സമൂഹമാധ്യമങ്ങളെ നിരോധിച്ചതിനു പിന്നാലെ നേപ്പാളിൽ ആരംഭിച്ച പ്രക്ഷോഭം രണ്ടാം ദിവസം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി രാജിവച്ചു. സൈന്യം നിയന്ത്രണം ഏറ്റെടുത്തു. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനമായ കഠ്മണ്ഡുവില്‍ ഇന്നും ജനക്കൂട്ടം തെരുവിലിറങ്ങി. ഐ.ടി. മന്ത്രിയുടെ വീട് തകര്‍ത്തു. കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ അറിയിച്ചു. ഇന്നലത്തെ സംഘര്‍ഷത്തില്‍ 19 പേരാണ് മരിച്ചത്. Also Read: നേപ്പാള്‍യുവതയെ ഒറ്റവരിയില്‍ നിര്‍ത്തിയ ജെന്‍ സി; പ്രക്ഷോഭത്തിന്റെ മുഖം, ആരാണ് സുഡാന്‍ ഗുരുങ്?
ഒരു രാത്രിയുടെ ശാന്തതയ്ക്കുശേഷം നേപ്പാള്‍ വീണ്ടും പ്രതിഷേധാഗ്നിയില്‍. രാവിലെ ജെന്‍ സി പ്രക്ഷോഭകര്‍ കഠ്മണ്ഡുവിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിച്ചെത്തി. റോഡുകള്‍ തടയുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. ഐ.ടി. മന്ത്രി പൃഥ്വി സുബ്ബ ഗുരുംഗിന്‍റെ വീടിന് തീയിട്ടു. ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന്‍റെ ആസ്ഥാനത്തിന് സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റും തകര്‍ത്തു. 26 സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നലെ പിന്‍വലിച്ചെങ്കിലും അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ രാജിവയ്ക്കണം എന്ന പ്രതിഷേധക്കാരുടെ ആവശ്യത്തിന് ശര്‍മ ഒലിയ്ക്ക് ഒടുവില്‍ വഴങ്ങേണ്ടിവന്നു.
മറ്റ് നഗരങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചതോടെ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. അതിനിടെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൃഷി മന്ത്രി രാംനാഥ് അധികാരി രാജി സമര്‍പ്പിച്ചു. ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ഇന്നലെ ആഭ്യന്തര മന്ത്രി രമേഷ് ലെഖാക് രാജിവച്ചിരുന്നു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ നിരീക്ഷണവും ശക്തമാക്കി. സഘര്‍ഷം ആശങ്കാജനകമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മാനിക്കണമെന്നും യു.എന്‍. ആവശ്യപ്പെട്ടു