Image credit: X/silentblossom
മദ്യപിച്ച് ലക്കുകെട്ട ആണ്‍മക്കള്‍ റസ്റ്റൊറന്‍റിലെ സൂപ്പില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് രണ്ടരക്കോടി രൂപയിലേറെ പിഴ വിധിച്ച് കോടതി. ചൈനയിലാണ് സംഭവം. 17കാരായ വു വും താങുമാണ് ഷാങ്ഹായിലെ പ്രസിദ്ധമായ ഹയ്ഡിലാവോ ഹോട്പോട് റസ്റ്റൊറന്‍റിലെത്തി സൂപ്പില്‍ മൂത്രമൊഴിച്ചത്. 2024 ഫെബ്രുവരി 24നായിരുന്നു സംഭവം.
പ്രത്യേകമായി തയാറാക്കിയ ഡൈനിങ് റൂമിലെത്തിയ ഇരുവരും മദ്യലഹരിയിലായിരുന്നു. ഭക്ഷണം നിരത്തി വച്ചിരിക്കുന്ന ടേബിളിന് മുകളിലേക്ക് കയറിയതിന് പിന്നാലെ സൂപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഇത് വിഡിയോയില്‍ പതിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹോട്ടല്‍ അധികൃതര്‍ പരാതി നല്‍കിയത്. അതേസമയം, ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാതായ സൂപ്പ് അതിഥികളിലാരെങ്കിലും കുടിച്ചോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇതോടെ സംഭവ ദിവസം മുതല്‍ മാര്‍ച്ച് എട്ടുവരെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച 4000ത്തിലേറെപ്പേര്‍ക്ക് ഹോട്ടലധികൃതര്‍ വന്‍തുക നഷ്ടപരിഹാരവും നല്‍കേണ്ടി വന്നു.
ഭക്ഷണം കഴിക്കാനെത്തിയവരില്‍ പലര്‍ക്കും ബില്‍തുക പൂര്‍ണമായും റീ ഫണ്ട് ചെയ്യുകയോ, ബില്‍ തുകയെക്കാള്‍ പത്തിരട്ടി പണം നല്‍കുകയോ ചെയ്യേണ്ടി വന്നു. മാത്രവുമല്ല അന്നേ ദിവസം ഭക്ഷണം വിളമ്പി വച്ച പാത്രങ്ങളെല്ലാം നശിപ്പിക്കുകയും ശുചീകരണം നടത്തുകയും ചെയ്യേണ്ടി വന്നു. വന്‍ ബാധ്യതയാണ് ഹോട്ടല്‍ അധികൃതര്‍ക്ക് ഇതോടെ ഉണ്ടായത്. 23 മില്യണ്‍ യുവാനിലേറെയാണ് ഹോട്ടലിനുണ്ടായ നഷ്ടം.
കൗമാരക്കാരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പ്രവര്‍ത്തി കാരണം ഹോട്ടലിന് അവരുടെ സല്‍പ്പേര് നശിച്ചുവെന്നും സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നും കോടതി വിലയിരുത്തി. അതേസമയം, ബില്‍ തുകയ്ക്കപ്പുറമായി ഹോട്ടലുടമകള്‍ നഷ്ടപരിഹാരം നല്‍കിയതിന് ചെലവായത് കൗമാരക്കാരില്‍ നിന്ന് ഈടാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കള്‍ മക്കളെ നേരായ രീതിയില്‍ വളര്‍ത്താതിരുന്നതാണ് ഇത്തരമൊരു സാമൂഹിക ദ്രോഹം ഇവര്‍ ചെയ്യുന്നതിനിട വരുത്തിയതെന്നും അതുകൊണ്ട് പണം മാതാപിതാക്കള്‍ തന്നെ അടയ്ക്കണമെന്നും വിധിയില്‍ വ്യക്തമാക്കുന്നു.
ജിയാങിലാണ് ഹയ്ഡിലാവോ ആദ്യ റസ്റ്റൊറന്‍റ് തുറന്നത്. നിലവില്‍ ലോകമെമ്പാടുമായി ആയിരത്തിലേറെ ബ്രാഞ്ചുകള്‍ ഇവര്‍ക്കുണ്ട്. കസ്റ്റമര്‍ സര്‍വീസും കുടുംബങ്ങള്‍ക്ക് വന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഭക്ഷണത്തിനായി കാത്തിരിക്കേണ്ട വരുന്ന നേരത്ത് സ്ത്രീകള്‍ക്ക് സൗജന്യ മാനിക്യുറുകളും കുട്ടികള്‍ക്ക് മിഠായികളും ഹോട്ടല്‍ നല്‍കിവരാറുണ്ട്. ഇതെല്ലാം ഇവരുടെ ജനപ്രീതിയേറ്റിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.