pak-afghan

പാക്കിസ്ഥാന്‍– അഫ്ഗാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ധാരണ. ഖത്തറിന്‍റെ  മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടന്നത്. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇരുരാജ്യങ്ങളും തുടരുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ നിലനില്‍കെ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് പുതിയ പ്രഖ്യാപനം.

ചർച്ചകളിൽ ഇരുപക്ഷവും അടിയന്തിര വെടിനിർത്തലിനും ഇരുരാജ്യങ്ങൾക്കുമിടയിൽ സ്ഥിരമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും സമ്മതിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ശനിയാഴ്ചയാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ദോഹയില്‍ ചര്‍ച്ച നടത്തിയത്. പാക്ക് ആഭ്യന്തര മന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജൻസ് മേധാവി ജനറൽ അസിം മാലിക്,  താലിബാന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 

ഒരാഴ്ച നീണ്ട സംഘര്‍ഷത്തിന് പിന്നാലെ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പാക്കിസ്ഥാന്‍ ഇത് ലംഘിച്ചു എന്നാണ് അഫ്ഗാന്‍ ആരോപിക്കുന്നത്. അതേസമയം പുതിയ ആക്രമണം അതിര്‍ത്തിയിലെ പാക്ക് താലിബാന്‍ ഭീകകരെ ലക്ഷ്യമിട്ടുള്ളതാണെന്നും പാക്ക് സൈന്യത്തിന് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണെന്നുമാണ് പാക്കിസ്ഥാന്‍റെ പ്രതികരണം. 

താലിബാൻ വിദേശകാര്യ മന്ത്രി അമീർ മുത്തഖി ഇന്ത്യ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ കാബൂളിലുണ്ടായ സ്ഫോടനങ്ങൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായത്. അവസാനമായി പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങളടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. പാക്റ്റിക പ്രവിശ്യയിലായിരുന്നു പാക്കിസ്ഥാന്‍റെ വ്യോമാക്രമണം. സൗഹൃദ മത്സരം കളിച്ച് മടങ്ങിയ താരങ്ങൾ ഉർഗൂൻ ജില്ലയിൽ ഒത്തുകൂടിയപ്പോഴാണ് ആക്രമണമുണ്ടായത്. 

ENGLISH SUMMARY:

Pakistan and Afghanistan have agreed to a ceasefire following mediation talks hosted by Qatar. The Qatari Foreign Ministry confirmed that both nations will continue efforts to restore peace. This announcement follows a recent Pakistani airstrike that killed 10 people, which Afghanistan claimed violated a prior ceasefire agreement. Representatives from both sides—including Pakistan’s Interior Minister Khawaja Asif and Intelligence Chief General Asim Malik, and Taliban Defence Minister Muhammad Yaqoob—met in Doha.