erdogan

ഈജിപ്തില്‍ നടന്ന സമാധാന ഉച്ചകോടിക്കിടെ തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിപ് എര്‍ദോഗനും ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിലുള്ള സംഭാഷണങ്ങള്‍ വൈറല്‍. ചിരിയോടെ സ്വീകരിച്ച ശേഷമുള്ള നിങ്ങള്‍ സുന്ദരിയാണെന്നാണ് എര്‍ദോഗന്‍ മെലോനിയോട് പറയുന്നത്. ഇതിന്‍റെ ഹ്രസ്വവിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

നിങ്ങള്‍ വിമാനമിറങ്ങി വരുന്നത് ഞാന്‍ കണ്ടു. കാണാന്‍ സുന്ദരിയായിട്ടുണ്ട്. പക്ഷെ നിങ്ങള്‍ പുകവലി നിര്‍ത്തണം എന്നാണ് എര്‍ദോഗന്‍ പറയുന്നത്. സമീപത്തുണ്ടായിരുന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ചിരിച്ചുകൊണ്ട് സംഭാഷണത്തില്‍ ഇടപെടുന്നുണ്ട്. ഇത് അസാധ്യമാണെന്നായിരുന്നു മാക്രോണിന്‍റെ ഇടപെടല്‍. 

ആദ്യം അമ്പരപ്പോടെയാണെങ്കിലും പിന്നീട് ചിരിച്ചുകൊണ്ടു തന്നെ മെലോനിയും ഉപദേശത്തോട് പ്രതികരിച്ചു. എനിക്കറിയാം, എനിക്കാരെയും കൊല്ലേണ്ട എന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ മറുപടി. 13 വര്‍ഷത്തോളം പുകവലി ഉപേക്ഷിച്ച ശേഷം വീണ്ടും ആരംഭിച്ചതായി ഈയിടെ മെലോനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

അതേസമയം ഗാസ വെടിനിർത്തൽ സ്ഥിരപ്പെടുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത സമാധാന ഉച്ചകോടിയില്‍ ഇരുപതിലധികം ലോക നേതാക്കളാണ് പങ്കെടുത്തത്. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റേയും ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെയും നേതൃത്വത്തില്‍ നടന്ന ഉച്ചകോടിയില്‍ സമാധനകരാര്‍ ഒപ്പുവച്ചു. 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അവസാന നിമിഷം ഉച്ചകോടിയില്‍ നിന്ന് പിന്‍മാറി. ട്രംപിന്റെ സാന്നിധ്യത്തില്‍ ഈജിപ്ത്,ഖത്തര്‍,തുര്‍ക്കി എന്നീരാജ്യങ്ങളാണ് കരാറില്‍ ഒപ്പുവച്ചത്. കരാറിന് മുന്നോടിയായി, ജീവനോടെയുള്ള 20 ബന്ദികളെയാണ് ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായി മോചിപ്പിച്ചത്. 1900 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. 

ENGLISH SUMMARY:

A video of Turkish President Recep Tayyip Erdogan telling Italian PM Giorgia Meloni "You are beautiful, but you must quit smoking" at the Egypt Peace Summit has gone viral. Meloni humorously responded, "I know, I don't want to kill anyone."