Image Credit: x.com/DaudJunbish
അഫ്ഗാനിസ്ഥാന്‍– പാക്കിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ പാക്കിസ്ഥാന്‍ സൈനികരുടെ പാന്‍റുമായി പരേഡ് നടത്തി താലിബന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വന്നതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നടന്ന ആഘോഷത്തിലാണ് പാക്ക് സൈനികരുടെ പാന്റ് ഉയര്‍ത്തി കാണിച്ചത്. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പിലാക്കിയത്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭ്യര്‍ഥനയെ തുടര്‍ന്നാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ വന്നതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാക്കിസ്ഥാന്‍റെ ആവശ്യപ്രകാരമാണ് വെടിനിര്‍ത്തലെന്ന് താലിബാന്‍ ഭരണകൂട വക്താവ് സാബിഹുല്ല മുജാഹിദ് പറഞ്ഞു. പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നും പ്രകോപനമില്ലെങ്കില്‍ വെടിനിര്‍ത്തല്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും സാബിഹുല്ല മുജാഹിദ് പറഞ്ഞു.
പോരാട്ടത്തിനിടെ പാക്ക് സൈനികര്‍ പോസ്റ്റ് ഉപേക്ഷിച്ച് പോയതായി റിപ്പോര്‍ട്ടുണ്ട്. പാക്ക് സൈനികരില്‍ നിന്നും പിടിച്ചെടുത്ത ടാങ്കുകളും ആയുധങ്ങളും പ്രദര്‍ശിപ്പിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. എക്സില്‍ പങ്കുവച്ച വിഡിയോയില്‍ താലിബാന്‍ സേന പാക്ക് ടാങ്കില്‍ ആയുധങ്ങള്‍ക്കൊപ്പം ഇരിക്കുന്നതും പോസ് ചെയ്യുന്നതും കാണാം. അഫ്ഗാനിലെ കിഴക്കൻ നൻഗ്രാഹാർ പ്രവിശ്യയിൽ നടന്ന ആഘോഷത്തിലാണ് താലിബാന്‍ സേന തോക്കിന്‍ മുനമ്പില്‍ പാക്ക് സൈന്യത്തില്‍ നിന്നും പിടിച്ചെടുത്ത പാന്റ്സ് ഉയര്‍ത്തി കാട്ടിയത്.
2021-ൽ അഫ്ഗാനിസ്ഥാന്‍റെ ഭരണം താലിബാൻ നേടിയ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള രൂക്ഷമായ ആക്രമണമായിരുന്നു ഇത്. ബുധനാഴ്ച കാബൂളിലും കാണ്ഡഹാറിലും പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ കരയാക്രമണത്തില്‍ സ്പിൻ-ബോൾഡാക്കിലെ അതിർത്തി ഔട്ട്‌പോസ്റ്റുകൾ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍റെ വ്യോമാക്രമണം.