Image Credit: Social Media
കാനഡയില്‍ മദ്യപിച്ച് ‘വാഹനമോടിച്ചതിന്’ ഒരാള്‍ അറസ്റ്റില്‍! എന്നാല്‍ വാര്‍ത്തയില്‍ ഒരു ട്വിസ്റ്റുണ്ട്. ഇയാള്‍ ഓടിച്ചത് കുട്ടികളുടെ ടോയ് ജീപ്പാണ്. പക്ഷേ ഓടിച്ചത് കാനഡയിലെ പ്രധാന റോഡുകളിലൊന്നിലൂടെയാണെന്ന് മാത്രം. നിയമവിരുദ്ധമായി വാഹനമോടിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്. മാത്രമല്ല 90 ദിവസം യുവാവിന് വാഹനനമോടിക്കുന്നതിന് വിലക്കും പുറപ്പെടുവിച്ചിട്ടുണ്ട്.
സെപ്റ്റംബർ 5ന് രാവിലെ 9 മണിയോടെയാണ് നിക്കോൾസൺ സ്ട്രീറ്റിന് സമീപമുള്ള 15-ാം അവന്യൂവിലൂടെ ഒരു സണ്‍ഗ്ലാസും ധരിച്ച് കാസ്പർ ലിങ്കൺ എന്നയാള്‍ ‘വാഹനം’ ഓടിച്ചത്. പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ ഒരു ഉദ്യോഗസ്ഥൻ ഇതുകാണുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഒരു ഐസ്ഡ് ഡ്രിങ്ക് കുടിക്കാന്‍ പോകുകയാണെന്നും അതിനായി തന്‍റെ റൂംമേറ്റിന്‍റെ കുട്ടിയുടെ ചെറിയ കാർ കടം വാങ്ങുകയുമായിരുന്നു എന്നാണ് കാസ്പർ ലിങ്കൺ പറഞ്ഞത്.
കൂടതല്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ ലൈസൻസ് താൽക്കാലികമായി സസ്പെന്‍ഡ് ചെയ്തതായി പൊലീസ് കണ്ടെത്തി. ബ്രത്തനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇദ്ദേഹം മദ്യപിച്ചിരുന്നതായും സ്ഥിരീകരിച്ചു. തുടര്‍ന്നാണ് മദ്യപിച്ച് വാഹനമോടിച്ചതിന് കുറ്റം ചുമത്തിയത്. 90 ദിവസത്തെ ഡ്രൈവിങ് വിലക്കും അദ്ദേഹം നേരിടേണ്ടിവരും. അതേസമയം, ഒരു ബാർബി ജീപ്പ് ഓടിച്ചത് ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും ജീപ്പ് കണ്ടുകെട്ടിയിട്ടില്ലെന്നും റൂംമേറ്റിന്റെ മകൾക്ക് തിരികെ നൽകിയെന്നും കാസ്പർ ലിങ്കൺ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഒറ്റനോട്ടത്തില്‍ തികച്ചും അസാധാരണമാണെന്ന് തോന്നുമെങ്കിലും രാവിലെ ഒരുപാടുപേര്‍ യാത്ര ചെയ്യുന്ന തിരക്കേറിയ പ്രദേശമാണിതെന്നും കാസ്പർ ലിങ്കണിന്‍റെ പ്രവൃത്തി അദ്ദേഹത്തെയും റോഡിലെ മറ്റ് ഡ്രൈവർമാരുടെയും ജീവന്‍ അപകടത്തിലാക്കുന്നതാണെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് മീഡിയ റിലേഷൻസ് ഓഫീസർ സ്റ്റാഫ് സാർജന്റ് ക്രിസ് ക്ലാർക്ക് പറഞ്ഞു. റോഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് ടോയ് കാറുകള്‍ക്കിടയിലൂടെ സഞ്ചരിച്ച് പരിചയമുണ്ടായിരിക്കില്ല. ഇത് ഗതാഗതത്തെ ബാധിക്കുമെന്നും പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് മനുഷ്യ ശക്തിയിലൂടെയല്ലാതെ (ഉദാ: സൈക്കിളുകള്‍) മറ്റേതെങ്കിലും ഇന്ധനത്തിന്‍റെ ശക്തികൊണ്ട് ഓടുന്ന റോഡിലെ ഏതൊരു വാഹനവും മോട്ടോർ വാഹനത്തിന്റെ നിർവചനത്തിൽ പെടുന്നതാണ്. ഇത് ഓടിക്കുന്നതിനായി ഡ്രൈവിങ് ലൈസൻസും ഇൻഷുറൻസും ആവശ്യമാണ്.
കുട്ടികള്‍ക്കായുള്ള ഏകദേശം 118 സെന്റീമീറ്റർ നീളമുള്ള പിങ്ക് നിറത്തിലുള്ള ബാര്‍ബി ജീപ്പാണ് കാസ്പർ ലിങ്കൺ ഓടിച്ചത്. ജീപ്പ് പുറത്തിറക്കിയ കമ്പനിയുടെ വെബ്‌സൈറ്റ് പ്രകാരം 2021ൽ പുറത്തിറങ്ങിയ ഈ ബാർബി ജീപ്പിന് മണിക്കൂറിൽ എട്ട് കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ പവർ ബ്രേക്കുകളുമുണ്ട്. മൂന്ന് മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായാണ് ഈ ടോയ് ജീപ്പുകള്‍ വിപണിയിലെത്തിച്ചത്.