ഇയാന്‍ വാട്ട്കിന്‍സ് | 1. പഴയ ചിത്രം 2. സൗത്ത് വെയില്‍സ് പൊലീസ് പുറത്തുവിട്ട ചിത്രം

ഒരുകാലത്ത് വെയിൽസിലെ ഏറ്റവും അറിയപ്പെടുന്ന ഗായകനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച് തടവ് ശിക്ഷ അനുഭവിക്കുകയുമായിരുന്ന ഇയാൻ വാട്ട്കിൻസ് ജയിലിൽ കുത്തേറ്റു മരിച്ചു. ശനിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 25 ഉം 43 ഉം വയസ്സുള്ള രണ്ട് സഹതടവുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോണ്ടിപ്രിഡിൽ നിന്നുള്ള 48 കാരനായ ഇയാൻ വാട്ട്കിൻസ് വേക്ക്ഫീൽഡ് ജയിലില്‍ 29 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു.

2012 സെപ്റ്റംബർ 21 ന് പോണ്ടിപ്രിഡിലെ വീട്ടിൽ വച്ച് ലഹരി കൈവശം വച്ചതിനാണ് ഇയാൻ വാട്ട്കിൻസ് ആദ്യം അറസ്റ്റിലാകുന്നത്. അന്ന് വീട്ടില്‍ നിന്നും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുക്കുകയുണ്ടായി. ഇവ പരിശോധിച്ചതില്‍ നിന്നാണ് കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാത്ത ലൈംഗിക കുറ്റവാളിയും പീ‍ഡോഫൈലുമാണ് ഇയാന്‍ എന്ന് പൊലീസ് മനസിലാക്കുന്നത്. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം തന്‍റെ ആരാധകന്റെ 11 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതുള്‍പ്പെടെ പത്തോളം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഇയാൻ വാട്ട്കിൻസ് അറസ്റ്റിലായി. കേസില്‍ ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

13 വയസ്സിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ലൈംഗികമായി പീഡിപ്പിച്ചതായും ഇയാന്‍ വാട്ട്കിന്‍സ് കോടതിയില്‍ സമ്മതിച്ചിരുന്നു. കുട്ടികളെ ബലാത്സംഗം ചെയ്യാൻ പദ്ധതിയിട്ടു, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പകര്‍ത്തി– കൈവശം വച്ചു, മൃഗങ്ങളോടുള്ള ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ കൈവശം വച്ചു എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. അതേസമയം, ഇതെല്ലാം ലഹരിയുടെ സ്വാധീനത്തില്‍ ചെയ്തുപോയവയാണെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. തുടര്‍ന്നാണ് ഇയാനെ 29 വർഷം തടവിന് ശിക്ഷിക്കുന്നത്. ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്ത രണ്ട് കുട്ടികളുടെ അമ്മമാരും കേസില്‍ പ്രതികളായിരുന്നു. ഇവര്‍ക്ക് 14 ഉം 17 ഉം വർഷം തടവും വിധിച്ചിരുന്നു. 2014 ൽ വാട്ട്കിൻസ് തന്റെ ജയിൽ ശിക്ഷയുടെ ദൈർഘ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി.

ആരാണ് ഇയാൻ വാട്ട്കിൻസ്?

ഒരുകാലത്ത് വെയിൽസിലെ ഏറ്റവും അറിയപ്പെടുന്ന സംഗീതജ്ഞരിൽ ഒരാളായിരുന്നു ലോസ്റ്റ്പ്രൊഫെറ്റ്സ് എന്ന റോക്ക് ബാൻഡിന്റെ പ്രധാന ഗായകനായിരുന്ന ഇയാന്‍ വാട്ട്കിൻസ്. 1997-ൽ പോണ്ടിപ്രിഡിൽ രൂപീകൃതമായ ലോസ്റ്റ്പ്രൊഫെറ്റ്സ് ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ആൽബങ്ങളാണ് വിറ്റത്. എന്നാൽ 2013 ൽ ഇയാന്‍ വാട്ട്കിൻസ് ശിക്ഷിക്കപ്പെട്ട ഉടൻ ബാന്‍ഡ് പിരിച്ചുവിടുകയും ചെയ്തു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനായി ഇയാള്‍ തന്റെ ആഗോള പ്രശസ്തിയും ഉപയോഗിച്ചതായാണ് പൊലീസ് പറയുന്നത്.

ഇതാദ്യമായല്ല ഇയാന്‍ വാട്ട്കിൻസ് ജയിലില്‍വച്ച് ആക്രമിക്കപ്പെടുന്നത്. 2023 ഓഗസ്റ്റിലും ജയിലിൽ വെച്ച് ഇയാന്‍ ആക്രമിക്കപ്പെട്ടിരുന്നു. പക്ഷേ പരിക്കുകൾ ജീവന് ഭീഷണിയുള്ളതായിരുന്നില്ല. വേക്ക്ഫീൽഡ് ജയിലിൽ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായി റിപ്പോർട്ട് പുറത്ത് വന്ന് രണ്ടാഴ്ച തികയുന്നതിന് മുന്‍പാണ് ഇയാൻ വാട്ട്കിൻസ് കുത്തേറ്റ് മരിക്കുന്നത്.

ENGLISH SUMMARY:

Ian Watkins, the former lead singer of the Welsh rock band Lostprophets, has been stabbed to death in prison. The 48-year-old, who was serving a 29-year sentence at Wakefield Prison for multiple child sexual abuse crimes, was attacked by fellow inmates on Saturday. Reports confirm that he died at the scene. Watkins was initially arrested in 2012 for drug possession, but investigations later revealed his involvement in severe sexual offenses, including attempted rape of an 11-month-old child and possession of child abuse material. Two of his female accomplices were also sentenced to long prison terms. Despite his musical fame, Watkins’ crimes shocked fans worldwide and led to the disbandment of Lostprophets in 2013. The incident follows a previous assault on him in 2023 amid reports of rising violence inside Wakefield Prison.