Image Credit: PTI

തീര്‍ഥയാത്രയുടെ ഭാഗമായി നേപ്പാള്‍ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യക്കാരിക്ക് പ്രക്ഷോഭത്തില്‍ ദാരുണാന്ത്യം. ഗാസിയാബാദ് സ്വദേശിയായ രാജേഷ് ദേവിയാണ് മരിച്ചത്. പശുപതിനാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്നതിനായാണ് രാജേഷ് ദേവി കുടുംബസമേതം കാഠ്മണ്ഡുവിലെത്തിയത്. എന്നാല്‍ ഒന്‍പതാം തീയതി രാത്രിയോടെ ഇവര്‍ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് ജെന്‍ സീ പ്രക്ഷോഭകര്‍ തീയിടുകയായിരുന്നു. 

അക്രമാസക്തരായ പ്രക്ഷോഭകര്‍ ഹോട്ടലിലേക്ക് ഇരച്ചെത്തിയതിന് പിന്നാലെയാണ് തീയിട്ടത്. സ്റ്റെയര്‍കെയ്സിലാകെ പുക നിറഞ്ഞതോടെ  താഴേക്കിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടെ ജനാലച്ചില്ല് തകര്‍ത്ത് ഷീറ്റുകള്‍ കൂട്ടിക്കെട്ടി അതുവഴി താഴേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. ഹോട്ടലിന്‍റെ ഒരുവശത്തായി രക്ഷാപ്രവര്‍ത്തകര്‍ ചാടുന്നവര്‍ക്കായി വലിയ കിടക്കകള്‍ വിരിച്ച് നിന്നു. രാജേഷ് ദേവിയുടെ ഭര്‍ത്താവ് സുരക്ഷിതമായി ചാടി. എന്നാല്‍ രാജേഷ് ദേവിക്ക് ചാട്ടം പിഴച്ചു. ഇതോടെ നടുവടിച്ച് വീഴുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഉടനടി കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അടുത്ത ദിവസം മരണം സംഭവിച്ചു. തീ പിടിച്ച ഹോട്ടലില്‍ നിന്ന് ചാടി രക്ഷപെട്ടെങ്കിലും അച്ഛനെ കുറിച്ച് രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് വിവരം ലഭിച്ചതെന്ന് മകന്‍ വിശാല്‍ പറയുന്നു. രക്ഷപ്രവര്‍ത്തകര്‍ എത്തിച്ച ക്യാംപിലായിരുന്നു അച്ഛനുണ്ടായിരുന്നതെന്നും എംബസിയുടെ ഭാഗത്ത് നിന്നും മതിയായ പിന്തുണ ലഭിച്ചില്ലെന്നും യുവാവ് തുറന്നടിച്ചു. രാജേഷ് ദേവിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെത്തിച്ചു. 

തീര്‍ഥാടനത്തിനും വിനോദസഞ്ചാരത്തിനുമായി പോയ എണ്ണൂറോളം ഇന്ത്യക്കാരാണ് പ്രക്ഷോഭത്തില്‍ കുടുങ്ങിയത്. പ്രക്ഷോഭം ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചതും വിമാനക്കമ്പനികള്‍ ഫ്ലൈറ്റുകള്‍ റദ്ദാക്കിയതും സഞ്ചാരികളെ വലച്ചു. ഇതോടെ ഇന്ത്യ–നേപ്പാള്‍ അതിര്‍ത്തിയില്‍ വന്‍ തിരക്കും അനുഭവപ്പെട്ടു. പലരും പാതി വഴിയില്‍ യാത്ര ഉപേക്ഷിച്ചു.

സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനമാണ് നേപ്പാളില്‍ വന്‍ പ്രക്ഷോഭത്തിന് വഴി തെളിച്ചത്. യുവജനങ്ങള്‍ തെരുവിലിറങ്ങിയതോടെ സമരം ആളിക്കത്തി. 30ലേറെ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റു. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി രാജിവയ്ക്കുകയും സൈന്യം അധികാരമേറ്റെടുക്കുകയും ചെയ്തു. മുന്‍ ചീഫ് ജസ്റ്റിസായ സുശീല കര്‍കിയെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. 

ENGLISH SUMMARY:

Nepal Protests lead to the tragic death of an Indian tourist. The incident occurred when protestors set fire to a hotel in Kathmandu, leading to widespread disruption and highlighting the dangers of political unrest for travelers.