കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാന്‍ കംപ്യൂട്ടര്‍ പരിജ്ഞാനം ഉപയോഗിച്ച കാർലോ അക്യൂട്ടിസിനെ ഇന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. 15ാം വയസില്‍ രക്താര്‍ബുദം ബാധിച്ചാണ് കാര്‍ലോ മരിച്ചത്. കത്തോലിക്കാ സഭയിലെ ആദ്യ 'മില്ലേനിയൽ' വിശുദ്ധനാകും അക്യൂട്ടിസ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചടങ്ങുകള്‍ തുടങ്ങും.
15വര്‍ഷം മാത്രം ഭൂമിയില്‍ ജീവിച്ച, ചെറുപ്രായത്തില്‍ അനുകരണീയ ജീവിതം നയിച്ച കാര്‍ലോ അക്യൂട്ടിസ് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് എത്തുന്ന ആദ്യ കംപ്യൂട്ടര്‍ പ്രതിഭയാണ്. 1991 മേയ് മൂന്നിന് ലണ്ടനിലെ ആന്‍ഡ്രിയ അക്യൂട്ടിസിന്റെയും സാല്‍സനോയുടെയും മകനായി ജനനം. കാര്‍ലോയുടെ ജനനത്തിന് പിന്നാലെ കുടുംബം ഇറ്റലിയിലേക്ക് ചേക്കേറി. സിനിമകള്‍ കാണാനും വീഡിയോ ഗെയിം കളിക്കാനും ഫുട്ബോള്‍ കളിക്കാനും ഇഷ്ടപ്പെട്ടിരുന്ന കാര്‍ലോ അക്യൂട്ടിസിനെ സൈബർ ലോകത്തെ പുണ്യാളന്‍ ,‘ദൈവത്തിന്റെ ഇൻഫ്ലുവൻസർ' എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ഒരു കയ്യില്‍ ജപമാലയും മറുകയ്യില്‍ കീബോര്‍ഡുമായി സാങ്കേതിക വിദ്യയെ ആത്മീയതയുമായി ബന്ധിപ്പിച്ചു. പതിനൊന്നാം വയസില്‍ വെബ്സൈറ്റ് രൂപകല്‍പന ചെയ്ത് അതില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ചരിത്രം രേഖപ്പെടുത്തി. മരണത്തിന് മുമ്പായി 136 അത്ഭുതങ്ങളാണ് കാര്‍ലോ ഈ വെര്‍ച്ച്വല്‍ മ്യൂസിയത്തില്‍ രേഖപ്പെടുത്തിയത്. 2006 ഒക്ടോബര്‍ ഒന്നിനാണ് കാര്‍ലോയ്ക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചത്. പത്തുദിവസത്തിനുള്ളില്‍ കാര്‍ലോ സ്വര്‍ഗീയപിതാവിന്റെ ഭവനത്തിലേക്ക് യാത്രയായി. കാര്‍ലോയുടെ ആഗ്രഹപ്രകാരം അസ്സീസി പട്ടണത്തില്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബസിലിക്കയോടു ചേര്‍ന്നുള്ള സെമിത്തേരിയിലാണ് ശരീരം അടക്കംചെയ്യപ്പെട്ടത്. 2019-ൽ കാർലോയുടെ ഭൗതികാവശിഷ്ടം അസീസിയിലെ ദേവാലയത്തിൽ സ്ഥാപിച്ചതു മുതൽ ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്ന് ആദരമർപ്പിക്കാൻ തീർഥാടകർ ഒഴുകിയെത്തുകയാണ്. ട്രാക്ക്സ്യൂട്ടണിഞ്ഞ തിരുശരീരം കാണാൻ കഴിഞ്ഞ വർഷം മാത്രം പത്തു ലക്ഷത്തോളം പേരെത്തി.