അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ആക്രമണം നടത്തി പാക്കിസ്ഥാന്‍. തെഹ്‌രീകെ താലിബാൻ പാകിസ്ഥാന്‍റെ (പാക്ക് താലിബാന്‍) കാബൂളിലെ പരിശീലന ക്യാമ്പുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. താലിബാന്‍ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്തഖി ഇന്ത്യ സന്ദര്‍ശനം നടത്തുന്ന വേളയിലാണ് ആക്രമണം എന്നതാണ് ശ്രദ്ധേയം.
കാബൂളിന് സമീപം ഷാഹിദ് അബ്ദുൾ ഹഖ് സ്ക്വയറിലാണ് പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്. പാക്ക് താലിബാന്‍ തലവന്‍ നൂര്‍ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 2018 മുതല്‍ പാക്ക് താലിബാനെ നയിക്കുന്നത് നൂര്‍ വാലി മെഹ്സൂദാണ്. അതേസമയം, ആക്രമണത്തില്‍ 30 പാക്ക് താലിബാന്‍ ഭീകരരെ കൊലപ്പെടുത്തിയതായി പാക്കിസ്ഥാന്‍ സൈന്യം അവകാശപ്പെട്ടു.
മെഹ്സൂദിന്‍റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പാക്കിസ്ഥാന്‍റെ അവകാശവാദം. ഒക്ടോബര്‍ ഏഴിന് പാക്ക്– അഫ്ഗാന്‍ അതിര്‍ത്തിയില്‍ 11 പാക്ക് സൈനികരുടെ ജീവനെടുത്ത ആക്രമണത്തില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. മെഹ്സൂദ് കൊല്ലപ്പെട്ടെന്ന പാക്ക് മാധ്യമ വാര്‍ത്തയ്ക്ക് പിന്നാലെ താന്‍ സുരക്ഷിതനാണെന്ന് പറയുന്ന ഓഡിയോ സന്ദേശം മെഹ്സൂദ് പുറത്തുവിട്ടു.
പാക്ക് താലിബാന് പണവും ആയുധവും നല്‍കുന്നത് അഫ്ഗാനിസ്ഥാനാണെന്നാണ് പാക്കിസ്ഥാന്‍റെ വാദം. പാക്ക് പ്രതിരോധ മന്ത്രി ഖാജ ആസിഫ് അഫ്ഗാന്‍ താലിബാന് മുന്നറിയിപ്പ് നല്‍കി 24 മണിക്കൂറിന് ശേഷമാണ് ആക്രമണം നടന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനെ ലക്ഷ്യമിട്ടുള്ള തീവ്രവാദി ആക്രമണത്തില്‍ ക്ഷമ നശിച്ചതായി ദേശീയ അസംബ്ലിയിൽ ആസിഫ് പറഞ്ഞു. അഫ്ഗാന്‍ സര്‍ക്കാറുമായി വര്‍ഷങ്ങളോളം ചര്‍ച്ച നടത്തിയിട്ടും പാക്കിസ്ഥാനിലെ രക്തചൊരിച്ചില്‍ അവസാനിച്ചില്ല. ദിവസേനെ സൈനികരുടെ ശവസംസ്‌കാരം നടക്കുന്നു. അഫ്ഗാൻ അഭയാർത്ഥികളെ സ്വീകരിച്ചതിന്‍റെ വില രക്തം കൊണ്ട് നല്‍കുന്നു എന്നും ആസിഫ് പറഞ്ഞു.
അതേസമയം ഇന്ത്യയിലെത്തിയ താലിബാന്‍ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്താഖി വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. കാബൂളിലെ ഇന്ത്യൻ എംബസി വീണ്ടും തുറക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. നിലവിൽ ടെക്നിക്കൽ മിഷനാണ് ഇന്ത്യയ്ക്ക് അഫ്ഗാനിലുള്ളത്. താലിബാൻ ഭരണം പിടിച്ചതോടെയാണ് ഇന്ത്യ എംബസി അടച്ചുപൂട്ടിയത്.
താലിബാൻ ഭരണകൂടത്തെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. യുഎൻ സുരക്ഷാ കൗൺസിൽ യാത്രാ ഇളവ് അനുവദിച്ചതിനെത്തുടർന്നാണ് ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തിയത്. നയതന്ത്ര, സാമ്പത്തികബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം. ആദ്യമായാണ് അമിര്‍ ഖാന്‍ മുത്തഖി ഇന്ത്യയിലെത്തുന്നത്.