This aerial shot taken with a drone shows the rubble of a building that collapsed at the compound of an Islamic boarding school in Sidoarjo, East Java, Indonesia, Tuesday, Sept. 30, 2025. (AP Photo/Trisnadi)
ഇന്തൊനേഷ്യയിലെ സിദൊര്‍ജോയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു കുട്ടി മരിച്ചു. 65 പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ ഉച്ചയോടെയാണ് അല്‍ ഖോസ്നി ഇസ്ലാമിക് ബോര്‍ഡിങ് സ്കൂളിലെ കെട്ടിടം തകര്‍ന്നുവീണത്. 12 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ എട്ടുപേരെ പുറത്തെടുത്തു. മറ്റുള്ളവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇവര്‍ക്ക് കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഓക്സിജനും വെള്ളവുമെത്തിക്കാനും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.
ഏഴുമുതല്‍ 11 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ആണ്‍കുട്ടികളാണ് ഇവരില്‍ അധികവും. എല്ലാവരും 12നും 17നും ഇടയില്‍ പ്രായമുള്ളവരാണെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. നിര്‍മാണം നടക്കുന്ന സ്കൂള്‍ കെട്ടിടത്തില്‍ ഉച്ചയ്ക്കുള്ള നിസ്കാരം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മേല്‍ക്കൂര തകര്‍ന്ന് വീണത്. പെണ്‍കുട്ടികള്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു.
രണ്ടുനിലയുള്ള സ്കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് അനധികൃതമായി മൂന്നാമത്തെ നില പണിതു കൊണ്ടിരിക്കുകയായിരുന്നു. പുതിയതായി കെട്ടിപ്പടുത്ത മേല്‍ക്കൂരയാണ് നിര്‍മാണത്തിനിടെ തകര്‍ന്നു വീണതും അപകടമുണ്ടാക്കിയതുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.