Protesters shout slogans as they gather outside the Parliament building in Kathmandu, Nepal, Monday, Sept. 8, 2025. AP/PTI

Protesters shout slogans as they gather outside the Parliament building in Kathmandu, Nepal, Monday, Sept. 8, 2025. AP/PTI

TOPICS COVERED

നേപ്പാളിലെ ജെന്‍ സി വിപ്ലവം രാജ്യത്തെ മാത്രമല്ല, ലോകത്തെയാകെ പിടിച്ചു കുലുക്കിയിരിക്കുന്നു. നേപ്പാളിലെ നഗരകേന്ദ്രങ്ങളെല്ലാം ജെന്‍ സി സമരക്കാര്‍ അഥവാ യുവതലമുറ കൈയടക്കിയിരിക്കുകയാണ്. അരാഷ്ട്രീയ തലമുറയെന്ന് മുതിര്‍ന്നവര്‍ പൊതുവേ വിധിയെഴുതുന്ന ചെറുപ്രായക്കാര്‍ എന്തു വിപ്ലവമാണ് ലക്ഷ്യമിടുന്നത്? ഇതിനോടകം ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കിയ സമരക്ഷോഭത്തിന്‍റെ കാര്യകാരണങ്ങളും പശ്ചാത്തലവുമെന്താണ്?

ഒരര്‍ഥത്തില്‍ ഇന്നത്തെ കാലത്ത് ഒരു സര്‍ക്കാര്‍ നടപ്പാക്കാന്‍ തുനിയുമെന്ന് ലോകം പ്രതീക്ഷിക്കാത്ത സമൂഹമാധ്യമനിരോധനമാണ് നേപ്പാള്‍ സര്‍ക്കാര്‍ നടപ്പാക്കിയത്. ഫേസ്്ബുക്ക്, വാട്സാപ്,  യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം (ട്വിറ്റര്‍) അടക്കം 26 സമൂഹമാധ്യമങ്ങളാണ് ഒറ്റയടിക്ക് സര്‍ക്കാര്‍ നിരോധിച്ചത്. ഈ മാസം നാലിനാണ് നിരോധനം നടപ്പാക്കിയത്.  ഉണരാനും ഉണ്ണാനും ഉറങ്ങാനും വരെ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്ന തലമുറയെന്നതല്ല സത്യത്തില്‍ നേപ്പാളിലെ ജെന്‍സിയെ വിപ്ലവസമരത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്. ഇങ്ങനെയൊരു തീരുമാനമെടുത്ത ഏകാധിപത്യത്തെ അവര്‍ ചോദ്യം ചെയ്യുന്നു. തീരുമാനത്തിനു കാരണമായ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ നേരിടാന്‍ തയാറാകാത്ത ഭരണകൂട ആധിപത്യം അംഗീകരിക്കില്ലെന്ന് സമരക്കാര്‍ പറയുന്നു. 

സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതിഷേധമാണ് യഥാര്‍ഥ കാരണമെന്നും സമരക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും ജനങ്ങള്‍ക്കിടയിലുണ്ടാക്കിയിരിക്കുന്ന രോഷമാണ് സര്‍ക്കാരിന്റെ യഥാര്‍ഥ പ്രശ്നമെന്ന് വിമര്‍ശകര്‍ പറയുന്നു.

അതേസമയം തന്നെ സമൂഹമാധ്യമനിരോധനം സാധാരണ മനുഷ്യരുടെ നിത്യജീവിതത്തെ താറുമാറാക്കിയിരിക്കുന്നുവെന്നതും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ദൈനംദിന ആശയവിനിമയമാര്‍ഗങ്ങള്‍ സ്തംഭിച്ചിരിക്കുന്നു. ജോലിയെ ബാധിച്ചിരിക്കുന്നു. വിനോദസാധ്യതകള്‍ പൂര്‍ണമായും അടച്ചു കളഞ്ഞിരിക്കുന്നു. ടൂറിസത്തെയും വ്യവസായത്തെയും സാരമായി ബാധിച്ചിരിക്കുന്നു.  ഈ തീരുമാനം ജനതയുടെ സ്വാതന്ത്ര്യത്തെയും ജീവിതത്തെയും സാരമായി ബാധിച്ചിരിക്കുന്നുവെന്നതാണ് യഥാര്‍ഥ പ്രശ്നം.

ജെന്‍സി സമരക്കാര്‍ക്ക് ഏതെങ്കിലുമൊരു സംഘടനയില്ല. ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയോ നേതാവോ ആഹ്വാനം ചെയ്തിട്ടല്ല, മറിച്ച് യുവാക്കള്‍ സ്വയം സംഘടിതരായി മുന്നോട്ടു വന്ന് ഏറ്റെടുത്ത പോരാട്ടമാണിത്. കേവലം സമൂഹമാധ്യമനിരോധനത്തിനെതിരെയല്ല പ്രക്ഷോഭം. സര്‍ക്കാരിന്റെ ഏകാധിപത്യമനോഭാവത്തിനും അഴിമതി ഭരണത്തിനുമെതിരെയാണ്.

സമൂഹമാധ്യമനിരോധനത്തിന് നേപ്പാള്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം വളരെ ദുര്‍ബലമാണ്. സുപ്രീംകോടതിയുടെ കൂടി നിര്‍ദേശമനുസരിച്ച് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ലൈസന്‍സ് വേണം. പ്രാദേശികനിയമങ്ങള്‍ പാലിക്കണം. പ്രാദേശിക ഓഫിസും പരാതി പരിഹാരസംവിധാനവും വേണം. മുന്‍നിര സമൂഹമാധ്യമങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതുകൊ​ണ്ടാണ് നിരോധനം ഏര്‍പ്പെടുത്തേണ്ടി വന്നതെന്നാണ് സര്‍ക്കാര്‍ വാദം.  റജിസ്റ്റര്‍ ചെയ്യാന്‍ സമ്മതിച്ച ടിക്ടോക് നിരോധിച്ചിട്ടില്ലെന്നും വാദിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതും വിദ്വേഷ പ്രചാരണം നേരിടുന്നതുമാണ് പ്രധാന ലക്ഷ്യമെന്നും വിശദീകരണമുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ വാദം പരിഹാസ്യമാണെന്നാണ് പ്രക്ഷോഭകരുടെ പക്ഷം. വിയോജിപ്പിന്‍റെ ശബ്ദം പൂര്‍ണമായും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ജനങ്ങള്‍ക്ക്  സര്‍ക്കാരിനെതിരെ സംസാരിക്കാവുന്ന ജനാധിപത്യപരമായ ഇടങ്ങള്‍ ഇല്ലാതാക്കാനുള്ള ഗൂഢശ്രമം. സര്‍ക്കാര്‍ ഭാഷ്യമല്ലാതെ മറ്റൊന്നും ജനങ്ങള്‍ അറിയാതിരിക്കാനുള്ള നീക്കമാണ് നിരോധനം. യുവാക്കള്‍ സംഘടിക്കുമെന്നും പ്രതിഷേധം നേരിടാനാവില്ലെന്നുമുള്ള ഉത്തമബോധ്യമാണ് ലോകത്തിലെ തന്നെ പ്രധാന സമൂഹമാധ്യമങ്ങളെല്ലാം നിരോധിച്ചതിനു പിന്നിലെന്നും പ്രക്ഷോഭകര്‍ ആവര്‍ത്തിക്കുന്നു. സമൂഹമാധ്യമങ്ങള്‍ സര്‍ക്കാരിനെതിരായ പരിഹാസവും പ്രതിഷേധവും വ്യാപിക്കാന്‍ അവസരമൊരുക്കി. രാഷ്ട്രീയനേതാക്കളുടെ മക്കളുടെ ജീവിതശൈലിയെ പരിഹസിച്ചുകൊണ്ട് നെപ്പോകിഡ്സ് ഹാഷ്ടാഗില്‍ പ്രചരിച്ച പോസ്റ്റുകളും പ്രകോപനമായെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. 

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളും നേപ്പാളി കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാരാണ് നിലവില്‍ നേപ്പാളില്‍ അധികാരത്തിലുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കെ.പി.ശര്‍മ ഓലിയാണ് നിലവില്‍ പ്രധാനമന്ത്രി.  പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ശര്‍മ ഓലി പ്രധാനമന്ത്രിയായത്. റാം ചന്ദ്ര പൗഡേല്‍ ആണ് നേപ്പാള്‍ പ്രസിഡന്റ്.

അഴിമതി അവസാനിപ്പിക്കുകയും സമൂഹമാധ്യമനിരോധനം പിന്‍വലിക്കുകയും ചെയ്യാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നാണ് ജെന്‍ സിയുടെ ഉറച്ച നിലപാട്. പാര്‍ലമെന്റിലേക്കു നടന്ന പ്രതിഷേധമാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ വെടിവയ്പിലാണ് 14 പേര്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റ പത്തിലേറെ പേരുടെ നില ഗുരുതരമാണ്. തലസ്ഥാനമായ കഠ്മണ്ഡുവില്‍ പല തെരുവുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ പൊലീസിന്‍റെ കര്‍ശനനടപടികള്‍ ഭയക്കാതെ കൂടുതല്‍ കൂടുതല്‍ യുവാക്കള്‍ തെരുവിലിറങ്ങുകയാണ്. മാറ്റം ആഗ്രഹിക്കുന്ന ജനത ഇനിയും സഹിക്കാന്‍ തയാറല്ലെന്നാണ് സമരക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

ENGLISH SUMMARY:

Nepal Protests are shaking the nation and the world, with Gen Z leading the charge against the social media ban. The youth are fighting against government corruption and for freedom of speech, demanding an end to the authoritarian regime.