമാര്‍ കേട്ടത്. വാതിലില്‍ തുരുരാ മുട്ടലും. ഇതോടെ കോക്ക്പിറ്റിൽ ആരോ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് പൈലറ്റുമാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിമാനം ഒമാഹയിലേക്ക് തിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. വിമാനം ആരോ ഹൈജാക്ക് ചെയ്തുവെന്ന ഭീതി ഉയര്‍ന്നു.
പിന്നാലെ ലാന്‍ഡിങിന് ശേഷമാണ് യഥാര്‍ഥ കാരണം കണ്ടെത്തിയത്. ഇന്റർ-ഫോൺ സിസ്റ്റത്തിൽ ഒരു തകരാർ കണ്ടെത്തിയതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒക്ടോബർ 20 തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7:45 ഓടെ നെബ്രാസ്കയിലെ ഒമാഹയിലുള്ള എപ്ലി എയർഫീൽഡില്‍ സ്കൈവെസ്റ്റ് ഫ്ലൈറ്റ് 6569 സുരക്ഷിതമായി ലാൻഡ് ചെയ്തതായും പൈലറ്റിന് ക്യാബിൻ ക്രൂവുമായി ബന്ധപ്പെടാൻ കഴിയാത്തതിനാലാണ് വിമാനത്തില്‍ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
സംഭവത്തിന് പിന്നാലെ വിമാനം അപ്രതീക്ഷിതമായി തിരിച്ചിറക്കിയതിന് ക്യാപ്റ്റൻ യാത്രക്കാരെ അഭിസംബോധന ചെയ്ത് ക്ഷമ ചോദിച്ചു. വിമാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് തിരിച്ചിറക്കിയതെന്നും ക്യാപ്റ്റന്‍ മാധ്യമങ്ങളോട് പറഞ്ഞു. അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നതായി എയര്‍ലൈനും അറിയിച്ചിട്ടുണ്ട്. വിമാനം പിന്നീട് അഞ്ച് മണിക്കൂർ വൈകി ലൊസാഞ്ചലസിലേക്ക് പുറപ്പെട്ടു. സ്കൈവെസ്റ്റ് എയർലൈൻസാണ് എംബ്രേറര്‍ ഇആര്‍ജെ 175 എന്ന ഈ വിമാനം ഓപ്പറേറ്റ് ചെയ്തിരുന്നത്.