അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ച ഒരു തീരുമാനം ലോകത്തെ ആയിരക്കണക്കിന് ജീവനക്കാരുടെ സ്വപ്നങ്ങളെ ഉലയ്ക്കുന്നതായിരുന്നു. ടെക് ലോകമൊന്നാകെ നടുങ്ങിയ പ്രഖ്യാപനത്തെത്തുടര്‍ന്ന് ലോകമാകെ ആശങ്കയും ആശയക്കുഴപ്പവും ഉടലെടുത്തു. നടപടികള്‍ വേഗത്തിലാക്കാന്‍ വൈറ്റ്ഹൗസ് തിടുക്കം കാട്ടിയതോടെ,
പുതിയ ഉത്തരവ് പ്രകാരം വിദേശ തൊഴിലാളികൾക്ക് വീണ്ടും പ്രവേശനം ലഭിക്കില്ലെന്ന ഭയം മൂലം യുഎസിനു പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് വിദേശ ജീവനക്കാരോട് ടെക് ഭീമന്‍മാര്‍ നിര്‍ദേശിച്ചു. അതിനിടെ പുതുക്കിയ ഫീസ് പുതിയതായി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് ബാധകമാകുക എന്നും, ഇത് ഒറ്റത്തവണയായി അടച്ചാല്‍ മതിയെന്നും വൈറ്റ് ഹൗസ് ഒരു വിശദീകരണവുമായി രംഗത്തെത്തി. എന്നിരുന്നാലും ലോകത്തെ വൈദഗ്ധ്യമുള്ള പ്രതിഭകളെ അമേരിക്കയിലേക്ക് ആകര്‍ഷിച്ച എച്ച്–1 ബി പ്രോഗ്രാം സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഇപ്പോഴും അനിശ്ചിതത്വം ബാക്കിയാണ്.
ട്രംപിന്റെ നീക്കം യുഎസ് സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കും?
ട്രംപിന്റെ നീക്കം കുടിയേറ്റക്കാരെ ബാധിക്കുന്നതിനേക്കാൾ കൂടുതൽ യുഎസ് സാമ്പത്തിക വളർച്ചയെ തന്നെ തിരിച്ചടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് എന്‍ജിനീയർമാർ, ശാസ്ത്രജ്ഞർ, എന്നിവരെ നിയമിക്കുന്നതിന് അമേരിക്കൻ ടെക് സ്ഥാപനങ്ങൾ എച്ച്-1ബിയും സമാനമായ വീസകളെയും വളരെയധികം ആശ്രയിക്കുന്നുണ്ട്. വീസ ചെലവേറിയതാക്കുന്നതിലൂടെ, ട്രംപ് ഭരണകൂടം കമ്പനികൾക്ക് വിദേശ പ്രതിഭകളെ ആകർഷിക്കുന്നത് ബുദ്ധിമുട്ടാക്കുകയാണെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കായ ബെരെൻബർഗിലെ സാമ്പത്തിക വിദഗ്ധനായ അറ്റകാൻ ബാക്കിസ്കാൻ ചൂണ്ടിക്കാട്ടി.
ട്രംപ് ഭരണകൂടത്തിന്റെ ‘വികസന വിരുദ്ധ നയരൂപീകരണ’ത്തിന്റെ ഉദാഹരണമായാണ് അദ്ദേഹം ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്, . വിശകലന സ്ഥാപനമായ ബെരെൻബർഗ് അടുത്തിടെ യുഎസ് സാമ്പത്തിക വളർച്ച വർഷത്തിന്റെ തുടക്കത്തിൽ 2 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി കുറയുന്നതായി വിലയിരുത്തിയിരുന്നു. ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധ പാത മാറ്റിയില്ലെങ്കിൽ ഈ അവസ്ഥ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. നിയന്ത്രിത കുടിയേറ്റ നയങ്ങൾ മൂലമുണ്ടായേക്കാവുന്ന മനുഷ്യ മൂലധനത്തിന്റെ കുറവ് മൂലമുണ്ടാകുന്ന നഷ്ടങ്ങൾ കൃത്രിമബുദ്ധിയുടെ സാധ്യതകള്‍കൊണ്ട് നികത്താൻ സാധിക്കില്ലെന്നും ബാക്കിസ്കാൻ കൂട്ടിച്ചേര്‍ത്തു.
ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിൾ, ഗൂഗിൾ എന്നിവയാണ് എച്ച്-1ബി വീസയിൽ ഏറ്റവും കൂടുതൽ തൊഴിലാളികളെ നിയമിക്കുന്ന പ്രമുഖ സ്ഥാപനങ്ങള്‍. ഇവ കൂടാതെ എച്ച്-1ബി വീസകളെ ആശ്രയിക്കുന്ന ആരോഗ്യ പരിപാലന, വിദ്യാഭ്യാസ മേഖലകളിലെ ഭാവിയിലെ റിക്രൂട്ട്മെന്‍റുകളും പ്രതിസന്ധിയിലായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എച്ച്-1ബി വീസ പ്രോഗ്രാമിൽ ഇന്ത്യയുടെ ആധിപത്യം
സമീപ വർഷങ്ങളിൽ ഇന്ത്യൻ കുടിയേറ്റക്കാരാണ് എച്ച്-1ബി വീസ പ്രോഗ്രാമിൽ ആറ്റവുമധികം ആധിപത്യം സ്ഥാപിച്ചത്. ഈ വീസയുടെ സ്വീകർത്താക്കളിൽ 70 ശതമാനത്തിലധികവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവയുൾപ്പെടെ യുഎസിലെ മുൻനിര സ്ഥാപനങ്ങളിൽ പലതും ഇന്ത്യൻ വംശജരായ എക്സിക്യൂട്ടീവുകളാണ് നയിക്കുന്നത്. അമേരിക്കയുടെ ആരോഗ്യമേഖലയിലും ഏകദേശം 6 ശതമാനവും ഇന്ത്യൻ ഡോക്ടർമാരാണ്.
ഇന്ത്യയ്ക്ക് ഷോക്ക് എങ്ങനെ ഉൾക്കൊള്ളാനാകും
പുതിയ ഫീസ് തീരുമാനം ഇന്ത്യയ്ക്ക് തുടക്കത്തിൽ വലിയ ആഘാതം ഉണ്ടാക്കുമെങ്കിലും അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ അമേരിക്കയെ തന്നെയാണ് കൂടുതല്‍ ബാധിക്കുക. 2023-ല്‍ H-1B വിസ നല്‍കുന്ന ആദ്യ പത്ത് കമ്പനികളില്‍ മൂന്നെണ്ണത്തിന് മാത്രമേ ഇന്ത്യയുമായി ബന്ധമുള്ളൂ. വീസ ഫീസ് വർദ്ധനവ് യുഎസിലെ ചില ഓൺഷോർ പ്രോജക്റ്റുകളുടെ ബിസിനസ് തുടർച്ചയെ തടസ്സപ്പെടുത്തും എന്ന് ഐടി വ്യവസായ സ്ഥാപനമായ നാസ്‌കോമിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നിയമപരമായ അനിശ്ചിതത്വങ്ങള്‍ മാറുന്നത് വരെ ക്ലയന്റുകള്‍ വിലപേശുകയോ, പദ്ധതികള്‍ വൈകിപ്പിക്കുകയോ ചെയ്യാം. ഇത് കമ്പനികളെ ജോലികള്‍ വിദേശത്തേക്ക് മാറ്റാനും, അമേരിക്കയിലെ ജോലികള്‍ കുറയ്ക്കാനും, സ്‌പോണ്‍സര്‍ഷിപ്പ് തീരുമാനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ എടുക്കാനും പ്രേരിപ്പിക്കാനും സാധ്യതയുണ്ട്.
വരും വര്‍ഷങ്ങളില്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകാനും പുതിയ നീക്കം കാരണമാകും. അമേരിക്കയിലെ നാല് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നിരിക്കെ ഈ മാറ്റം വിദേശ തൊഴിലാളികള്‍ക്ക് മേലുള്ള നികുതി എന്നതിനേക്കാള്‍, അമേരിക്കന്‍ കമ്പനികള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും വെല്ലുവിളിയായി മാറും. H-1B വീസക്കാരും അവരുടെ കുടുംബങ്ങളും ചേര്‍ന്ന് പ്രതിവര്‍ഷം 86 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നത്. അതുകൊണ്ട് തന്നെ ട്രംപിന്‍റെ ഷോക്ക് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന തൊഴിലാളി ക്ഷാമത്തിന് തന്നെ ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.