Image Credit: X
അറസ്റ്റിന് പിന്നാലെ ഒരാഴ്ചയ്ക്കകം കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരന് ജാമ്യം. പിന്നാലെ ഇന്ത്യയ്ക്കും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും നേരെ ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരര്‍. ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇന്ദർജീത് സിങ് ഗോസലിനൊപ്പം ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുനാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്റാറിയോ സെൻട്രൽ ഈസ്റ്റ് കറക്‌ഷനൽ സെന്ററിൽനിന്ന് ഇന്ദർജീത് സിങ് ഗോസല്‍ പുറത്തിറങ്ങിയ ഉടനെയായിരുന്നു ഭീഷണി. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘ഇന്ത്യ’ എന്നും അജിത് ഡോവല്‍ എന്നും പേരെടുത്തു പറഞ്ഞായിരുന്നു ഭീഷണി ഇരുവരും ചേര്‍ന്ന് ഭീഷണി മുഴക്കിയത്.
‘ഇന്ത്യ, ഞാന്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഗുർപത്വന്ത് സിംഗ് പന്നൂണിനെ പിന്തുണയ്ക്കാൻ, 2025 നവംബർ 23 ന് ഖാലിസ്ഥാൻ റഫറണ്ടം സംഘടിപ്പിക്കാൻ. ഡൽഹി ബനേഗാ ഖാലിസ്ഥാൻ (ഡൽഹി ഖലിസ്ഥാനായി മാറും)’ പുറത്തുവന്ന വിഡിയോയില്‍ ഇന്ദർജീത് സിങ് ഗോസല്‍ വെല്ലുവിളി മുഴക്കുന്നുണ്ട്. ‘അജിത് ഡോവൽ, കാനഡയിലോ അമേരിക്കയിലോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തോ വന്ന് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കരുത്. ഡോവൽ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു’ എന്നായിരുന്നു ഗുർപട്‌വന്ത് സിങ് പന്നുൻ ഭീഷണി മുഴക്കിയത്.
നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) തലവനാണ് ഗുർപട്‌വന്ത് സിങ് പന്നുൻ. മുന്‍പ് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതു തടയുന്നവർക്ക് 11 കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത പ്രസംഗത്തിന്‍റെ പേരില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചതിനെതിരെയായിരുന്നു കേസ്. ഇയാളുടെ വലംകൈയ്യാണ് നിലവില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇന്ദർജീത് സിങ് ഗോസല്‍.
സെപ്റ്റംബർ 19 ന് ഒന്റാറിയോയിലെ ഒരു ട്രാഫിക് പരിശോധനയിലാണ് ഇന്ദർജീത് സിങ് ഗോസല്‍ അടക്കമുള്ള മൂന്ന് ഖലിസ്ഥാൻ വിഘടനവാദികള്‍ അറസ്റ്റിലാകുന്നത്. ന്യൂയോർക്കിൽനിന്നുള്ള ജഗ്ദീപ് സിങ്, ടൊറന്റോയിൽനിന്നുള്ള അർമാൻ സിങ് എന്നിവരായിരുന്നു അറസ്റ്റിലായ മറ്റുരണ്ടുപേര്‍. അശ്രദ്ധമായി ആയുധം ഉപയോഗിക്കൽ, അപകടകരമായ ആവശ്യങ്ങൾക്കായി ആയുധം കൈവശം വയ്ക്കൽ, ഒളിപ്പിച്ച് ആയുധം കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ആയുധ നിയമപ്രകാരമായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. പിന്നാലെ ഇന്നലെയാണ് ഇന്ദർജീത് സിങ് ഗോസലിന് ജാമ്യം ലഭിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പീൽ റീജിയണൽ പൊലീസും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്നും ഉടൻ തന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു.