ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് ശേഷം ഗാസയില്‍ നിയന്ത്രണം തുടരാന്‍ ഹമാസ്. ഗാസയില്‍ സുരക്ഷാ നിയന്ത്രണം തുടരുമെന്നും ഹമാസിനെ നിരായുധീകരിക്കുന്നതില്‍ പ്രതിബദ്ധതയില്ലെന്നും പോളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് നസല്‍ പറഞ്ഞു. ഗാസയുടെ പുനര്‍ നിര്‍മാണത്തിനായി അഞ്ചു വര്‍ഷത്തേക്ക് വെടിനിര്‍ത്തലിന് ഹമാസ് തയ്യാറാണെന്നും നസല്‍ പറഞ്ഞു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ പദ്ധതിയില്‍ നിന്നും വ്യത്യസ്ത നിലപാടാണ് ഹമാസിന്‍റേത്. 

പരസ്യമായി വധശിക്ഷ നടപ്പാക്കിയ ഗാസയിൽ ഹമാസിന്റെ നടപടിയെയും നസൽ ന്യായീകരിച്ചു. യുദ്ധസമയത്ത് എല്ലായ്പ്പോഴും അസാധാരണമായ നടപടികൾ ഉണ്ടായിരുന്നതായും വധിക്കപ്പെട്ടവർ കൊലക്കുറ്റം ചെയ്തവരാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്‍റെ ഗാസ പദ്ധതി പ്രകാരം, ഹമാസ് ഉടന്‍ ബന്ദികളെ വിട്ടയക്കുകയും തുടര്‍ന്ന് നിരായുധീകരണം അംഗീകരിക്കുകയും വേണം. രാജ്യാന്തര ട്രാന്‍സിഷണല്‍ ബോഡിയുടെ മേല്‍നോട്ടത്തിലുള്ള സാങ്കേതിക സമിതിക്ക് ഗാസയുടെ ഭരണം കൈമാറണം എന്നാണ് ട്രംപിന്‍റെ പദ്ധതി. 

ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കുമോ എന്ന് ചോദ്യത്തിന് അതെ എന്നോ ഇല്ല എന്നോ മറുപടി നല്‍കാന്‍ സാധിക്കില്ലെന്നും നസല്‍ പറഞ്ഞു. സത്യം പറഞ്ഞാൽ, അത് പദ്ധതിയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. നിരായുധീകരണ പദ്ധതി കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ആർക്കാണ് ആയുധങ്ങൾ കൈമാറേണ്ടതെന്നും നസല്‍ ചോദിച്ചു. ആയുധങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ അടുത്തഘട്ടത്തിലാണ് ചര്‍ച്ചയായുക. ഇക്കാര്യം ഹമാസിനെ മാത്രമല്ല, മറ്റ് സായുധ പലസ്തീന്‍ ഗ്രൂപ്പുകളെയും ബാധിക്കുന്നതാണ്. ഇക്കാര്യത്തില്‍ പലസ്തീനികള്‍ ഒരു പൊതുനിലപാടിൽ എത്തേണ്ടതുണ്ടെന്നും ഹമാസ് വ്യക്തമാക്കി. 

ബന്ദികളുടെ മൃതദേഹം സൂക്ഷിക്കുന്നതില്‍ ഹമാസിന് താല്‍പര്യമില്ലെന്നും നസല്‍ പറഞ്ഞു. 28 ബന്ദികളുടെ മൃതദേഹങ്ങളില്‍ ഒന്‍പതെണ്ണം മാത്രമാണ് ഹമാസ് ഇതുവരെ കൈമാറിയത്. മൃതദേഹം കണ്ടെത്താന്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും ആവശ്യമെങ്കിൽ തുർക്കി അല്ലെങ്കിൽ യു.എസ് പോലുള്ള അന്താരാഷ്ട്ര കക്ഷികൾ തിരയാൻ സഹായിക്കുമെന്നും ഹമാസ് വ്യക്തമാക്കി. 

ENGLISH SUMMARY:

Hamas Politburo member Mohammed Nazal stated that Hamas will retain security control of Gaza post-war and rejects disarmament, contradicting US President Donald Trump's peace plan. Hamas is ready for a five-year ceasefire to facilitate Gaza's reconstruction.