TOPICS COVERED

കിഴക്കൻ തായ്‌വാനിൽ ആഞ്ഞടിച്ച് രസാഗ ചുഴലിക്കാറ്റ്; 14 മരണം കിഴക്കൻ തായ്‌വാനിൽ കനത്ത നാശം വിതച്ച് രസാഗ ചുഴലിക്കാറ്റ് . കൊടുങ്കാറ്റിലും പേമാരിയിലും 14 പേർ മരിക്കുകയും 120 പേരെ കാണാതാവുകയും ചെയ്തു. ഹുവാലിയൻ കൗണ്ടിയിലെ തടാകം കരകവിഞ്ഞത് ദുരന്തത്തിന്‍റെ ആഘാതം ഇരട്ടിയാക്കി.

കഴിഞ്ഞ ജൂലൈയില്‍ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഈ തടാകം രൂപപ്പെട്ടത്. ഇപ്പോൾ രസാഗ ചുഴലിക്കാറ്റ് ശക്തമായതോടെ തടാകം കരകവിഞ്ഞ് കിഴക്കൻ തായ്‌വാനിലെ പല പ്രദേശങ്ങളിലും നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. പ്രതീക്ഷിച്ചതിലും വലിയ നാശനഷ്ടങ്ങളാണ് ഈ മേഖലയിൽ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.

തായ്‌വാനിൽ നാശം വിതച്ച രസാഗ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് തെക്കൻ ചൈനയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്‍റെ പശ്ചാത്തലത്തിൽ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ നിന്ന് ഏകദേശം 370,000 ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറുകളിൽ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ ഒരു മാസത്തിൽ ലഭിക്കേണ്ട അളവില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റുള്ള പ്രദേശങ്ങളിലും എത്താന്‍ സാധ്യതയുള്ള ഇടങ്ങളിലും ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. ഇപ്പോഴും തെരുവുകളിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ആളുകളോട് അകത്ത് തന്നെ ഇരിക്കാനാണ് ആവശ്യം. ഉയര്‍ന്ന തിരമാലയ്ക്കുള്ള സാധ്യ കണക്കിലെടുത്ത് ചൈനയുടെ നാഷണൽ മാരിടൈം എൻവയൺമെന്റൽ ഫോർകാസ്റ്റിംഗ് സെന്റർ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Rasaga typhoon caused significant damage in eastern Taiwan. The strong winds and heavy rainfall led to fatalities and widespread destruction, impacting the Hualien County area severely.