President Donald Trump speaks in the Oval Office of the White House, Thursday, Oct. 16, 2025, in Washington. AP/PTI(AP10_17_2025_000004A)
ജനങ്ങളെ കൊല്ലുന്ന ക്രൂരത തുടരുകയാണെങ്കില്‍ ഗാസയില്‍ കടന്ന് ഹമാസിനെ തീര്‍ത്തുകളയാന്‍ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ഹമാസിന് ട്രംപിന്‍റെ കടുത്ത മുന്നറിയിപ്പ്. എതിരാളികളെ തിരഞ്ഞ് പിടിച്ച് ഹമാസ് കൂട്ടക്കുരുതി നടത്തുന്നതിന്‍റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ കുറിപ്പ്.
'സമാധാനക്കരാറില്‍ ഈ വ്യവസ്ഥയില്ല. ഗാസയിലെ ജനങ്ങളെ കൊല്ലുന്നത് ഹമാസ് തുടര്‍ന്നാല്‍ ഗാസയില്‍ കടന്ന് ഹമാസിനെ തീര്‍ത്തുകളയുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റുമാര്‍ഗങ്ങളില്ല' എന്നായിരുന്നു ട്രംപിന്‍റെ പോസ്റ്റ്. അതേസമയം, യുഎസ് സൈന്യം ഗാസയില്‍ കടക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അത് മറ്റാരെങ്കിലും ചെയ്യുമെന്നും അദ്ദേഹം ഓവല്‍ ഓഫിസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
ബന്ദികളായിരിക്കെ മരിച്ചവരുടെ മൃതദേഹങ്ങളുടെ കൈമാറ്റം ഹമാസ് എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നതെന്നും നന്നായി പെരുമാറിയാല്‍ അവര്‍ക്ക് കൊള്ളാം, അല്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും ട്രംപ് ഭീഷണിയും മുഴക്കി. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ ഗാസയിലേക്ക് പലസ്തീന്‍ ജനത മടങ്ങിയിരുന്നു. ഇതിനിടെയാണ് ആധിപത്യം നിലനിര്‍ത്തുന്നതിനായി എതിരാളികളെ ഹമാസ് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.