Image Credit : Facebook/Twitter
യുഎസില്‍ മൃഗവേട്ടയ്ക്കിടെ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാർസൺ റയാൻ എന്ന 17കാരനാണ് തലയ്ക്ക് പിന്നില്‍ വെടിയേറ്റ് മരിച്ചത്. യുഎസിലെ ബ്രൈറ്റണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കായിക താരവും വേട്ടയാടലില്‍ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിയുമായിരുന്നു കാർസൺ റയാൻ എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റയാനൊപ്പമുണ്ടായിരുന്ന സംഘത്തിലെ ഒരാളില്‍ നിന്ന് തന്നെയാണ് അബദ്ധത്തില്‍ റയാന് വെടിയേറ്റത്.
കഴിഞ്ഞ ശനിയാഴ്ച്ചാണ് അണ്ണാനെപ്പോലുളള ചെറുജീവികളെ വേട്ടയാടാന്‍ റയാനും സംഘവും ഉള്‍ക്കാട്ടിലേക്ക് പുറപ്പെട്ടത്. വേട്ടക്കിടെ റയാന്‍റെ സംഘത്തിലെ ഒരംഗം മരങ്ങൾക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിർക്കുകയായിരുന്നു. എന്നാല്‍ വെടിയുണ്ട ചെന്നുതറച്ചതാകട്ടെ റയാന്‍റെ തലയ്ക്ക് പിന്നിലും. ഉടൻതന്നെ അടിയന്തര ചികിത്സ നൽകി റയാനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ പരുക്ക് ഗുരുതരമായതിനാല്‍ റയാന്‍റെ ജീവന്‍ തിരികെപ്പിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. അധികം വൈകാതെ തന്നെ റയാന്‍ മരണത്തിന് കീഴടങ്ങി. അതേസമയം റയാന്‍റെ മരണത്തില്‍ ദുരൂഹതകളില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വേട്ടക്കിടെ സംഭവിച്ച കയ്യബന്ധമാണ് ദുരന്തത്തില്‍ കലാശിച്ചെന്നും തെളിവുകള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും റയാന്‍റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വേട്ടക്കാർക്കുള്ള ഓർമപ്പെടുത്തലായി വന്യജീവി ഉദ്യോഗസ്ഥർ ഈ സംഭവത്തെ ചൂണ്ടികാട്ടി. സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കാതെ വേട്ടയാടുമ്പോൾ ഇത്തരം അപകടങ്ങള്‍ സംഭവിക്കാമെന്നും അധികൃതര്‍ പറയുന്നു.