സമൂഹമാധ്യമ വിലക്കിനെതിരെ നേപ്പാളില്‍ കലാപം. 14 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. യുവാക്കളുടെ പാര്‍ലമെന്‍റ് മാര്‍ച്ച് പൊലീസ് തടഞ്ഞു. കാഠ്മണ്ഡുവില്‍ സൈന്യത്തെ വിന്യസിച്ചു. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി വൈകിട്ട് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.
ജെന്‍ സി വിപ്ലവം എന്ന പേരില്‍ ആയിരക്കണക്കിന് യുവാക്കള്‍ സംഘടിച്ചെത്തിയതോടെ കാഠ്മണ്ഡു നഗരം കലാപഭൂമിയായി. പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡ് മറികടന്ന് യുവാക്കള്‍ അകത്തുകയറി. പ്രധാനമന്ത്രിയുടെ ഓഫിസനടുത്തുവരെ എത്തി. ഇതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണാതീതമായതോടെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഘര്‍ഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. കാഠ്മണ്ഡുവിലും തന്ത്രപ്രധാന മേഖലകളിലും കര്‍ഫ്യു പ്രഖ്യാപിച്ചു. നഗരത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അഴിമതി മറയ്ക്കാനാണ് സമൂഹമാധ്യമ നിരോധനം കൊണ്ടുവന്നതെന്നും അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഈ മാസം നാലിനാണ് ഫെയ്ബുക്കും ഇന്‍സ്റ്റഗ്രാമും യൂട്യൂബും എക്സുമടക്കം 26 സമൂഹമാധ്യമങ്ങള്‍ക്ക് കെ.പി.ശര്‍മ ഒലി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. രാജ്യത്തിന്‍റെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.