അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആരോഗ്യനില അസാധാരണവും മികച്ചതുമാണെന്ന് വൈറ്റ് ഹൗസ്. ട്രംപിന് പ്രായം 79 ആയിരിക്കെ അദ്ദേഹത്തിന്റെ ഹൃദയത്തിന്‍റെ പ്രായം അതിനേക്കാള്‍ 14 വയസ്സ് കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജനുവരിയിൽ യുഎസ് പ്രസിഡന്‍റായി വീണ്ടും അധികാരമേല്‍ക്കുമ്പോള്‍ 79 കാരനായ ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു.
ട്രംപിന്‍റെ ഹൃദയം, ശ്വാസകോശം, നാഡിവ്യൂഹം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ട്രംപിന്‍റെ ഡോക്ടർ ഷോൺ ബാർബബെല്ല പറഞ്ഞത്. മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളും മികച്ചതാണ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിന് നല്‍കിയ റിപ്പോർട്ടിലാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. വരാനിരിക്കുന്ന യാത്രകള്‍ക്കുള്ള തയ്യാറെടുപ്പിനായി ട്രംപ് കൃത്യമായി ആരോഗ്യ പരിശോധനകളും പ്രതിരോധ കുത്തിവയ്പ്പുകളും എടുക്കാറുണ്ട്. ഇൻഫ്ലുവൻസ, കോവിഡ് തുടങ്ങിയ വാക്സിനുകളും അമേരിക്കന്‍ പ്രസിഡന്‍റ് സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ 79 വയസ്സുള്ള ട്രംപിന് 65 കാരന്റെ ഹൃദയമാണുള്ളതെന്നാണ് പരിശോധനയില്‍ പറയുന്നത്. മേരിലാൻഡിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ നടത്തിയ പരിശോധനകളില്‍ ട്രംപിന് 6 അടി, 3 ഇഞ്ച് (190 സെന്റീമീറ്റർ) ഉയരവും 224 പൗണ്ട് (102 കിലോഗ്രാം) ഭാരവുമുണ്ടെന്ന് പറയുന്നു. റെഡ് മീറ്റിനോട് പൊതുവേ കൂടുതല്‍ താല്‍പര്യമുള്ള അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ കൊളസ്ട്രോൾ അളവ് നിയന്ത്രണവിധേയമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗോള്‍ഫ് കളിയോടുള്ള താല്‍പര്യത്തെയും ആരോഗ്യവുമായി ബന്ധപ്പെടുത്തി പ്രശംസിക്കുന്നുണ്ട്.
നേരത്തേ ജൂലൈയില്‍, ട്രംപിന്‍റെ കാലുകളിലെ വീക്കവും വലതുകൈയ്യിലെ ചതവും ചര്‍ച്ചാവിഷയമായിരുന്നു. 70 വയസ്സിനു മുകളിലുള്ളവരിൽ സാധാരണമായി കാണുന്ന 'ക്രോണിക് വീനസ് ഇന്‍സഫിഷ്യന്‍സി' മൂലമാണികെന്ന് അന്ന് പരിശോധനകളില്‍ സ്ഥിരീകരിച്ചിരുന്നു. സ്റ്റാൻഡേർഡ് കാർഡിയോവാസ്കുലാർ പ്രിവൻഷൻ റെജിമെന്റിന്റെ ഭാഗമായി ട്രംപ് ആസ്പിരിൻ ഉപയോഗിക്കുന്നുണ്ട്. ഇതുമൂലമുണ്ടാകുന്ന കോശങ്ങളിലെ പ്രകോപനമാണ് ട്രംപിന്റെ കൈയിലെ ചതവെന്നും ഡോക്ടർ പറഞ്ഞിരുന്നു.
ഇതിന് മുന്‍പ് 2024 ലെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ പ്രചാരണസമയത്തും ട്രംപിന്റെ ആരോഗ്യം വലിയ ചര്‍ച്ചാവിഷയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി തന്നെ താരതമ്യം ചെയ്ത ട്രംപ് താന്‍ കൂടുതല്‍ ‘ഫിറ്റ്’ ആണെന്നാണ് പറഞ്ഞത്. 2020 ൽ, ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹത്തിന് കോവിഡ്-19 ബാധിച്ചിരുന്നു. അന്ന് ട്രംപിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പരസ്പരവിരുദ്ധവും അവ്യക്തവുമായ പ്രസ്താവനകളാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയിരുന്നത്.