louvre-museum-theft

ചരിത്രപ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽ നിന്നും പട്ടാപകലാണ് കഴിഞ്ഞ ദിവസം ഹോളിവു‍ഡ് സിനിമകളെ വെല്ലും കവര്‍ച്ച നടന്നത്. രാവിലെ 9 മണിക്ക് മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലായിരുന്നു മോഷണം. അതും പുറത്ത് സഞ്ചാരികൾ ക്യൂ നില്‍ക്കുമ്പോള്‍ വെറും മീറ്ററുകള്‍ അകലെ! ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്‍തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. 

appolo-gallery

അപ്പോളോ ഗാലറി | Apollo's Gallery (STEPHANE DE SAKUTIN / AFP)

സിനിമകളെ വെല്ലും മോഷണം

മുഖംമൂടി ധരിച്ച മൂന്നോ നാലോ പേരുടെ ഒരു സംഘമാണ് മോഷണത്തിന് പിന്നില്‍. മ്യൂസിയത്തിന്റെ തെക്കുകിഴക്കൻ വശത്തുള്ള റോഡിൽ ട്രക്ക് നിർത്തി, അതിലുണ്ടായിരുന്ന യന്ത്രഗോവണി വഴി മോഷ്ടാക്കൾ ബാൽക്കണിയിലേക്കു കടക്കുകയായിരുന്നു. ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടന്നുവരികയാണ്. അതിനാല്‍ മോഷ്ടാക്കളിൽ ചിലർ തൊഴിലാളികളുടെ വേഷത്തിലാണ് എത്തിയിരുന്നത്. അവിടെനിന്ന് ബാൽക്കണിയിലെ ജനാല തകർത്ത് നേരെ അപ്പോളോ ഗാലറിയിലേക്ക് (ദി ഗാലറി ഡി അപ്പോളോൺ). വെർസൈൽസ് കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്ന ഗാലറിയിലാണ് ഫ്രാൻസിന്റെ കിരീടാഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

louvre-museum-theft-window

മോഷ്ടാക്കള്‍ അകത്തുകടക്കാനായി തകര്‍ത്ത ജനല്‍ (REUTERS/Benoit Tessier)

ആംഗിൾ ഗ്രൈൻഡറുകൾ ഉപയോഗിച്ച് ഡിസ്പ്ലേ കേസുകൾ തകര്‍ത്താണ് ഒരു മാലയും ബ്രൂച്ചും ഉൾപ്പെടെ ഒമ്പത് ആഭരണങ്ങൾ മോഷ്ടിച്ചത്. രക്ഷപ്പെടുന്നതിനിടെ ഒരു ആഭരണം വഴിയിൽ നഷ്ടമാകുകയും ചെയ്തു. അപ്പോളോ ഗാലറിയുടെ ജനാലയിലും രണ്ടു ഡിസ്പ്ലേ ബോർഡുകളിലുമുണ്ടായിരുന്ന അലാം മോഷണത്തിനു പിന്നാലെ ശബ്ദമുണ്ടാക്കി. ഇതോടെ ഗാലറിയിലുണ്ടായിരുന്ന അഞ്ച് സുരക്ഷാ ഗാർഡുമാർ എത്തിയെങ്കിലും മോഷ്ടാക്കൾ കടന്നുകളഞ്ഞിരുന്നു. സ്കൂട്ടറുകളിൽ കയറി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് ന്യൂനെസ് പറഞ്ഞത് പ്രകാരം വെറും ഏഴ് മിനിറ്റ് മാത്രമാണ് ഈ കവര്‍ച്ച നീണ്ടുനിന്നത്! 

വിധി നിർണ്ണയിക്കുന്ന 48 മണിക്കൂർ

eugenie-brooch

നഷ്ടപ്പെട്ട ബ്രൂച്ച് (Louvre Museum/Handout via REUTERS)

മോഷ്ടിക്കപ്പെട്ട അമൂല്യ വസ്തുക്കള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ലൂവ്ര് മ്യൂസിയം അധികൃതരും ഫ്രഞ്ച് പൊലീസും. കഴിയുന്നത്ര കേടുകൂടാതെ പൂർണ്ണമായും തിരികെ എത്തിക്കാനാണ് ശ്രമം. ഇവിടെയാണ് മോഷണത്തിന് ശേഷമുള്ള 48 മണിക്കൂർ നിര്‍ണായകമാകുന്നുത്. അതായത് ‘ഗോള്‍ഡന്‍ അവര്‍സ്’. മോഷ്ടാക്കൾ ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്നത് ഈ മണിക്കൂറുകളിലാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഈ സമയം മോഷണ മുതല്‍ കൈമാറുന്നതിലുപരിയായി അത് ഒളിപ്പിച്ചുവയ്ക്കാനായിരിക്കും ശ്രമം. മാത്രമല്ല കവര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിക്കാനായി മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ, വാഹനങ്ങള്‍ വസ്ത്രങ്ങൾ എന്നിവയെല്ലാം ഇവര്‍ ഇല്ലാതാക്കും.

മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മറ്റ് വസ്തുക്കളെ അപേക്ഷിച്ച് മോഷ്ടിച്ച വജ്രങ്ങളും ആഭരണങ്ങൾ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് മുന്‍ മെട്രോപൊളിറ്റണ്‍ പൊലീസ് ഡിറ്റക്ടീവായ വെര്‍നോണ്‍ റാപ്ലി പറയുന്നത്. മോഷ്ടിക്കപ്പെടുന്ന കലാസൃഷ്ടികളെയും ശിൽപങ്ങളെയും അപേക്ഷിച്ച് ആഭരണങ്ങൾ വിതരണം ചെയ്യാൻ കൂടുതൽ ശൃംഖലകളുണ്ട്. കൂടാതെ ആഭരണങ്ങൾ രൂപമാറ്റം വരുത്തി കൈമാറുകയും ചെയ്യപ്പെടാം. ആ ഘട്ടത്തിൽ അവ ഒരിക്കലും വീണ്ടെടുക്കാൻ സാധ്യതയില്ല. 

eugenie-tiara

യൂജീനി ചക്രവർത്തിനിയുടെ ടിയാര (Louvre Museum/Handout via REUTERS)

നഷ്ടപ്പെട്ടത് വിലമതിക്കാനാവാത്ത ആഭരണങ്ങള്‍

ഫ്രാന്‍സിന്‍റെ ചക്രവര്‍ത്തിയായി കിരീടധാരണം ചെയ്ത ശേഷം നെപ്പോളിയന്‍ ബോണപാര്‍ട്ടിന്‍റെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ജോസഫൈന്‍റെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്‍തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. ഇവയില്‍ മാരീ ലൂയിസ് ചക്രവർത്തിനിയുടെ ഒന്ന് മരതകങ്ങളാല്‍ നിര്‍മ്മിച്ച ഒരു ആഭരണ സെറ്റാണ്. ചതുരം, പിയർ, ഓവൽ ആകൃതിയിലുള്ള 32 മരതകങ്ങൾ ഉപയോഗിച്ചുള്ള അലങ്കരിച്ച മാലയും കമ്മലുകളുമാണ് ഇവയിലുള്ളത്. അവയിൽ ഓരോന്നും വജ്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

crown-of-eugnie-de-montijo

യൂജീനി കിരീടം ​| Crown of Eugnie de Montijo (Photo by STEPHANE DE SAKUTIN / AFP)

മറ്റൊന്ന് 1852 മുതൽ 1870 വരെ ഫ്രാൻസ് ഭരിച്ചിരുന്ന നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ യൂജീനി ചക്രവർത്തിനിയുടെ ചരിത്രപ്രസിദ്ധമായ യൂജീനി കിരീടമാണ് (ടിയാര). മോഷ്ടാക്കൾ രക്ഷപ്പെടുന്നതിനിടെ ഇത് മ്യൂസിയത്തിന് പുറത്ത് ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ ഇത് കണ്ടെടുത്തിട്ടുണ്ടെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായതായും റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണത്തില്‍ നിര്‍മ്മിച്ച കിരീടത്തില്‍ പക്ഷികളുടെ രൂപങ്ങൾ, ഡസൻ കണക്കിന് മരതകങ്ങൾ, എണ്ണമറ്റ വജ്രങ്ങൾ എന്നിവയുണ്ടെന്നാണ് ലൂവ്രിന്‍റെ വെബ്സൈറ്റ് പറയുന്നത്. 1980 കൾ മുതൽ ഇത് ലൂവ്ര് മ്യൂസിയത്തിലുണ്ട്. മറ്റൊന്ന് 1800 കളുടെ അവസാനത്തിൽ നിർമ്മിച്ച ഒരു ബ്രൂച്ച് ആണ്. തൊങ്ങലുകൾ, റിബൺ, രത്നക്കല്ലുകള്‍ എന്നിവ അടങ്ങിയ അമൂല്യമായ ബ്രൂച്ചാണിത്. ക്വീൻ മേരി-അമെലി, ക്വീൻ ഹോർട്ടെൻസ് എന്നിവരുടെ ഇന്ദ്രനീല സെറ്റിലെ ഒരു ടിയാര, മാല, കമ്മൽ എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ട മറ്റ് വസുതുക്കള്‍.

കവര്‍ച്ച ചെയ്യപ്പെട്ട ഈ ആഭരണങ്ങള്‍ക്ക് മൂല്യം കൽപ്പിക്കുന്നത് തീര്‍ത്തും അസാധ്യമാണ്. കാരണം അതിന്‍റെ ചരിത്രപരമായ പ്രാധാന്യം വിലമതിക്കാനാവാത്തതാണ്. ഫ്രാന്‍സിന്‍റെ രാജവാഴ്ചയുടേയും ചരിത്രത്തിന്‍റെയും ഭാഗമാണിവ. അധികാരത്തിന്റെയും  പദവിയുടെയും ആത്യന്തിക ചിഹ്നങ്ങള്‍. മാത്രമല്ല അസാധാരണവും അപൂർവവും വിലയേറിയതുമായ രത്നക്കല്ലുകളുടെ സംയോജനവും അഭൂതപൂര്‍വ്വമായ കരകൗശല വൈദഗ്ധ്യവും രൂപകൽപ്പനയും ഈ ആഭരണങ്ങളുടെ മുഖമുദ്രയാണ്. 

louvre-museum-file

ലൂവ്ര് മ്യൂസിയം (ഫയല്‍ ചിത്രം) ​| AP Photo/Julia Demaree Nikhinson

ലൂവ്ര് മ്യൂസിയം

ലോകത്തെ ഏറ്റവും വിഖ്യാതമായ മ്യൂസിയങ്ങളിലൊന്നാണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസില്‍ സ്ഥിതി ചെയ്യുന്ന ലൂവ്ര് മ്യൂസിയം. ലിയോനാർഡോ ഡാ വിഞ്ചിയുടെ പ്രശസ്തമായ 'മൊണാലിസ', ഗ്രീക്ക് ശിൽപമായ 'വീനസ് ഡി മിലോ', 'വിംഗ്ഡ് വിക്ടറി ഓഫ് സമോത്രേസ്' തുടങ്ങിയ ലോകോത്തര സൃഷ്ടികൾ ലൂവ്ര് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലൂവ്രിന്റെ ശേഖരത്തിലെ പല വസ്തുക്കൾക്കും വിലയിടാൻ പോലുമാവാത്തത്ര മൂല്യവുമുണ്ട്. അതുകൊണ്ടുതന്നെ ലോകമെമ്പാടും നിന്നുള്ള കലാസ്വാദകരുടെയും വിനോസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണിത്. ലോകത്തിലെ ഏറ്റവും വലുതും സന്ദർശകരുള്ളതുമായ മ്യൂസിയങ്ങളില്‍ ഒന്നും. ഷോണ്‍ നദിയുടെ വലത് കരയിലാണ് ലൂവ്ര് സ്ഥിതി ചെയ്യുന്നത്. 

monalisa-louvre

മോണലിസ | (AP Photo/Julia Demaree Nikhinson)

‘കവര്‍ച്ചകളുടെ ചരിത്രം’

1911ൽ ലൂവ്രിൽ നിന്ന് ലിയനാർദോ ഡ വീഞ്ചിയുടെ മാസ്റ്റർപീസ് സൃഷ്ടിയായ മോണലിസയെ മോഷ്ടിച്ചിരുന്നു. മ്യൂസിയം ജീവനക്കാരിലൊരാളാണ് മുറിക്കുള്ളി‍ൽ ഒളിച്ചിരുന്ന് ആ ലോകപ്രശസ്ത പെയ്ന്റിങ് അടിച്ചുമാറ്റിയത്. ആരുടെയും കണ്ണിൽപെടാതെ ചിത്രം എടുത്ത് അതിന്റെ ഫ്രെയിമിൽനിന്ന് ഇളക്കി ചുരുട്ടി തന്റെ കോട്ടിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാള്‍ മോണലിസയെ മ്യൂസിയത്തിന് പുറത്തുകടത്തിയത്. 2 വർഷത്തിനു ശേഷം ഫ്ലോറൻസിൽനിന്നാണ് മോണലിസയെ തിരികെക്കിട്ടിയത്. ഇറ്റലിക്കാരനായ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് ഇറ്റലിയിലാണ് ഉണ്ടാവേണ്ടത്, താൻ‌ ഇറ്റലിയുടെ അഭിമാനം സംരക്ഷിക്കാനാണ് മോണാലിസ കടത്തിക്കൊണ്ടുവന്നതെന്നായിരുന്നു അറസ്റ്റിലായപ്പോള്‍ മോഷ്ടാവിന്‍റെ വാദം.

louvre-museum-theft-napoleon-jewelry-stolen

1983 മേയിലാണ് ലുവ്രിനെ ഞെട്ടിച്ച മറ്റൊരു കവർച്ച നടന്നത്. 16 ാം നൂറ്റാണ്ടിൽ ഇറ്റലിയിലെ മിലാനിൽ നിർമിച്ച രണ്ടു പടച്ചട്ടകളാണ് മോഷ്ടിക്കപ്പെട്ടത്. 38 വർഷത്തിനു ശേഷം 2021 ലാണ് ഇവ തിരികെ കിട്ടുന്നത്. ഫ്രാൻസിലെ ബോർദോയിൽ, കലാവസ്തുക്കൾ ശേഖരിക്കുന്ന ഒരാൾ മരിച്ചപ്പോള്‍ അയാളുടെ ശേഖരത്തിലെ ചില വസ്തുക്കൾ യഥാർഥമാണോ എന്നു സംശയം തോന്നിയ അനന്തരാവകാശികൾ പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസ് വിദഗ്ധരുമായെത്തി പരിശോധിച്ചപ്പോഴാണ് ലൂവ്രിൽനിന്നു മോഷണം പോയ പടച്ചട്ടകള്‍ ഇവയില്‍ നിന്നും കണ്ടെടുക്കുന്നത്.

ലൂവ്രിൽ നടന്ന ഏറ്റവും വലിയ മറ്റൊരു കവര്‍ച്ചയാണ് 1998 ല്‍ നടന്ന പ്രശസ്ത ഫ്രഞ്ച് ചിത്രകാരൻ ഷോൻ ബപ്റ്റീസ് കമീ കോഹോയുടെ ലു ഷെമിൻ ദ് സെവ്രൂ (ദ് റോഡ് ടു സെവ്രൂ) എന്ന പെയ്ന്റിങ്ങിന്റേത്. കാൻവാസ് ഫ്രെയിമിൽനിന്നു മുറിച്ചെടുത്താണ് കടത്തിയത്. ഫ്രെയിം പിന്നീടു കണ്ടെടുത്തു. എന്നാല്‍‌ ഇതുവരെയും മോഷ്ടാക്കളെപ്പറ്റിയോ പെയ്ന്റിങ്ങിനെപ്പറ്റിയോ ഒരു വിവരവുമില്ല.

ENGLISH SUMMARY:

A cinematic daylight heist at the Louvre saw 9 priceless jewels, including items from Napoleon and Empress Marie-Louise's collection, stolen. The 'golden 48 hours' are critical to prevent them from being dismantled forever. Get the details of the 7-minute robbery, the stolen tiara, and the police chase.