Image Credit: x/bbc (Matthew Cooper/PA Wire)
യുകെയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള വംശീയ ആക്രമണങ്ങള്‍ അതിരുവിടുന്നു. സിഖ് വംശജയായ പെണ്‍കുട്ടിയെ വംശീയവാദികള്‍ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. യുകെയിലെ ബിര്‍മിങ്ഹാമിനടുത്ത ഓള്‍ഡ്ബറി ടൗണില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഇരുണ്ട നിറത്തിലെ സ്വെറ്റ്ഷര്‍ട്ടും ഗ്ലൗസും ധരിച്ച യുവാവും ചാരനിറത്തിലെ ഹൂഡി ധരിച്ചെത്തിയ യുവാവുമാണ് തന്നെ പീഡിപ്പിച്ചതെന്നും പീഡിപ്പിച്ചതിന് ശേഷം തന്നെ മര്‍ദിച്ച് അവശയാക്കുകയും ' നീ ഇവിടെയുള്ളതല്ല, നിന്‍റെ രാജ്യത്തേക്ക് മടങ്ങിപ്പോകൂ'വെന്ന് ആക്രോശിക്കുകയും ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
നടുക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് സിഖ് സംഘടനകള്‍ പ്രതികരിച്ചു. തീര്‍ത്തും വംശീയവും മനുഷ്യത്വരഹിതവുമായ സംഭവമാണിതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസവും സിഖ് വംശജര്‍ക്ക് നേരെ യുകെയില്‍ ആക്രമണം ഉണ്ടായിരുന്നു. വോള്‍വെറാംപ്ടണിലെ റെയില്‍വേസ്റ്റേഷന് പുറത്തുവച്ചായിരുന്നു രണ്ട് മുതിര്‍ന്ന സിഖുകാരെ മൂന്ന് കൗമാരക്കാര്‍ ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്.