ഇസ്രയേല്‍ സൈന്യം പിന്മാറിയതിന് പിന്നാലെ ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത് ഹമാസ്. യു.എസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പുറത്തുവന്ന് അഞ്ചാം ദിവസമാണ് ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. അതേസമയം, ചാരന്മാരെന്ന് മുദ്രകുത്തി എട്ടു പേരെ വധിക്കുന്ന ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടു. ഹമാസ് സായുധസേനയും പലസ്തീൻ ഗോത്രങ്ങളും തമ്മിൽ സായുധ ഏറ്റുമുട്ടലുകൾ നടക്കുന്നതിനിടെയാണ് കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
തെരുവില്‍ ആള്‍കൂട്ടത്തിന് നടുക്ക് എട്ടുപേരെ മുട്ടുകുത്തി നിർത്തി വധിക്കുന്നതിന്റെ വീഡിയോയാണ് ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ടത്. വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സേന ഗാസ സിറ്റിയില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് ഹമാസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മുഖം മറച്ച സായുധ സേനാംഗങ്ങള്‍ നഗരത്തില്‍ പെട്രോളിങ് നടത്തുന്നുണ്ട്. തിങ്കളാഴ്ച മോചിതരായ തടവുകാര്‍ ഗാസയിലെത്തിയപ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിച്ചതും ഹമാസായിരുന്നു.
2007 മുതൽ എതിരാളികളായ ഫതഹിനെ പരാജയപ്പെടുത്തി ഹമാസാണ് ഗാസയിൽ ആധിപത്യം പുലർത്തുന്നത്. ഭാവിയിലെ ഗാസയുടെ ഭരണത്തില്‍ ഹമാസിന് യാതൊരു പങ്കും വഹിക്കരുതെന്നാണ് ഇസ്രയേല്‍ നിലപാട്. മരിച്ച 24 ബന്ദികളുടെ അവശിഷ്ടങ്ങൾ തിരികെ നൽകണമെന്നും ഒടുവിൽ നിരായുധരാക്കണമെന്നും ഇസ്രായേൽ ആവശ്യപ്പെടുന്നു.
അതേസമയം, ഇസ്രയേല്‍ സേന പിന്‍വാങ്ങിയതിന് പിന്നാലെ ഗാസയില്‍ വിവിധ ഗോത്രങ്ങളുമായി ഹമാസ് ഏറ്റുമുട്ടല്‍ തുടരുകയാണ്. അവയിൽ ചിലതിന് ഇസ്രായേലിന്‍റെ പിന്തുണയുണ്ടെന്നാണ് ഹമാസിന്‍റെ ആരോപണം.
മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നതോടെ ഇസ്രയേല്‍ ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിച്ചിരുന്നു. റഫാ അതിര്‍ത്തി അടച്ചായിരുന്നു ഇസ്രയേല്‍ നടപടി. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് ഹമാസ് പ്രതികരിച്ചു.
അതേസമയം, മരിച്ച നാല് ബന്ദികളുടെ മൃതദേഹങ്ങൾ ഇന്ന് ഹമാസ് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. 23 ബന്ദികൾ മരിച്ചതായാണ് കണക്കാക്കുന്നതെങ്കിലും നാലു ബന്ദികളുടെ മൃതദേഹങ്ങൾ മാത്രമേ ഹമാസ് വിട്ടുനൽകിയിട്ടുള്ളു. ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.