ദോഹ ആക്രമണത്തില്‍ ഖത്തറിനോട് മാപ്പു പറഞ്ഞ് ഇസ്രയേല്‍. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഫോണില്‍ വിളിച്ചു. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനാണ് മാപ്പ് പറഞ്ഞത്. വൈറ്റ്ഹൗസില്‍ നിന്നാണ് നെതന്യാഹു ഫോണ്‍ ചെയ്തത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതിലും നെതന്യാഹു ക്ഷാമപണം നടത്തി. സുരക്ഷാ ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഇസ്രായേൽ നഷ്ടപരിഹാരം നൽകാൻ സാധ്യതയുണ്ടെന്നും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 9തിനായിരുന്നു ഇസ്രയേല്‍ ദോഹയില്‍ വ്യോമാക്രമണം നടത്തിയത്. ഹമാസിന്‍റെ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ഉന്നത നേതാക്കളെ വധിക്കായില്ലെങ്കിലും ആറുപേര്‍ കൊല്ലപ്പെട്ടിരിന്നു. യു.എസിന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാനെത്തിയ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
യു.എസ് സന്ദര്‍ശനത്തിനെത്തിയ നെതന്യാഹുവിന്‍റെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്നാണ് ട്രംപ് പറഞ്ഞത്. ഒരു സമാധാന കരാർ കൈവരിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍.
അടിയന്തര വെടിനിർത്തൽ, 48 മണിക്കൂറിനുള്ളിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കൽ, ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ ക്രമേണ പിൻവലിക്കൽ എന്നിവ ആവശ്യങ്ങളുടെ യു.എസിന്‍റെ 21 പോയിന്റ് നിർദ്ദേശങ്ങളെ ചുറ്റിപറ്റിയാണ് സമാധാന കരാര്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നെതന്യാഹു ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ക്ഷമാപണം വരുന്നത്. ഇസ്രയേല്‍ ദോഹയിലേക്ക് നടത്തിയ ആക്രമണത്തിന് ശേഷം ഹമാസുമായുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കാനാകില്ലെന്ന് ഖത്തർ വ്യക്തമാക്കിയിരുന്നു.