വിവാഹ സല്‍ക്കാരത്തിനിടെ നവവധുവിനൊപ്പം നൃത്തം ചെയ്യുമ്പോൾ കുഴഞ്ഞുവീണ വരന് ദാരുണാന്ത്യം. ഈജിപ്തിലാണ് സംഭവം. വധുവിന്‍റെ കൈപിടിച്ച് ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെ വരൻ അഷ്റഫ് അബു ഹക്കം കുഴഞ്ഞു വീഴുകയായിരുന്നു.
ഈജിപ്തിലെ പരമ്പരാഗത നൃത്തത്തിലുപയോഗിക്കുന്ന സൈദി വടി വീശിയാണ് രണ്ടുപേരും ചുവടുവെച്ചിരുന്നത്. അതിഥികൾ സഹായത്തിനായി ഓടിയെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവൻ നഷ്ടമായിരുന്നു. ഹൃദയാഘാതം മൂലമാണ് അഷ്റഫ് അബു ഹക്കം മരിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
നൃത്തം ചെയ്യുമ്പോൾ കുഴഞ്ഞുവീഴുന്ന വിഡിയോ സൈബറിടത്ത് വൈറലായതോടെ അഷ്റഫ് അബു ഹക്കമിനെ അനുസ്മരിച്ച് ഒട്ടേറെപ്പേർ രംഗത്ത് എത്തി. ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ അവസ്ഥയിൽ ജീവൻ വെടിയേണ്ടിവന്ന അവസ്ഥയെ കുറിച്ചാണ് പലരും കുറിപ്പിടുന്നത്. വധുവിന്‍റെ അവസ്ഥയെ കുറിച്ച് വേദനിക്കുന്ന കമൻ്റുകളും സൈബറിടത്ത് സജീവമാണ്.