Image Credit:facebook/sumankhulbe

Image Credit:facebook/sumankhulbe

ആശുപത്രിയിലെത്തിയ രോഗികളുമായി ലൈംഗികബന്ധം പുലര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്ത് കാനഡ. ജിം ട്രെയിനറായ യുവാവാണ് ഇന്ത്യക്കാരിയായ ഡോക്ടര്‍ സുമന്‍ ഖുല്‍ബിനെതിരെ പരാതി നല്‍കിയത്. കൊക്കെയ്ന്‍ കലര്‍ത്തിയ വിറ്റാമിന്‍ കുത്തിവയ്പ്പെടുത്ത് താന്‍ മയങ്ങിക്കിടക്കുമ്പോള്‍ തന്‍റെ സമ്മതമില്ലാതെ ലൈംഗികാവയവങ്ങളില്‍ സുമന്‍ സ്പര്‍ശിച്ചുവെന്നും ചുംബിച്ചുവെന്നും ഓറല്‍ സെക്സ് ചെയ്തുവെന്നും കോടതിയില്‍ യുവാവ് മൊഴി നല്‍കി. തുടര്‍ന്ന് ജിം ട്രെയിനറുമായി ലൈംഗികബന്ധവും പുലര്‍ത്തി വന്നു. ഇതേ സമയം തന്നെ മറ്റ് രണ്ട് രോഗികളോടും സുമന്‍ പ്രണയാഭ്യര്‍ഥന നടത്തിയെന്നും വേറെ രണ്ടു രോഗികളെ തന്‍റെ ബിസിനസ് പാര്‍ട്നര്‍മാരാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

രോഗിയായ പുരുഷനെ സുമന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും മറ്റ് രണ്ടുപേരോട് പ്രഫഷനല്‍ അല്ലാതെ പെരുമാറുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തുവെന്നാണ് നാഷനല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളെ രോഗികളായി സുമന്‍ കണ്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെത്തി തന്നെ കണ്ട രോഗികളെ സുഹൃത്തുക്കളായും , ബിസിനസ് പാര്‍ട്നര്‍മാരായും സ്വകാര്യ സന്തോഷങ്ങളായും സുമന്‍ കണ്ടുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അതേസമയം, ക്ലിനികില്‍ വച്ച് സുമന്‍ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി നടത്തിയിരുന്നതായും മദ്യപിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഡോക്ടറും രോഗിയും തമ്മില്‍ ലൈംഗിക ബന്ധമുണ്ടാകുന്നതിനെ തരിമ്പും പ്രോല്‍സാഹിപ്പിക്കില്ലെന്നാണ് ഒന്‍റാരിയോയിലെ കോളജ് ഓഫ് ഫിസീഷ്യന്‍സ് ആന്‍റ് സര്‍ജന്‍സ് വ്യക്തമാക്കുന്നത്.

2001ലാണ് സുമന്‍ കാനഡയിലെ കനാട്ടയില്‍ വീട് വാങ്ങി ഫാമിലി ഫിസീഷ്യനായി ജോലി ആരംഭിച്ചത്. ഈ വീട് പിന്നീട് സ്വകാര്യ ക്ലിനിക്കായി മാറ്റി. 2015 ല്‍ സുമന്‍ അടുത്തുള്ള ജിമ്മില്‍ ചേര്‍ന്നു. ഇവിടെയുള്ള ട്രെയിനറാണ് നിലവിലെ പരാതിക്കാരന്‍. സുമന്‍റെ ക്ലിനിക്കിലെത്തി ട്രെയിനര്‍ വിറ്റാമിന്‍ തെറപ്പിയെടുത്ത് പോന്നു. ഇത് പിന്നീട് മസിലുകള്‍ ബലപ്പെടുത്തുന്നതിനുള്ള ഫിസിക്കല്‍ തെറപ്പിയിലേക്കും മാറി. ഇതിനിടയിലാണ് സുമന്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി യുവാവ് പറയുന്നത്. 

അതേസമയം, വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്നും അപ്പീല്‍ പോകുമെന്നും സുമന്‍ പ്രസ്താവനയില്‍ അറിയിച്ചു. താന്‍ ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും അനുസരിച്ച് വളര്‍ന്നയാളാണെന്നും സംസ്കാര സമ്പന്നരായ മാതാപിതാക്കളാണ് തന്നെ വളര്‍ത്തിയതെന്നും പുറത്തുവന്നതല്ല വാസ്തവമെന്നും അവര്‍ പറയുന്നു. അതേസമയം, തന്‍റെ രോഗിയായിരുന്ന പരിശീലകനുമായി ശാരീരികബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഇവര്‍ സമ്മതിച്ചു. കൊക്കെയ്ന്‍ താന്‍ രോഗികള്‍ക്ക് നല്‍കിയിട്ടില്ലെന്നും പ്രൊകെയ്ന്‍ എന്ന കുത്തിവയ്പ്പാണ് എടുത്തിരുന്നതെന്നും സുമന്‍ പറയുന്നു. ഇത് രോഗികള്‍ കൊക്കെയ്ന്‍ എന്ന് തെറ്റിദ്ധരിച്ചതായും സുമന്‍ വാദിക്കുന്നു. 

ENGLISH SUMMARY:

Doctor sexual misconduct is the main focus. A Canadian-based Indian doctor faces allegations of sexual misconduct with patients, including administering drugs and engaging in non-consensual sexual acts.