Image Credit: Google Earth
അറബിക്കടലില്‍ തുറമുഖം നിര്‍മിക്കാന്‍ അമേരിക്കയെ അനുവദിക്കാമെന്ന മോഹന വാഗ്ദാനവുമായി പാക്കിസ്ഥാന്‍. ധാതു സമ്പുഷ്ട നഗരമായ പസ്നിയുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ തുറമുഖം നിര്‍മിച്ച് പ്രവര്‍ത്തനം നടത്താന്‍ അമേരിക്കന്‍ നിക്ഷേപകരെ ക്ഷണിച്ച് അസിം മുനീറിന്‍റെ ഉപദേശകരാണ് യുഎസ് ഉദ്യോഗസ്ഥരെ സമീപിച്ചതെന്ന് ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനും ഇറാനുമായും അതിര്‍ത്തി പങ്കിടുന്ന ഗ്വാദര്‍ ജില്ലയിലാണ് പസ്നി നഗരം. ഇവിടേക്ക് അറബിക്കടലോര തുറമുഖത്ത് നിന്നും റെയില്‍പാത നിര്‍മിക്കുകയാണ് പാക് ലക്ഷ്യം. സെപ്റ്റംബറില്‍ ഷഹബാസ് ഷെരീഫുമൊത്ത് യുഎസ് പ്രസിഡന്‍റിനെ കണ്ടപ്പോള്‍ ഇക്കാര്യമടക്കം ചര്‍ച്ചയായെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
കൃഷി, ടെക്നോളജി, മൈനിങ്, എനര്‍ജി സെക്ടര്‍ എന്നീ മേഖലകളിലാണ് പാക്കിസ്ഥാന്‍ പുതിയ വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. തുറമുഖം നിര്‍മിക്കാന്‍ അനുവദിക്കാമെന്നും എന്നാല്‍ യുഎസിന്‍റെ സൈനിക ബേസ് ആക്കാന്‍ അനുവദിക്കില്ലെന്നുമാണ് പാക് നിലപാട്. എന്നാല്‍ പാക് വാഗ്ദാനത്തോട് വൈറ്റ് ഹൗസ് ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രതികരണം തേടിയെങ്കിലും സ്ഥിരീകരിക്ാകന്‍ യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റോ വൈറ്റ് ഹൗസോ. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയമോ തയാറായിട്ടില്ല.
പാക്കിസ്ഥാന്‍റെ എണ്ണപ്പാടങ്ങള്‍ വികസിപ്പിക്കുന്നതിനായി അമേരിക്കന്‍ സഹായം ലഭ്യമാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ കരാര്‍ അനുസരിച്ച് പാക്കിസ്ഥാനുള്ള ഇറക്കുമതിത്തീരുവ 19 ശതമാനമായാണ് നിശ്ചയിച്ചത്. പകരം പാക്കിസ്ഥാനിലെ എണ്ണപ്പാടങ്ങളുടെ വികസനത്തില്‍ യുഎസ് പങ്കാളിത്തം അനുവദിക്കുകയും ചെയ്യും. പാക്കിസ്ഥാനുമായി പ്രതിവര്‍ഷം 10.1 ബില്യണ്‍ ഡോളറിന്‍റെ സാധന സേവന വ്യാപാരം നടക്കുന്നുവെന്നാണ് 2024 െല കണക്ക്.
ജോ ബൈഡന്റെ ഭരണകാലത്ത് , താലിബാനും ഭീകര സംഘടനകളുമായുള്ള ബന്ധം കണക്കിലെടുത്ത് പാക്കിസ്ഥാനെ ഒരു കയ്യകലത്തിലാണ് നിര്‍ത്തിയിരുന്നത്. എന്നാല്‍ ട്രംപാവട്ടെ ഏഷ്യയിലേക്കുള്ള സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ പാക്കിസ്ഥാനോട് തുറന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മേയിലെ ഇന്ത്യ–പാക് സംഘര്‍ഷത്തിന് തൊട്ടുമുന്‍പാണ് പാക്കിസ്ഥാനുമായി ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ ട്രംപിന്‍റെ കുടുംബാംഗം ഒപ്പുവച്ചത്. വൈറ്റ് ഹൗസുമായി അടുത്ത ബന്ധമാണ് ഷഹബാസ് ഷെരീഫിനും അസിം മുനീറിനും നിലവിലുള്ളത്. സമാധാനത്തിന്‍റെ മനുഷ്യനെന്നാണ് ട്രംപിനെ ഷഹബാസ് ഷെരീഫ് വിശേഷിപ്പിച്ചത്.