രണ്ട് വര്‍ഷമായി തുടരുന്ന ഹമാസ്-ഇസ്രയേല്‍ യുദ്ധത്തിന് താല്‍കാലിക പരിഹാരം തെളിയുകയാണ്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ ആയിരത്തിലേറെ പൗരന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍, കുട്ടികള്‍ ഉള്‍പ്പടെ എഴുപതിനായിരത്തോളം പേരുടെ ജീവനെടുത്താണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. എവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം? ആരാണ് ഹമാസ്? പോരാട്ടങ്ങളുടെ ചരിത്രം ഇങ്ങനെ.
ഇസ്രയേലിന്റെ രൂപീകരണം, ഹമാസിന്റെയും
അറബ് പലസ്തീനികളും ജൂതന്‍മാരും താമസിച്ചു വന്നിരുന്ന ഭൂമിയില്‍ 1948 ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം രൂപീകൃതമായി. ഇതിനുപിന്നാലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. പലസ്തീനികള്‍ക്ക് ജന്‍മനാട് വിട്ടുപോകേണ്ടി വന്നു. ഗാസ മുനമ്പില്‍ ആയിരങ്ങള്‍ അഭയം തേടി. 1967ല്‍ ആറുദിന യുദ്ധത്തിനൊടുവില്‍ ഇസ്രയേല്‍ ഗാസ മുനമ്പ് പിടിച്ചെടുത്തു.
1987 ഡിസംബറില്‍ ഷെയ്ഖ് അഹമ്മദ് യാസിനാണ് ഹമാസ് എന്ന സായുധ പലസ്തീന്‍ സംഘത്തിന് തുടക്കമിട്ടത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ അനുബന്ധ സംഘടനയായിട്ടാണ് തുടക്കത്തില്‍ ഹമാസ് പ്രവര്‍ത്തിച്ചു വന്നത്. ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്‌മെന്റ് എന്നാണ് ഹമാസ് എന്ന വാക്കിന്റെ ഇംഗ്ലീഷ് അര്‍ഥം. എന്നാല്‍ 1967ല്‍ ഗാസ മുനമ്പും വെസ്റ്റ് ബാങ്കും ഇസ്രയേല്‍ കൈയടക്കിയത് മുതല്‍ ഹമാസ് എന്ന പേരില്ലാതെ സംഘടിതമായി ഈ ഗ്രൂപ്പ് നിലനിന്നിരുന്നുവെന്നാണ് കരുതുന്നത്. ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ക്ലിനിക്കുകളുടെയും സ്‌കൂളുകളുടെയും നടത്തിപ്പിലുമെല്ലാം അവര്‍ സജീവമായിരുന്നു. ഔദ്യോഗികമായി രൂപീകൃതമായതിന്റെ തൊട്ടടുത്ത വര്‍ഷം ഇസ്രയേലി അധിനിവേശത്തില്‍ നിന്ന് പലസ്തീനെ മോചിപ്പിക്കേണ്ടത് എല്ലാ മുസ്ലിംകളുടെയും മതപരമായ കടമയാണെന്ന് ഹമാസ് പ്രഖ്യാപിച്ചു.
ആക്രമണത്തിന്റെ ചരിത്രം
1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം. ഇസ്രയേലിന്റെ രണ്ട് സൈനികരെ പിടികൂടി ഹമാസ് വധിച്ചതോടെ ഹമാസ് സ്ഥാപകനും പലസ്തീനികളുടെ ആത്മീയ ആചാര്യനുമായ ഷെയ്ഖ് യാസിനെ ഇസ്രയേല്‍ പിടികൂടി. പിന്നീട് 1997ലാണ് യാസിന്‍ പുറംലോകം കാണുന്നത്. ഹമാസിന്റെ രാഷ്ട്രീയകാര്യത്തലവന്‍ ഖാലിദ് മെഷാലിനെ വധിക്കാന്‍ ശ്രമിച്ച രണ്ട് മൊസാദ് ഏജന്റുമാരെ വിട്ടയച്ചതിന് പകരമായിരുന്നു യാസിന്റെ മോചനം.
Smoke rises during an Israeli military operation in Gaza City, as seen from the central Gaza Strip, September 28, 2025. REUTERS/Dawoud Abu Alkas TPX IMAGES OF THE DAY
1993 - വര്‍ഷങ്ങള്‍ നീണ്ട രക്തച്ചൊരിച്ചിലിനൊടുവില്‍ ഇസ്രയേലും പലസ്തീനും തമ്മില്‍ ആദ്യ സമാധാനകരാര്‍ നിലവില്‍ വന്നു. ഓസ്ലോ കരാറിനെ പക്ഷേ ഹമാസ് അംഗീകരിച്ചില്ല. 1995ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റാബിനെ വധിച്ചും ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയും ഹമാസ് സമാധാനക്കരാര്‍ അട്ടിമറിച്ചു.
2000 - യുഎസ് മുന്‍കൈയെടുത്ത് 2000ത്തില്‍ സമാധാനശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലവത്തായില്ല. രണ്ട് മാസം കഴിഞ്ഞ് അന്നത്തെ ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് ഏരിയല്‍ ഷാരോണ്‍ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ മോസ്‌ക് സന്ദര്‍ശിച്ചതോടെ പലസ്തീന്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. ഇരു കൂട്ടരും പവിത്രമെന്ന് കരുതിപ്പോരുന്ന അല്‍ അഖ്‌സയാണ് രണ്ടാം ഏറ്റുമുട്ടലിന് പശ്ചാത്തലമായത്.
2001 ജൂണ്‍ 21 ന് ടെല്‍ അവീവില്‍ 21 ഇസ്രയേലികളെയും 2022 മാര്‍ച്ചില്‍ 30 പേരെയും ചാവേര്‍ ആക്രമണങ്ങളിലൂടെ ഹമാസ് വധിച്ചു. നാലുമാസങ്ങള്‍ക്കിപ്പുറം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക കമാന്‍ഡര്‍ സലാ ഷെഹദേ കൊല്ലപ്പെട്ടു. റാമല്ലയില്‍ യാസര്‍ അറാഫത്ത് താമസിച്ചിരുന്ന പ്രദേശത്തിനും ഇസ്രയേല്‍ ഉപരോധം തീര്‍ത്തു.
2004 മാര്‍ച്ച്-ഏപ്രില്‍ ഹമാസ് സ്ഥാപകനും ആത്മീയ നേതാവുമായ ഷെയ്ഖ് അഹമ്മദ് യാസിനെയും സഹസ്ഥാപകന്‍ അബ്ദല്‍ അസീസ് അല്‍ റാന്റിസിയെയും ഒരു മാസത്തെ ഇടവേളയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ വധിച്ചു. ഇതിന് പിന്നാലെ ഹമാസിന്റെ ഉന്നത നേതാക്കളെല്ലാം രഹസ്യകേന്ദ്രങ്ങളിലേക്ക് മാറി.
2005 ഓഗസ്റ്റ് 15- ഗാസ മുനമ്പിലെ സെറ്റില്‍മെന്റുകളില്‍ നിന്ന് ഇസ്രയേല്‍ ഏകപക്ഷീയമായി പിന്‍മാറി.
2006 ല്‍ പലസ്തീന്‍ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടി. ഗാസയുടെ നിയന്ത്രണം ഹമാസിനായതോടെ ഇസ്രയേലും യുഎസും പലസ്തീനികള്‍ക്ക് നല്‍കിയിരുന്ന സഹായങ്ങള്‍ പൂര്‍ണമായും നിര്‍ത്തി. ഉപരോധ സമാനമായ നീക്കത്തിന് പിന്നാലെ ഇസ്രയേലി സൈനികനായ ഗിലാദ് ഷാലിറ്റിനെ ഹമാസ് അതിര്‍ത്തി കടന്നെത്തി ബന്ദിയാക്കി കൊണ്ടുപോയി. നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി സൈന്യത്തിലെത്തിയതായിരുന്നു ഷാലിറ്റ്. ഇതോടെ ഇസ്രയേല്‍ വ്യോമാക്രമണം രൂക്ഷമാക്കി. അഞ്ചുവര്‍ഷത്തിന് ശേഷം, പലസ്തീന്‍ തടവുകാരെ വിട്ടയച്ചതിന് പകരമായാണ് ഷാലിറ്റിനെ ഹമാസ് മോചിപ്പിച്ചത്.
ആഭ്യന്തര കലാപത്തിനൊടുവില്‍ ഗാസയുടെ നിയന്ത്രണം 2007 ജൂണ്‍ 14 ന് ഹമാസ് പൂര്‍ണമായും ഏറ്റെടുത്തു. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ അര്‍ധ സൈനിക വിഭാഗമായ ഫത്തായെ വെസ്റ്റ് ബാങ്കില്‍ നിന്നും പുറത്താക്കുകയും ചെയ്തു. സമാധാനത്തില്‍ പോകുന്നുവെന്ന് തോന്നിപ്പിച്ച ഗാസ ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും വെടിയൊച്ചകള്‍ കൊണ്ട് നിറഞ്ഞു. തെക്കന്‍ ഇസ്രയേല്‍ നഗരമായ സ്‌തെറോദിലേക്ക് പലസ്തീനില്‍ നിന്നും റോക്കറ്റ് ആക്രമണം ഉണ്ടായതായിരുന്നു പ്രകോപനം. 22 ദിവസമാണ് ഇസ്രയേലിന്റെ ആക്രമണം നീണ്ടുനിന്നത്. 1400 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായി. പ്രത്യാക്രമണത്തില്‍ 13 ഇസ്രയേലികളും കൊല്ലപ്പെട്ടു. പിന്നാലെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു.
നാലു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇസ്രയേല്‍ ഹമാസിന് നേരെ രൂക്ഷമായ ആക്രമണം നടത്തി 2012 നവംബര്‍ 14 ന് ഹമാസിന്റെ സൈനികത്തലവനായ അഹമ്മദ് ജബാരിയെ ഇസ്രയേല്‍ വധിച്ചു. ഇത് എട്ടു ദിവസത്തെ സംഘര്‍ഷത്തിനാണ് വഴിവച്ചത്.
2014ല്‍ ഹമാസ് ഇസ്രയേലില്‍ നിന്ന് മൂന്ന് കൗമാരക്കാരെ പിടിച്ചുകൊണ്ടുപോയതിനെ തുടര്‍ന്ന് ഏഴുദിവസത്തെ യുദ്ധമുണ്ടായി. 2100 പലസ്തീനികള്‍ക്കും 73 ഇസ്രയേലികള്‍ക്കും ജീവന്‍ നഷ്ടമായി. ഇതില്‍ 67 പേരും സൈനികരായിരുന്നു. ഗാസയില്‍ ഇസ്രയേലിന്റെ ഉപരോധത്തിനെതിരെ പലസ്തീനികള്‍ നേരിട്ടിറങ്ങുന്ന സ്ഥിതിയാണ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഉണ്ടായത്. 2018 മാര്‍ച്ചില്‍ നടന്ന ഈ പ്രതിഷേധം ഏഴുമാസം നീണ്ടു. ഇതില്‍ 170ലേറെ പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായി. സാധാരണ പൗരന്‍മാര്‍ കൊല്ലപ്പെട്ടതോടെ ഹമാസ് ഇസ്രയേലിനുനേരെ അതിരൂക്ഷമായ ആക്രമണം ആരംഭിച്ചു.
ജൂതന്‍മാരെപ്പോലെ മുസ്ലിംകളും പുണ്ടഭൂമിയെന്ന് കരുതിപ്പോരുന്നയിടമാണ് അല്‍ അഖ്‌സ. മക്കയും മദീനയും പോലെ തുല്യ പ്രാധാന്യമുള്ളയിടം. 2021 ല്‍ അല്‍ അഖ്‌സയെ ചൊല്ലി കലഹം രൂക്ഷമായി. നിയമയുദ്ധത്തില്‍ എട്ട് പലസ്തീന്‍ കുടുംബങ്ങള്‍ക്ക് കിഴക്കന്‍ ജെറുസലേമിലെ ഭൂമി നഷ്ടമായി. ഇതിന് പിന്നാലെ അല്‍ അഖ്‌സയുടെ വളപ്പില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറണമെന്ന് ഹമാസ് ആവശ്യമുയര്‍ത്തി. ഇസ്രയേല്‍ വിസമ്മതിച്ചതോടെ ഹമാസ് റോക്കറ്റാക്രമണം നടത്തി. വ്യോമാക്രമണത്തിലൂടെയായിരുന്നു ഇസ്രയേലിന്റെ തിരിച്ചടി. ഗാസയിലെ തെരുവുകളില്‍ രക്തംപുരണ്ടു. പ്രാണഭയത്തില്‍ ജനം പുറത്തിറങ്ങാന്‍ പോലും കൂട്ടാക്കിയില്ല. ജനങ്ങള്‍ തിങ്ങിപ്പാര്‍ത്ത 13 നില പാര്‍പ്പിട സമുച്ചയം ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നിലംപൊത്തി. സമാധാനശ്രമങ്ങള്‍ക്ക് യുഎസ് ശ്രമിച്ചുവെങ്കിലും ഇസ്രയേല്‍ വീണ്ടും ഹമാസ് തലവന്‍മാരിലൊരാളെ വധിച്ചതോടെ ആ പ്രതീക്ഷയും അകന്നു. ഒടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹമാസ് നടത്തിയ മിന്നലാക്രമണം ഇതുവരെ കണ്ടിട്ടില്ലാത്ത ആള്‍നാശം പലസ്തീനിലുണ്ടാക്കി.
സമാധാനമെന്ന വാക്ക് പതിറ്റാണ്ടുകളായി ഗാസയ്ക്ക് അന്യമാണ്. അതുകൊണ്ടുതന്നെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് നിലവില്‍ വന്നിരിക്കുന്ന സമാധാനക്കരാറിനെ പ്രതീക്ഷയോടും അത്രതന്നെ ആശങ്കയോടുമാണ് അവര്‍ ഉറ്റുനോക്കുന്നത്. കരാര്‍ പ്രകാരം ജീവനോടെ ശേഷിക്കുന്നവരില്‍ 20 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം ഇസ്രയേല്‍ തടവിലാക്കിയിരിക്കുന്ന 2000 പലസ്തീനികളും മോചിതരാകും. ഉടമ്പടി നിലവില്‍ വന്ന് 72 മണിക്കൂറിനകം ബന്ദികളുടെ കൈമാറ്റം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. ബോംബുകള്‍ക്കും മിസൈലുകള്‍ക്കും പകരം സമാധാനത്തിന്റെ പുലരികള്‍ ഗാസയില്‍ നിറയുന്നത് കാത്തിരിക്കുകയാണ് ലോകം.