china-britain-visa

(AI image)

TOPICS COVERED

ട്രംപിന്‍റെ പെട്ടെന്നുള്ള എച്ച്–1 ബി വീസ ഷോക്ക് അത്ര മോശം കാര്യമല്ലെന്ന് ചൈന. കടുംപിടിത്തങ്ങളുടെ പേരില്‍ യുഎസ് പ്രതിഭകളെ അകറ്റുമ്പോള്‍ അത് തന്ത്രപരമായൊരു സമ്മാനമായി കണക്കാക്കുകയാണ് ചൈന. പുതിയ കെ വീസയുമായി അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക വിദഗ്ധരെ സ്വാഗതം ചെയ്യുകയാണ് ചൈന. ഇന്നൊവേഷൻ, റിസർച്ച് മേഖലകളിൽ സംഭാവന ചെയ്യുന്ന യുവ വിദേശ പ്രതിഭകൾക്ക് പ്രവേശനവും താമസവും എളുപ്പമാക്കുകയാണ് ചൈനയുടെ കെ. വിസ ലക്ഷ്യമിടുന്നത്.

യുവ ശാസ്ത്ര സാങ്കേതിക പ്രഫഷണലുകൾക്കായി ചൈന പുതുതായി അവതരിപ്പിച്ച വിഭാഗമാണ് കെ വീസ. സിൻഹുവ റിപ്പോർട്ട് പ്രകാരം ഒക്ടോബർ 1 മുതൽ ഇത് ആരംഭിക്കും. നിലവിലുള്ള വീസ തരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വീസ പ്രകാരം ഒന്നിലധികം എൻട്രികൾ, ദൈർഘ്യമേറിയ സാധുത, വിപുലീകൃത താമസം എന്നിവ അനുവദിക്കുന്നു. വിദ്യാഭ്യാസം, ഗവേഷണം, സാംസ്കാരിക വിനിമയം, സംരംഭകത്വം, ബിസിനസ്സ് പ്രവർത്തനങ്ങൾ എന്നിവയിൽ ഒരു ചൈനീസ് തൊഴിലുടമയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ക്ഷണം ആവശ്യമില്ലാതെ ഉടമകൾക്ക് പങ്കെടുക്കാം.

യുഎസ് വീസ നയത്തെക്കുറിച്ച് ചൈന പ്രതികരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോകമെമ്പാടുമുള്ള വിവിധ വ്യവസായങ്ങളിൽ നിന്നും മേഖലകളിൽ നിന്നുമുള്ള പ്രതിഭകളെ ചൈനയിൽ വന്ന് താമസിക്കാനും മനുഷ്യ സമൂഹത്തിന്‍റെ പുരോഗതിക്ക് സംയുക്തമായി സംഭാവന നൽകാനും അവരുടെ കരിയറിൽ വിജയം നേടാനും ചൈന സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള സാങ്കേതിക-സാമ്പത്തിക പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിൽ അതിർത്തി കടന്നുള്ള പ്രതിഭകളുടെ പങ്ക് ഗുവോ ഊന്നിപ്പറഞ്ഞു. കഴിഞ്ഞമാസാണ് കെ-വീസ എന്ന പുതിയ തൊഴില്‍ പെര്‍മിറ്റ് ചൈന പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച നിയമത്തില്‍ പ്രധാനമന്ത്രി ലി ചിയാങ് ഒപ്പുവെച്ചു. 

അതേസമയം ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞര്‍, അക്കാദമിക്-ഡിജിറ്റല്‍ വിദഗ്ധര്‍ എന്നിവര്‍ക്കുള്ള വീസ ഫീസ് എടുത്തുകളയാന്‍ ബ്രിട്ടന്‍ പദ്ധതിയിടുന്നതായി 'ഫിനാന്‍ഷ്യല്‍ ടൈംസും’ റിപ്പോര്‍ട്ടുചെയ്തു. ഇതുസംബന്ധിച്ച തീരുമാനമെടുക്കാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ 'ആഗോള പ്രതിഭാ കര്‍മസേന'യുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ENGLISH SUMMARY:

China K Visa is attracting global talent amidst US visa restrictions. China is strategically welcoming international experts with its new K visa, aiming to boost innovation and research