എച്ച് വണ്‍ ബി വീസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. പുതിയ അപേക്ഷകര്‍ക്കാണ് നിലവില്‍ വര്‍ധന ബാധകമാകുക എന്നാണ് സൂചന. അമേരിക്കയ്ക്ക് പുറത്തുള്ള എച്ച് വണ്‍ ബി വീസക്കാര്‍ക്ക് തീരുമാനം ബാധകമാകില്ലെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു. വിദേശത്തുള്ള എച്ച് വണ്‍ ബി വീസക്കാര്‍ ഉടന്‍ അമേരിക്കയില്‍ തിരിച്ചെത്തണമെന്ന് ടെക് കമ്പനികള്‍ നിര്‍ദേശം നല്‍കിയിരുന്നു. എച്ച്-1 ബി വിസ പദ്ധതിയുടെ ദുരുപയോഗം ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം. വീസ ദുരുപയോഗം വഴി അമേരിക്കന്‍ തൊഴിലാളികളെ സ്ഥാനഭ്രഷ്ടരാക്കുന്നത് തടയാനും ഏറ്റവും മികച്ച വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കുന്നതിനും വേണ്ടിയാണ് ഉയർന്ന ഫീസ് ഏർപ്പെടുത്തിയതെന്നാണ് ട്രംപിന്റെ വാദം.
അതിനിടെ എച്ച് വൺ ബി വീസാ നിരക്ക് വർധനയിലെ ആശങ്കകളില്‍ വിശദീകരണവുമായി യുഎസ് രംഗത്തെത്തിയിട്ടുണ്ട്. വര്‍ധിച്ച ഫീസ് പുതിയ വീസയ്ക്ക് മാത്രമാണെന്നും നിലവില്‍ ഇന്ത്യയില്‍ ഉള്ളവര്‍ തിരക്കിട്ട് മടങ്ങേണ്ടതില്ല എന്നും യുഎസ് അറിയിച്ചു. നിരക്ക് വർധനയിൽ ആശങ്ക പ്രകടിപ്പിച്ച വിദേശകാര്യമന്ത്രാലയം ഇക്കാര്യം പരിശോധിച്ച് വരികയാണെന്നാണ് അറിയിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളുടെയും വ്യാപാര- വ്യവസായ പങ്കാളിത്തം ചൂണ്ടിക്കാട്ടി കൂടിയാലോചനകൾ അനിവാര്യമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. 24 മണിക്കൂറിനുള്ളിൽ യുഎസിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കും എന്നും സർക്കാർ അറിയിച്ചു. സാഹചര്യം മുതലെടുത്ത് വിമാന കമ്പനികൾ യുഎസിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ വർധന കൊണ്ടുവരികയും ടെക്കികൾ അവധികൾ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
സാധാരണയായി വിദ്യാർഥി വീസയിൽ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാർ പിന്നീട് എച്ച് വണ്‍ ബി വർക്ക് വീസയിലേക്കും അതുവഴി ഗ്രീൻ കാർഡിലേക്കും അവിടെനിന്ന് അമേരിക്കൻ പൗരത്വത്തിലേക്കും നീങ്ങാറാണ് പതിവ്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അനുസരിച്ച്, 2023ൽ ഇഷ്യൂ ചെയ്ത 380,000 എച്ച് വണ്‍ ബി വിസകളിൽ 72 ശതമാനവും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. അവരിൽ ഭൂരിഭാഗവും ഡേറ്റാ സയൻസ്, എഐ, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ സ്റ്റെം വിഷയങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഈ പ്രഫഷണലുകൾക്ക് പ്രതിവർഷം ശരാശരി 118,000 ഡോളർ (ഏകദേശം 1.01 കോടി രൂപ) ശമ്പളം ലഭിക്കുന്നുണ്ട്. എച്ച് വണ്‍ ബീ വീസ അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ക്കും അവര്‍ക്ക് ലഭിക്കേണ്ട വേതനത്തിനും തുരങ്കം വയ്ക്കുന്നുവെന്ന് ‘മാഗാ’ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) അനുകൂലികള്‍ കാലങ്ങളായി അവകാശപ്പെടുന്നുണ്ട്. എച്ച് വണ്‍ ബീ വീസയിൽ മാറ്റം വരുത്തണം, ഇന്ത്യാക്കാരും ചൈനക്കാരും ഇവിടേക്ക് വരരുത് എന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ നാളെ യു.എസില്‍ എത്തും. കഴിഞ്ഞ ചൊവ്വാഴ്ച യു.എസ്. വ്യാപാര പ്രതിനിധി ബ്രന്‍ഡന്‍ ലിഞ്ച് ഡല്‍ഹിയില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് വാണിജ്യ മന്ത്രിയുടെ യു.എസ്. സന്ദര്‍ശനം. ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ കരാര്‍ വേഗത്തില്‍ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് വാണിജ്യമന്ത്രാലയം പറഞ്ഞു. അധിക തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ നിലച്ച വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കാണ് വീണ്ടും ജീവന്‍ വച്ചത്. പീയുഷ് ഗോയലിനൊപ്പം വന്‍ പ്രതിനിധി സംഘവും യു.എസില്‍ എത്തും.