ഫിലിപ്പീൻസിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പിന്നാലെ സുനാമി മുന്നറിയിപ്പും. മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ നിർദേശവും നൽകിയിട്ടുണ്ട്. മിൻഡാനാവോയിലെ ഡാവോ ഓറിയന്‍റലിലെ മനായ് പട്ടണത്തിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. തുടർചലനങ്ങളും ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
മുൻകരുതൽ എന്ന നിലയിൽ മധ്യ, തെക്കൻ ഫിലിപ്പീൻസിലെ തീരപ്രദേശങ്ങളിലെ താമസക്കാരോടാണ് ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 186 മൈൽ ചുറ്റളവിൽ വരെ അപകടകരമായ തിരമാലകൾ ഉണ്ടാകാമെന്ന് ഹവായിയിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഫിലിപ്പൈൻ തീരപ്രദേശങ്ങളില്‍ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം, നിലവില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭൂചലനം ഉണ്ടായതിന് പിന്നാലെ പരിഭ്രാന്തരായ ആളുകളുടെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടാഗം സിറ്റി ദാവോ ആശുപത്രിയില്‍ നിന്നുള്ള ഒരു വിഡിയോയിൽ രോഗികളും ജീവനക്കാരും പരിഭ്രാന്തരായി ഓടുന്നത് കാണാം. ഒരു മത്സ്യ വളർത്തൽ കേന്ദ്രത്തിൽ നിന്നുള്ള മറ്റൊരു ദൃശ്യത്തിൽ, പാത്രങ്ങളിലെയും ബക്കറ്റുകളിലെയും വെള്ളം ശക്തമായി കുലുങ്ങുന്നതും കാണാം.
ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി, പപ്പുവ പ്രദേശങ്ങളിലാണ് മുൻകരുതൽ എന്ന നിലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തീരപ്രദേശങ്ങളില്‍ 50 സെന്റിമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഫിലിപ്പീൻസിൽ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമായ, സെബുവിലെ ഭൂചലനത്തിന് പിന്നാലെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്. സെബുവിലെ ഭൂചലനത്തില്‍ 72 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.