തലസ്ഥാനമായ അങ്കാറയിലുള്‍പ്പടെ രാജ്യത്തെ പ്രധാന പ്രവിശ്യകളിലെല്ലാം പൊതുജനങ്ങള്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് തുര്‍ക്കി. ആപത്ഘട്ടങ്ങളില്‍ ജനങ്ങളെ സുരക്ഷിതരാക്കുന്നതിന്‍റെ പ്രാഥമിക പടിയാണിതെന്നാണ് വിശദീകരണം. യുദ്ധമോ, മറ്റേത് അടിയന്തര സാഹചര്യമോ നേരിടാന്‍ ഇത് കൂടുതല്‍ സഹായകമാകുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അതേസമയം ആണവയുദ്ധം സമീപഭാവിയിലുണ്ടായേക്കാമെന്നും അങ്ങനെ സംഭവിച്ചാല്‍ ജനങ്ങളെ സുരക്ഷിതരാക്കുന്നതിനും ആള്‍നാശം കുറയ്ക്കുന്നതിനുമാണ് എര്‍ദോഗന്‍റെ നീക്കമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേല്‍–ഇറാന്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന സമയത്താണ് രാജ്യത്തെ 81 പ്രവിശ്യകളിലെങ്ങും ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് പ്രസിഡന്‍റ് എര്‍ദോഗന്‍ അംഗീകാരം നല്‍കിയത്. ഇത് കാബിനറ്റും പിന്തുണച്ചതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ നിലവിലെ നീക്കം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് കാബിനറ്റിന്‍റെ വിശദീകരണം. പ്രധാന നഗരങ്ങളിലെ ഷെല്‍ട്ടറുകള്‍ക്ക് സമീപമായി ഭൂഗര്‍ഭ മെട്രോ സംവിധാനം കൊണ്ടുവരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദി തുര്‍ക്കിഷ് ഹൗസിങ് ഡവലപ്മെന്‍റ് അഡ്മിനിസ്ട്രേഷനാണ് ബോംബ് ഷെല്‍ട്ടറുകളുടെ നിര്‍മാണച്ചുമതല. നിലവില്‍ തുര്‍ക്കിയിലുള്ള സുരക്ഷിത സങ്കേതങ്ങളില്‍ അടിസ്ഥാന സൗകര്യത്തിന്‍റെ കുറവ് നല്ലരീതിയില്‍ ഉണ്ടെന്നും നിലവിലുള്ളവ ദുരന്തമുഖത്ത് നിന്നും പൗരന്‍മാരെ രക്ഷിക്കാന്‍ പര്യാപ്തമല്ലെന്നും പരിസ്ഥിതി മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നിശ്ചിത വലിപ്പത്തിലുള്ള കെട്ടിടങ്ങളില്‍ ഷെല്‍ട്ടറുകള്‍ നിര്‍മിച്ചിരിക്കണമെന്നായിരുന്നു 1987ല്‍ തുര്‍ക്കിയില്‍ നിലവില്‍ വന്ന ചട്ടത്തില്‍ നിഷ്കര്‍ഷിച്ചിരുന്നത്. എന്നാല്‍ ഇത് പലപ്പോഴും നടപ്പിലായിരുന്നില്ല. നിലവിലുള്ള ഷെല്‍ട്ടറുകളാവട്ടെ പാര്‍ക്കിങിനും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുമായാണ് ഉപയോഗിച്ചുവരുന്നത്.
കനത്ത ബോംബാക്രമണം ഇറാനില്‍ നിന്നുണ്ടായിട്ട് പോലും ഇസ്രയേലിന് കാര്യമായ ആള്‍നാശമുണ്ടാകാതെ ഇരുന്നത് കരുത്തുറ്റ ഷെല്‍ട്ടറുകളില്‍ ജനങ്ങളെ സുരക്ഷിതരാക്കിയതോടെയാണെന്നാണ് തുര്‍ക്കിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ യുദ്ധമോ, ആഭ്യന്തര കലഹമോ ഉണ്ടായാല്‍ പോലും സാധാരണ പൗരന്‍മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് കഴിയണമെന്നാണ് എര്‍ദോഗന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.