സുശീല കര്‍ക്കി നേപ്പാള്‍ ഇടക്കാല പ്രധാനമന്ത്രിയാവുമ്പോള്‍ വഴിമാറുന്നത് ചരിത്രമാണ്. രാജ്യത്തിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആദ്യ വനിതാ പ്രധാനമന്ത്രികൂടിയാവുന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സുശീല കര്‍ക്കിക്ക് ഇന്ത്യയുമായും ചെറുതല്ലാത്തൊരു ബന്ധമുണ്ട്.
കെ.പി.ശര്‍മ ഒലി രാജിവച്ചൊഴിഞ്ഞ പദവിയിലേക്ക് സുശീല കര്‍ക്കി എത്തുമ്പോള്‍ അതിലൊരു കൗതുകംകൂടിയുണ്ട് 2016 ല്‍ സുശീല കര്‍ക്കിയെ നേപ്പാള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയി നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത ഭരണഘടന കൗണ്‍സിലിന്റെ അധ്യക്ഷന്‍ കെ.പി.ശര്‍മ ഒലി ആയിരുന്നു എന്നതുതന്നെ. നേപ്പാളിലെ ബിരാട് നഗറില്‍ ജനിച്ച കര്‍ക്കി രാഷ്ട്രീയ മീമാംസ പഠിച്ചത് ഇന്ത്യയിലാണ്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തിരികെ കാഠ്മണ്ഡുവിലെത്തി നിയമ പഠനത്തിലേക്ക് തിരിഞ്ഞു. അഭിഭാഷക വൃത്തിയയില്‍ തിളങ്ങിയശേഷം സുപ്രീംകോടതി ജഡ്ജിയാവുന്നത് 2010 ല്‍. ഏഴുവര്‍ഷം മാത്രം നീണ്ട ന്യായാധിപ ജീവിതത്തില്‍ എഴുതിച്ചേര്‍ത്ത വിധികളെല്ലാം നേപ്പാളിന്റെ ചരിത്രത്തിന്റെ ഭാഗമായി. അഴിമതിക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്തു. രാഷ്ട്രീയനേതാക്കളുടെ അനിഷ്ടം പിടിച്ചുപറ്റിയ ആ ധീരതയാണ് അഴിമതിക്കെതിരെ പടപൊരുതിയ ജെന്‍ സിക്ക് ഈ 73 കാരിയെ പ്രിയങ്കരിയാക്കുന്നതും. പണത്തിനായുള്ള കൃത്രിമ ഗര്‍ഭധാരണം നിരോധിച്ചു, അഴിമതിക്കേസില്‍ മന്ത്രിയെ കുറ്റക്കാരനെന്ന് വിധിച്ചു, സര്‍ക്കാര്‍ റദ്ദാക്കിയ പൊലീസ് മേധാവിയുടെ നിയമനം പുനസ്ഥാപിച്ചു. നേപ്പാള്‍ രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും ചലനമുണ്ടാക്കിയ വിധികളേറെ. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇംപീച്ച്‌മെന്റെ നടപടിയുമായി രാഷ്ട്രീയ നേതൃത്വം എത്തിയെങ്കിലും ഫലം കണ്ടില്ല. അഴിമതിക്കറ പുരളാത്ത പുതിയൊരു ഭരണകൂടത്തിന് വഴിയൊരുക്കുകയാണ് ഇനി ശുശീല കര്‍ക്കിക്ക് മുന്നിലുള്ള ദൗത്യം