Image Credit:dontstopliving.net

Image Credit:dontstopliving.net

TOPICS COVERED

ജോര്‍ജിയ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ നേരിട്ടത് കടുത്ത അപമാനവും മനുഷ്യത്വരഹിതമായ ഇടപെടലുമെന്ന് വെളിപ്പെടുത്തി യുവതി. ഇന്‍സ്റ്റഗ്രാമിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. അര്‍മേനിയയിലെ സദാഖ്​ലോ അതിര്‍ത്തിയില്‍ നിന്നും ജോര്‍ജിയയിലേക്ക് കടക്കാന്‍ എത്തിയപ്പോഴാണ് താനുള്‍പ്പടെയുള്ള 56 അംഗ സംഘത്തിന് ദുരനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു. കൃത്യമായ ഇ–വീസയും യാത്രാരേഖകളും ഉണ്ടായിട്ടും അകാരണമായി മണിക്കൂറുകള്‍ തങ്ങളെ തടഞ്ഞുവച്ചുവെന്നും രണ്ടര മണിക്കൂറിലേറെ ബുദ്ധിമുട്ടിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. 'ഇങ്ങനെയാണ് ജോര്‍ജിയ ഇന്ത്യക്കാരെ കാണുന്നത്. നാണക്കേട്, അംഗീകരിക്കാനാവാത്തത്' എന്നാണ് യുവതി കുറിച്ചത്. കുറിപ്പില്‍ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രാലയത്തെയും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറെയും ടാഗ് ചെയ്തിട്ടുണ്ട്. 

ഐസായി പോകുന്നത്രയും തണുപ്പിലാണ് ഭക്ഷണമോ വെള്ളമോ ശുചിമുറി സൗകര്യങ്ങളോ ഇല്ലാതെ തെരുവിലെ മൃഗങ്ങളെ പോലെ ഫുട്പാത്തില്‍ തങ്ങളെ ഇരുത്തിയതെന്ന് യുവതി പറയുന്നു. പാസ്പോര്‍ട്ടുമായി പോയ ഉദ്യോഗസ്ഥരെ കുറിച്ച് രണ്ടു മണിക്കൂറിലേറെ നേരം ഒരു വിവരവും ഉണ്ടായില്ല. ദുരിതം വിഡിയോയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധികൃതര്‍ തടഞ്ഞുവെന്നും കുറ്റവാളോട് എന്നപോലെയാണ് പെരുമാറിയതെന്നും യുവതി കുറിക്കുന്നു.

സമ്മിശ്ര പ്രതികരണമാണ് യുവതിയുടെ കുറിപ്പിന് ചുവടെ നിറയുന്നത്. ക്രിസ്മസിന് ജോര്‍ജിയയില്‍ പോകാനിരുന്നതാണെന്നും ഇനി പോകുന്നില്ലെന്നും ഒരാള്‍ കുറിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജോര്‍ജിയ സന്ദര്‍ശിച്ചപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായില്ലെന്നും നല്ല പെരുമാറ്റമായിരുന്നുവെന്നും മറ്റൊരാള്‍ കുറിച്ചു. ജോര്‍ജിയയിലെത്തുന്ന ഇന്ത്യക്കാര്‍ അപമാനിതരാകുന്നുവെന്ന് ഈ ആഴ്ചയില്‍ കാണുന്ന രണ്ടാമത്തെ വാര്‍ത്തയാണിതെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 2019 ല്‍ താന്‍ ജോര്‍ജിയ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴും ക്രിമിനലിനോട് എന്നപോലെയാണ് തന്നോട് പെരുമാറിയതെന്ന് മറ്റൊരാളും ഓര്‍ത്തെടുത്തു. ഇന്ത്യക്കാരോട് കിഴക്കന്‍ യൂറോപ്പിലുള്ളവര്‍ക്ക് ഒട്ടും മമത ഇല്ലെന്നും യുക്രെയ്ന്‍,റഷ്യ, പോളണ്ട്, അര്‍മേനിയ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്നും അദ്ദേഹം കുറിച്ചു.

ENGLISH SUMMARY:

Georgia border harassment is the focus of this article, detailing the alleged mistreatment of Indian tourists. An Indian woman has shared her harrowing experience of being allegedly harassed and treated inhumanely at the Georgia border, despite having valid travel documents.