പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ–പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെട്ടെന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ തള്ളി പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇസ്​ഹാഖ് ധര്‍. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്നും ഉഭയകക്ഷി പരിഹാരമാണ് വേണ്ടതെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. മധ്യസ്ഥന്‍റെ ആവശ്യമില്ലെന്ന് ഇന്ത്യ നിലപാടെടുത്തുവെന്നും ധര്‍ വെളിപ്പെടുത്തി. സംഘര്‍ഷം പരിഹരിക്കാന്‍ മൂന്നാമതൊരാളുടെ ഇടപെടലിനോട് ഇന്ത്യ ഒരുഘട്ടത്തിലും യോജിച്ചില്ലെന്ന് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധര്‍ വെളിപ്പെടുത്തിയത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ സംഭാഷണത്തിന് ശ്രമിച്ചുവെങ്കിലും ഇന്ത്യ ആദ്യം പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥര്‍ ആരെങ്കിലും ഇടപെടുന്നതിനോട് പാക്കിസ്ഥാന് വിയോജിപ്പില്ലായിരുന്നു. പക്ഷേ ഇന്ത്യ സമ്മതിച്ചില്ല.  ഉഭയകക്ഷി ചര്‍ച്ചകള്‍ക്കാണ് ഇന്ത്യ ഇക്കാലമത്രയും തയാറായിട്ടുള്ളതും' എന്നായിരുന്നു മൂന്നാം കക്ഷി ഇടപെട്ടോ? പാക്കിസ്ഥാന്‍ അതിന് തയാറായിരുന്നോ? എന്ന ചോദ്യത്തിന് ധര്‍ നല്‍കിയ മറുപടി. എന്നാല്‍ വെടിനിര്‍ത്തലില്‍ എത്താന്‍ സഹായിക്കാമെന്ന് യുഎസ് വാഗ്ദാനം ചെയ്തുവെന്നും ധര്‍ വെളിപ്പെടുത്തി. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ മാര്‍കോ റുബിയോയും ട്രംപിന്‍റെ മധ്യസ്ഥക്കാര്യം ശരിവച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഇന്ത്യ ഇതെപ്പോഴും ഉഭയകക്ഷി പ്രശ്നം മാത്രമായാണ് കണ്ടതെന്നും പാക് മന്ത്രി ആവര്‍ത്തിച്ചു. 

ഇന്ത്യ– പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താന്‍ ആണെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ വലിയ കോളിളക്കമാണ് ഇന്ത്യയില്‍ സൃഷ്ടിച്ചത്. ഇന്ത്യയുടെ വിദേശനയത്തില്‍ വന്ന മാറ്റമായി ഇതിനെ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രി തന്നെ ഇക്കാര്യം നിഷേധിക്കുകയും വിദേശശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പിന്നീടും സമാധാനത്തിന്‍റെ ക്രെഡിറ്റ് തനിക്കാണെന്ന് ട്രംപ് ആവര്‍ത്തിച്ചിരുന്നു. 'ഇന്ത്യയും പാക്കിസ്ഥാനും തമ്മിലടിക്കുന്നത് ഞങ്ങളാണ് അവസാനിപ്പിച്ചത്. ആണവ ദുരന്തമായി മാറാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നതായിരുന്നു അത്. ആണവായുധങ്ങള്‍ കയ്യില്‍ വച്ച് പരസ്പരം പോരടിക്കുന്നവരോട് വ്യാപാരത്തിനില്ലെന്ന് താന്‍ നിലപാടെടുത്തതോടെയാണ് ഇരു രാജ്യങ്ങളും വഴങ്ങിയത്' എന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അവകാശപ്പെട്ടത്.  ഈ വാദമാണ് ഒടുവില്‍ പാക് വിദേശകാര്യമന്ത്രിയുടെ തുറന്ന് പറച്ചിലോടെ അവസാനിക്കുന്നത്. 

പാക്കിസ്ഥാനാണ് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് വന്നതെന്നും ഇരുപക്ഷത്തെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് തീരുമാനമായതെന്നും തുടക്കത്തിലേ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഭീകരവാദം അവസാനിപ്പിക്കുന്നതിനെ കുറിച്ചല്ലാതെ മറ്റൊരു ചര്‍ച്ചയ്ക്കുമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.  പാക് ഡിജിഎംഒ ഇന്ത്യന്‍ ഡിജിഎംഒയെ മേയ് 10ന്  വൈകുന്നേരം 3.55ന് ഫോണില്‍ വിളിച്ചു. കര–വ്യോമ–കടല്‍ ആക്രമണങ്ങള്‍ അഞ്ചുമണിയോടെ അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇത് സംബന്ധിച്ച ചട്ടങ്ങളും ഇരുപക്ഷങ്ങളും കൈമാറിയിട്ടുമുണ്ട്' എന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. 

ENGLISH SUMMARY:

The India-Pakistan conflict saw no US mediation, as claimed by Donald Trump. Pakistan's Foreign Minister has refuted these claims, stating India insisted on bilateral talks.