പെറ്റല്‍ ഗല്ലോട്ട് | Image Credit: ANI
യു.എന്നില്‍ പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ഭീകരരും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നവരും ഒരുപോലെയാണെന്നും ആണവായുധത്തിന്റെ മറവിലുള്ള ഭീകരത അനുവദിക്കില്ലെന്നും പൊതുസഭയിൽ ഇന്ത്യ പറഞ്ഞു. അത്തരം ഭീഷണികള്‍ക്ക് ഇന്ത്യ വഴങ്ങില്ല. ഇന്ത്യ തേടുന്ന ഭീകരരെ കൈമാറണം. ഇന്ത്യയിലെ ഭീകരാക്രമണത്തിന് ഉത്തരവാദി പാക്കിസ്ഥാനെന്നും ഇന്ത്യ പറഞ്ഞു. ഇന്ത്യ–പാക് പ്രശ്നപരിഹാരത്തിന് മൂന്നാംകക്ഷിക്ക് ഇടമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഭീകരതയെ മഹത്വവൽക്കരിച്ചുകൊണ്ടുള്ള പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനകളെ അസംബന്ധ നാടകമെന്ന് വിശേഷിപ്പിച്ച ഇന്ത്യ ഭീകരവാദം പാകിസ്ഥാന്റെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവാണെന്നും ആരോപിച്ചു.
‘പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അസംബന്ധവും നാടകീയവുമായ പ്രകടനങ്ങൾക്കാണ് രാവിലെ ഈ അസംബ്ലി സാക്ഷ്യം വഹിച്ചത്. അവരുടെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവായ ഭീകരതയെ വീണ്ടും മഹത്വവൽക്കരിച്ചു. എന്നിരുന്നാലും, ഒരു തരത്തിലുള്ള നാടകത്തിനും ഒരു തരത്തിലുള്ള നുണയ്ക്കും വസ്തുതകൾ മറച്ചുവെക്കാൻ കഴിയില്ല’ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസംഗത്തിന് മറുപടി നൽകിക്കൊണ്ട് ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്ലോട്ട് ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു.
വെറുപ്പ്, മതഭ്രാന്ത്, അസഹിഷ്ണുത എന്നിവയിൽ ശ്രദ്ധിക്കുന്ന രാജ്യം ഐക്യരാഷ്ട്ര സഭയില്‍ നേർവിപരീതമായാണ് സംസാരിക്കുന്നത്. ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ പങ്കാളിയാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍ ഒരു ദശാബ്ദക്കാലം അവർ ഒസാമ ബിൻ ലാദന് അഭയം നൽകിയിരുന്നത് മറക്കരുത്. പതിറ്റാണ്ടുകളായി അവർ ഭീകരവാദ ക്യാമ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. പാക് പ്രധാനമന്ത്രിയുടെ ഇരട്ടത്താപ്പ് വീണ്ടും തുടരുന്നതിൽ അതിശയിക്കേണ്ടതില്ല. പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നു എങ്കിൽ ഭീകര കേന്ദ്രങ്ങൾ ഇല്ലാതാക്കണം. ഇന്ത്യയിലെ നിരപരാധികളായ സാധാരണക്കാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പാകിസ്ഥാനാണ് ഉത്തരവാദി. ഇന്ത്യ ജനങ്ങളെ സുരക്ഷിക്കാനുള്ള മാർഗങ്ങൾ ഉപയോഗിക്കുകയായിരുന്നുവെന്നും ഇന്ത്യ പറഞ്ഞു.
അതേസമയം, ഇന്ന് യുഎൻ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും പാകിസ്ഥാന്‍റെ പ്രസ്താവനകളില്‍ മറുപടി നൽകും. ഇന്ത്യൻ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാക് പ്രധാനമന്ത്രിയുടെ അവകാശവാദത്തിലും പ്രതികരിക്കും. ട്രംപിന്‍റെ തീരുവ യുദ്ധവും ഇന്ത്യ യുഎന്നില്‍ ഉയർത്തും. 10.30നാണ് വിദേശകാര്യ മന്ത്രി സംസാരിക്കുക.
പാകിസ്ഥാന്‍ പറഞ്ഞത്...
ഷെഹബാസ് ഷരീഫ് | Image: REUTERS
കശ്മീർ വിഷയം ഉന്നയിച്ചു തന്നെയായിരുന്നു ഇത്തവണയും ഷഹബാസ് ഷെരീഫിന്റെ പ്രസംഗം. കശ്മീരി ജനതയ്‌ക്കൊപ്പം നിൽക്കുമെന്ന് ഞാൻ ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഷഹബാസ് ഷെരീഫ് ഒരു ദിവസം കശ്മീരിലെ ഇന്ത്യയുടെ സ്വേച്ഛാധിപത്യം അവസാനിക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നിഷ്പക്ഷമായ ജനഹിത പരിശോധനയിലൂടെ നടക്കുന്ന കശ്മീരിന്റെ സ്വയം നിർണ്ണയാവകാശത്തെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ അതിന്റെ എല്ലാ തലത്തിലും പാകിസ്ഥാൻ അപലപിക്കുന്നുവെന്നും തെഹ്‌രിക്–ഇ–താലിബാൻ–പാക്കിസ്ഥാന്‍, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി തുടങ്ങിയ വിദേശ പിന്തുണയുള്ള ഭീകരവാദ സംഘടനകള്‍ തന്റെ രാജ്യത്തെ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഏതെങ്കിലും വ്യക്തിക്കെതിരെയോ മതത്തിനെതിരെയോ വിദ്വേഷ പ്രസംഗം, വിവേചനം അല്ലെങ്കിൽ അക്രമം എന്നിവയ്ക്ക് ഇടമുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിന്ധു നദീജല ഉടമ്പടി ഇന്ത്യ മരവിപ്പിച്ചത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ഷഹബാസ് ഷെരീഫ് ആരോപിച്ചു. തങ്ങളെ സംബന്ധിച്ചിടത്തോളം സിന്ധു ഉടമ്പടിയുടെ ഏതൊരു ലംഘനവും യുദ്ധത്തിന് തുല്യമാണെന്നും പാകിസ്ഥാന്‍ പറഞ്ഞു. ALSO READ: നെതന്യാഹു എഴുന്നേറ്റു; സഭ വിട്ട് നയതന്ത്രജ്ഞര്‍...
എസ്.ജയശങ്കര്‍ (ഫയല്‍ ചിത്രം)
ജയശങ്കര്‍ മറുപടി പറയും...
ഇന്ന് യുഎൻ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും പാകിസ്ഥാന്‍റെ പ്രസ്താവനകളില്‍ മറുപടി നൽകും. ഇന്ത്യൻ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാക് പ്രധാനമന്ത്രിയുടെ അവകാശവാദത്തിലും പ്രതികരിക്കും. ട്രംപിന്‍റെ തീരുവ യുദ്ധവും ഇന്ത്യ യുഎന്നില്‍ ഉയർത്തും. 10.30നാണ് വിദേശകാര്യ മന്ത്രി സംസാരിക്കുക.