Image: X
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനിലെ ഭീകര സംഘടനകള്‍ പുതിയ ആസ്ഥാനങ്ങള്‍ തേടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ (കെപികെ) പ്രവിശ്യയാണ് പുതിയ താവളം. ഇപ്പോളിതാ ലഷ്കറെ തയിബ ഖൈബർ പഖ്തൂൺഖ്വയിലെ ലോവർ ദിർ മേഖലയിൽ വിശാലമായ ഭീകര പരിശീലന കേന്ദ്രം നിർമ്മിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ വ്യോമാക്രമണത്തിൽ നശിപ്പിക്കപ്പെട്ട സൗകര്യങ്ങളാണ് മറ്റൊരിടത്ത് ഭീകരസംഘടകള്‍ നിര്‍മ്മിക്കുന്നത്.
ഈ ഭീകര കേന്ദ്ര നിര്‍മാണത്തിന്‍റെ ദൃശ്യങ്ങളും ഉപഗ്രഹ ചിത്രങ്ങളടക്കമാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളില്‍ നിന്നും അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നിന്ന് 47 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽഇടി കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളെല്ലാം തകൃതിയായി നടക്കുന്നതായി ഇവയില്‍ നിന്നും വ്യക്തമാണ്. വിപുലമായ ആയുധ പരിശീലനത്തിനുള്ള ഇടത്തിന്‍റെ നിര്‍മ്മാണവും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2006-ലെ ഹൈദരാബാദ് സ്‌ഫോടനങ്ങളുടെ സൂത്രധാരന്മാരിൽ ഒരാളായ ഭീകരൻ നാസർ ജാവേദാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. 26/11 മുംബൈ ആക്രമണത്തിനും ഉത്തരവാദികള്‍ ലഷ്കറെ തയിബയായിരുന്നു. മതത്തിന്റെ മറവിലുള്ള ഭീകരവാദ കേന്ദ്രങ്ങള്‍ എന്ന തന്ത്രത്തോടെ ഒരു പള്ളിയോട് ചേർന്നാണ് ഈ ക്യാമ്പ് നിർമ്മിക്കുന്നത്.
ഹിസ്ബുല്‍ മുജാഹിദീൻ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളും ലഷ്കറെ തയിബയോട് ചേര്‍ന്ന് പുതിയ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രവൃത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്. ഖൈബർ പഖ്തൂൺഖ്വയിൽ സമാന്തര താവളങ്ങളാണ് ഇവ സ്ഥാപിക്കുന്നത്. ഭീകര ശൃംഖലകളെ തകർക്കുന്നതിനുപകരം ലോവർ ദിറിൽ നിന്ന് ടിടിപി പോലുള്ള സംഘടനകളെ തുരത്തി ലഷ്കറെ തയ്ബയുടെ വികാസത്തിന് പാകിസ്ഥാൻ സൈന്യം വഴിയൊരുക്കിയതായി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇന്ത്യാ വിരുദ്ധ ഭീകര പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിലെ പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ന്‍റെ പങ്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭീകരവിരുദ്ധതയുടെ മറവില്‍ പാകിസ്ഥാന്‍ ആഗോളം സഹായം തേടുമ്പോളും ഇന്ത്യയ്‌ക്കെതിരായ യുദ്ധത്തിനായി തീവ്രവാദികളെ വളർത്തുന്നത് തുടരുകയാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനിടെയാണ് പൂഞ്ച്-രജൗരി സെക്ടറിനുള്ള ലഷ്‌കറെ തയിബയുടെ കേന്ദ്രമായ മർകസ് അഹ്‌ലെ ഹദീസ് (ബർണാല, പോജ്‌കെ) കേന്ദ്രം നശിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഭാവിയിലെ ഇന്ത്യൻ സേനയുടെ ആക്രമങ്ങളില്‍ നിന്നും രക്ഷനേടാന്‍ കൂടിയാണ് ലഷ്കറെ തയിബ ലോവർ ദിറിലേക്ക് ക്യാമ്പ് മാറ്റുന്നത്. എന്നാല്‍ അത് ഒരു പ്രശ്നമേ അല്ലെന്നും കാരണം ഇന്ത്യന്‍ സൈന്യത്തിന് അത്തരം വിദൂര സ്ഥലങ്ങൾ ആക്രമിക്കാനുള്ള കഴിവുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുതിയ കേന്ദ്രം ഈ വർഷം ഡിസംബറോടെ പൂർത്തിയാകും. കേന്ദ്രം നിർമ്മാണത്തിലിരിക്കുമ്പോൾ തന്നെ റിക്രൂട്ട്മെന്റ് അടക്കമുള്ളവ നടക്കുന്നുണ്ട്. കേന്ദ്രം നിർമ്മിക്കുന്നതിനായി ലഷ്കറെ തയിബ തങ്ങളുടെ എല്ലാ വിഭവങ്ങളും, ഫണ്ടുകളും ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.
ഖൈബർ പഖ്തൂൺഖ്വ
അഫ്ഗാൻ അതിർത്തിക്കടുത്തുള്ള പാകിസ്ഥാന്‍ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വ, കെപികെ എന്നും അറിയപ്പെടുന്നുണ്ട്. പർവതപ്രദേശങ്ങളും അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തികളും ഈ പ്രദേശത്തിന് സ്വാഭാവിക പ്രതിരോധം നല്‍കുന്നുണ്ട്. 1980-കളിലെ സോവിയറ്റ് വിരുദ്ധ അഫ്ഗാൻ യുദ്ധകാലത്തും 9/11 ആക്രമണങ്ങളെത്തുടർന്ന് അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയപ്പോഴും നിർമ്മിച്ച ഒളിത്താവളങ്ങൾ ഇന്നും ഇവിടെയുള്ള പല പ്രദേശങ്ങളിലായുണ്ട്. മാത്രമല്ല കെപികെയുടെ ഭൂപ്രകൃതി വ്യോമാക്രമണങ്ങൾക്കും പ്രതിരോധം നല്‍കുന്നു.