വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ഫ്ലൈറ്റ് അറ്റൻഡന്റ് തന്നോട് ഷർട്ടിന്റെ ബട്ടൺ ഇടാന്‍ ആവശ്യപ്പെട്ടതായി മുൻ പ്ലേബോയ് മോഡൽ സാറാ ബ്ലേക്ക് ചീക്ക്. ഞായറാഴ്ച രാത്രി അറ്റ്ലാന്റയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. അമേരിക്കൻ എയർലൈൻസിന് ഒരു ഡ്രസ് കോഡ് ഉണ്ടെന്നും, അത്‌ലറ്റിക് വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല എന്നും തനിക്ക് അറിയാന്‍ പാടില്ലായിരുന്നുവെന്നും പരിഹാസരൂപേണ സാറ കുറിച്ചു. എക്സില്‍ പങ്കുവച്ച ഒന്നിലധികം പോസ്റ്റുകളിലൂടെയാണ് സാറ അനുഭവം പങ്കിട്ടത്.
അമേരിക്കന്‍ എയര്‍ലൈന്‍സിനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. വിമാനത്തിലെ മറ്റുള്ളവർ സമാനമായ വസ്ത്രം ധരിച്ചിട്ടും തന്നെ ഒറ്റപ്പെടുത്തിയതായി സാറ പരാതിപ്പെടുന്നു. ‘ഇന്ന് രാവിലെ ഒരു വിമാനം റദ്ദാക്കിയിരുന്നു. ശേഷമാണ് മറ്റൊരു വിമാനത്തില്‍ അറ്റ്ലാന്റയിൽ നിന്ന് പുറപ്പെടുന്നത്. രണ്ടുതവണ ഷെഡ്യൂൾ മാറ്റി, തുടർന്ന് വൈകി. പിന്നാലെ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് എന്റെ ഷർട്ടിന്റെ ബട്ടൺ ഇടാൻ പറഞ്ഞു’ സാറ പറഞ്ഞു. ‘പക്ഷേ അതേ വസ്ത്രം ധരിച്ച മറ്റ് സ്ത്രീകൾക്ക് കുഴപ്പമില്ല. ഒരു പ്ലാറ്റിനം അംഗമായതിൽ സന്തോഷിക്കുന്നു’ സാറ കൂട്ടിച്ചേര്‍ത്തു. തന്‍റെ വസ്ത്രത്തിന്‍റെ ചിത്രവും സാറ പങ്കിട്ടിട്ടുണ്ട്. ഡെനിം പാന്റും സ്‌നീക്കറുകളും ക്രോപ് ടോപ്പും ഓവര്‍ലേയായി ഒരു മഞ്ഞ ഷര്‍ട്ടുമാണ് സാറ ധരിച്ചിരുന്നത്. ഇതാണ് ഫ്ലൈറ്റ് അറ്റൻഡന്റ് വിമാനത്തിൽ കയറുന്നതിന് മുമ്പ് ശരിയാക്കണമെന്ന് പറഞ്ഞ വസ്ത്രമെന്നും സാറ കുറിച്ചു.
സാറയുടെ പോസ്റ്റുകൾ വൈറലായതോടെ പ്രതികരണവുമായി അമേരിക്കൻ എയർലൈൻസ് രംഗത്തെത്തി. സംഭവത്തില്‍ ഖേദിക്കുന്നുവെന്ന് എയര്‍ലൈന്‍സ് പ്രതികരിച്ചു. സാറയ്ക്കുണ്ടായ അനുഭവം പരിശോധിക്കുമെന്നും, ക്യാബിന്‍ ക്രൂവിനോട് വിവരങ്ങള്‍ തേടിയതായും കമ്പനി അറിയിച്ചു. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ഇന്‍ബോക്സില്‍ പങ്കിടാനും എയര്‍ലൈന്‍ സാറയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ എയർലൈൻസിന്റെ കാരിയേജ് പോളിസി ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും യാത്രക്കാരോട് ‘ഉചിതമായ വസ്ത്രം ധരിക്കാൻ’ ആവശ്യപ്പെടുന്നുണ്ട്.