റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നതിനിടെ നാറ്റോ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ കടന്നുകയറുന്നത് ആശങ്ക സൃഷ്ടിക്കുന്നു.പോളണ്ടിന് പിന്നാലെ റൊമാനിയയുടെ വ്യോമാതിർത്തിയിലും റഷ്യൻ ഡ്രോണുകൾ എത്തിയതായി റൊമാനിയൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് യുക്രൈന് നേരെയുള്ള ആക്രമണത്തിനിടെ അതിർത്തിക്ക് സമീപം റൊമാനിയയുടെ വ്യോമാതിർത്തിയിലേക്ക് റഷ്യൻ ഡ്രോണുകൾ കടന്നുകയറിയത്. യുക്രൈൻ അതിർത്തിയിൽ നിരീക്ഷണം നടത്തിയിരുന്ന രണ്ട് എഫ്-16 യുദ്ധവിമാനങ്ങളാണ് ഡ്രോണുകൾ കണ്ടെത്തിയത്.
ചീലിയ വെച്ചെ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഡ്രോണുകൾ കണ്ടതെങ്കിലും പിന്നീട് റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്ന് റൊമാനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസ മേഖലകൾക്ക് മുകളിലൂടെയല്ല ഡ്രോണുകൾ പറന്നതെന്നും അതിനാൽ അപകട ഭീഷണിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
റഷ്യൻ ഡ്രോണുകൾ വ്യോമാതിർത്തിയിലേക്ക് കടന്നുകയറിയ രണ്ടാമത്തെ നാറ്റോ രാജ്യമാണ് റൊമാനിയ. കഴിഞ്ഞ ബുധനാഴ്ച പോളണ്ടിന്റെ വ്യോമാതിർത്തിയിലും റഷ്യൻ ഡ്രോണുകൾ എത്തിയിരുന്നു. റഷ്യയുടെ ഡ്രോണുകൾ വെടിവെച്ചിട്ടതായി പോളണ്ട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് റൊമാനിയൻ അതിർത്തിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തത്.
അതേസമയം, റഷ്യയുടെ ഈ നടപടി ഒരു അബദ്ധമായിരിക്കില്ലെന്നും റഷ്യ യുദ്ധം വിപുലീകരിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പ്രതികരിച്ചു. എന്നാൽ, സംഭവത്തിൽ റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ സംഭവങ്ങൾ നാറ്റോ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.