ഗുണ്ടാനേതാവ് എന്നത് ലോറൻസ് ബിഷ്നോയ് ഏവർക്കും മുന്നിൽ അഭിമാനത്തോടെ എടുത്തുകാണിക്കുന്ന തിരിച്ചറിയൽ കാർഡാണ്. പഞ്ചാബിലും, ഹരിയാനയിലും രാജ്യാന്തര അതിര്‍ത്തികള്‍ കടന്ന് പടര്‍ന്നു കയറിയ ലോറന്‍സ് ബിഷ്നോയിയുടെ സംഘം ഇന്ന് വെറുമൊരു ഗുണ്ടാഗാങ് അല്ല. കള്ളന്‍മാരും കൊള്ളക്കാരും കൊലപാതകികളുമടങ്ങുന്ന ഭീകരസംഘമാണ്. പൊറുതിമുട്ടി കാനഡ ഈ സംഘത്തെ നിരോധിക്കുമ്പോൾ ശരിക്കും നാണം കെട്ടത് ഇന്ത്യകൂടിയാണ്. ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ ഇന്ത്യയും ഈ സംഘത്തെ ഉപയോഗിച്ചെന്ന ആക്ഷേപം കൂടി മുന്‍നിര്‍ത്തിയാണ് നിരോധനം. മാത്രമല്ല ഈ സംഘത്തിന്‍റെ നേതാവ് ലോറന്‍സ് ബിഷ്നോയി ഗുജറാത്തിലെ സബര്‍മതി അതീവ സുരക്ഷാജയിലിലാണ് കഴിഞ്ഞ 11വര്‍ഷമായി ഉള്ളത്.
പൊലീസ് കരുതിയത് പോലെ, ലോറന്‍സ് ബിഷ്‌നോയിയെ കൂട്ടിലടച്ചതുകൊണ്ടു മാത്രം അയാളുടെ സംഘത്തെ അടക്കിനിർത്താനാവില്ല. ആളുകളെ ഭയപ്പെടുത്തുക എന്നതായിരുന്നു ആ സംഘത്തിന്‍റെ പ്രാഥമിക ലക്ഷ്യം. സൽമാൻ ഖാനെ ഭീഷണിപ്പെടുത്തുകയും കൃഷ്ണമൃഗത്തെ കൊന്നതിന് പ്രതികാരം പ്രഖ്യാപിക്കുകയും ചെയ്യുക വഴി അവരത് നേടുകയും ചെയ്തു. ഇന്ന് ഈ സംഘത്തിന്‍റെ വേരുകള്‍ രാജ്യാന്തര തലത്തില്‍ വ്യാപിച്ചിരിക്കുന്നു. ആദ്യമായാണ് ഒരു രാജ്യം ക്രിമിനൽ സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത്. കാനഡയുടെ ഈ പ്രഖ്യാപനം ഇടയ്ക്ക് ഉലച്ചിൽ തട്ടിയ ഇന്ത്യ കാനഡ ബന്ധത്തെ വീണ്ടും ബാധിക്കുമോ? അതാണ് കാത്തിരുന്ന് കാണേണ്ടത്.
ബിഷ്നോയിയുടെ കഥ അധോലോകത്തു നിന്നോ ചേരികളിൽ നിന്നോ അല്ല ആരംഭിച്ചത്. ഹരിയാനയിലെ ഒരു പൊലീസ് കോൺസ്റ്റബിളിന്‍റെ മകനായി ജനിച്ച് കോൺവന്‍റ് സ്‌കൂളിൽ വിദ്യാഭ്യാസം നേടിയ കുട്ടിയാണ് പിന്നീട് രാജ്യാന്തര ക്രിമിനലായി വളർന്നത്. രമേഷ് -സുനിത ബിഷ്നോയി ദമ്പതികൾക്ക് ജനിച്ച 'ബാൽക്കരൺ ബ്രാർ' എന്ന കുഞ്ഞ് എങ്ങനെ ലോറൻസ് ബിഷ്നോയ് ആയി എന്നു ചോദിച്ചാൽ ഉത്തരങ്ങള്‍ പലതാണ്.
പഞ്ചാബിൽ ഫിറോസ്പൂര്‍ ജില്ലയിലെ ദുതരൻവാലി ഗ്രാമത്തിൽ ജനിച്ച ബിഷ്നോയ് 2010 ൽ പഞ്ചാബ് സര്‍വകലാശാലയില്‍ നിയമപഠനത്തിന് ചേര്‍ന്നതോടെ കഥമാറി. കലുഷിതമായ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ആ യുവാവ് ആകൃഷ്ടനായി. കൈക്കരുത്തും ആയുധശേഷിയുമുണ്ടെങ്കില്‍ എവിടെയും ആധിപത്യം നേടാമെന്നതായിരുന്നു ബിഷ്നോയ് അവിടെ പഠിച്ച പാഠം. ക്രിമനല്‍ സാഹചര്യങ്ങളിലക്ക് വഴുതിയ ബിഷ്നോയ് അങ്ങിനെ സ്വഭാവദൂഷ്യങ്ങളുടെ കൂടാരമായി മാറി. ഗുണ്ടാ നേതാവിലേക്കുള്ള ബിഷ്നോയിയുടെ വളര്‍ച്ച അവിടെ തുടങ്ങുന്നു.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിലും പിന്നാലെ ലുധിയാന മുനിസിപ്പൽ തിരഞ്ഞെടുപ്പിലുമുണ്ടായ കൊലപാതകങ്ങളിൽ ബിഷ്നോയിയുടെ പങ്ക് ആരോപിക്കപ്പെട്ടു. രാജസ്ഥാൻ പൊലീസുമായുണ്ടായ ഒരു ഏറ്റുമുട്ടലിനിടെ 2014-ൽ ബിഷ്നോയ് അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനോടകം ബിഷ്നോയ് സംഘം ശക്തി പ്രാപിച്ചുകഴിഞ്ഞിരുന്നു. അധോലോകബന്ധമുള്ള റോക്കി എന്ന രാഷ്ട്രീയനേതാവിനെ വധിച്ചതിലും ഈ സംഘത്തിൻ്റെ ബന്ധം ആരോപിക്കപ്പെട്ടു. പിന്നാലെ അയാളെ തിഹാർ ജയിലിലേയ്ക്ക് മാറ്റി. ജയിലിനുള്ളിൽനിന്നാണ് അയാള്‍ 700-ലധികം അംഗങ്ങളുള്ള തന്‍റെ ഭീകര ശൃംഖലയെ വളർത്തിയെടുത്തത്. എന്നു മാത്രമല്ല, ജയിലിൽ കഴിഞ്ഞുകൊണ്ട് തന്നെ ലോറന്‍സ് ബിഷ്നോയ് സമൂഹ മാധ്യമങ്ങളുപയോഗിച്ച് ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയിരുന്നതായി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) കണ്ടെത്തി.
ക്രിമിനൽ ഗൂഢാലോചന, കൊള്ള, കൊലപാതകം, ഭീകരപ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ കുറ്റങ്ങളാണ് ഇപ്പോൾ സബർമതി ജയിലിൽ കഴിയുന്ന ഈ സംഘത്തലവനുമേൽ ചുമത്തിയിട്ടുള്ളത്. 2024 ഒക്ടോബർ 12 ന് നടന്ന എൻസിപി നേതാവ് ബാബ സിദ്ദിഖിന്‍റെ കൊലപാതകം ബിഷ്‌ണോയിയുടെ നിർദ്ദേശപ്രകാരമാണെന്ന് പോലീസ് കരുതുന്നു. തൻ്റെ സംഘത്തെ വളർത്താൻ ബിഷ്നോയ് സമൂഹമാധ്യമങ്ങളെ യഥേഷ്ടം ഉപയോഗിച്ചു, യുവാക്കളെ തൻ്റെ സംഘത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ഗ്രൂപ്പിന്‍റെ ക്രിമിനൽ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങളും ഫോട്ടോകളും തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തു.
2023-ൽ കാനഡയിലെ സറേയിൽ വെടിയേറ്റു മരിച്ച ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകം മാത്രമല്ല, സ്വന്തം മണ്ണിലെ സിഖ് വിഘടനവാദികളെയെല്ലാം ലക്ഷ്യമിട്ടതിൽ ബിഷ്നോയിക്ക് പങ്കുണ്ടെന്ന് കനേഡിയൻ അധികൃതർ കഴിഞ്ഞ വർഷം ആരോപിച്ചിരുന്നു. ഗോൾഡി ബ്രാർ എന്ന പേരുള്ള സതീന്ദർജിത് സിങ് ആണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വിയോജിക്കുന്ന കാനഡിയന്‍ പൗരന്‍മാരെ ഇല്ലായ്മ ചെയ്യാൻ ഇന്ത്യൻ ഏജൻസികൾ "ലോറൻസ് ബിഷ്നോയ് സംഘത്തെപ്പോലുള്ള ക്രിമിനൽ സംഘടനകളെ" ഉപയോഗിക്കുന്നുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. കാനഡയില്‍ നിന്ന് ഇന്ത്യക്കെതിരെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും കനേഡിയന്‍ പൗരനായ നിജ്ജറിനെ വധിക്കാൻ ഇന്ത്യക്ക് എന്ത് അവകാശമെന്നായിരുന്നു ട്രൂഡോ ചോദിച്ചത്. നിജ്ജറിന്‍റെ കൊലപാതകത്തില പങ്ക് ഇന്ത്യ ആവർത്തിച്ച് നിഷേധിച്ചെങ്കിലും കാനഡ അത് വിശ്വസിക്കാൻ തയാറല്ലായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ലോറന്‍സ് ബിഷ്നോയ് സംഘത്തെ കാനഡ നിരോധിച്ചതും ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ചതും.
നേതാവ് കഴിഞ്ഞ 11 വർഷമായി ജയിലിലാണെങ്കിലും ബിഷ്നോയ് ഗാങ്ങിൻ്റെ പ്രതാപം നാൾക്കുനാൾ വർധിച്ചു വരികയാണ്. അത് യൂറോപ്പിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്. റാപ്പർ സിദ്ദു മൂസ വാലയുടെ കൊലപാതം, കാനഡിയന്‍ നഗരങ്ങളിൽ നടക്കുന്ന കൊള്ള, കൊള്ളിവയ്പ്, അക്രമം എന്നിവയിലെല്ലാം ഈ സംഘത്തിനു കൈയുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ലോറൻസ് ബിഷ്നോയിയെ മുന്നിൽ നിർത്തി ഈ കൊലപാതകങ്ങളൊക്കെ ആസൂത്രണം ചെയ്യുന്നത് ജയിലിനു പുറത്തുള്ള ഗോൾഡി ബ്രാർ സംഘമാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരൻ ആൻമോൾ ഉൾപ്പെട്ട കേസിൽ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന് ആരോപിച്ച് ഗാങ്ങിൽനിന്ന് ഗോൾഡി ബ്രാർ പുറത്തായെങ്കിലും ഇപ്പോഴും അവർ തമ്മിലുള്ള ബന്ധം നിലനിൽക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ വിശ്വസിക്കുന്നത്.