Image Credit: Bernard Barker
രണ്ടാം ലോകയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത് കത്തുകളിലൂടെ ഹൃദയം കൈമാറിയ തന്‍റെ മാതാപിതാക്കളുടെ പ്രണയ ലേഖനങ്ങള്‍ ലോകത്തോട് പങ്കുവച്ച് മകന്‍. സൈനികനായ പിതാവ് പോസ്റ്റ് ഓഫിസ് ജീവനക്കാരി കൂടിയായിരുന്ന അമ്മയ്ക്കെഴുതിയ കത്തുകളാണ് ബെര്‍നാഡ് ബാര്‍ക്കര്‍ പങ്കുവച്ചത്. നിധിപോലെ സൂക്ഷിച്ച പ്രണയ ലേഖനങ്ങള്‍ ബെര്‍നാഡിന്‍റെ പിതാവ് ക്രിസ് ബാര്‍കര്‍, മരിക്കുന്നതിന് കുറച്ച് കാലം മുന്‍പ് മകന് കൈമാറുകയായിരുന്നു.
ലോകം ഏറെ കൗതുകത്തോടെ വായിക്കുന്ന ആ പ്രണയകഥയ്ക്ക് പിന്നിലെ കഥ ഇങ്ങനെയാണ്... നോര്‍ത്ത് ലണ്ടനിലായിരുന്നു ക്രിസ് ബാര്‍ക്കറുടെ ജനനം. 1930കളില്‍ പോസ്റ്റ് ഓഫിസില്‍ ബാര്‍ക്കര്‍ ജോലിക്കാരനായി. പ്രണയിനിയായി മാറിയ മൂറിനെ അവിടെ വച്ചാണ് ബാര്‍ക്കര്‍ ആദ്യമായി കാണുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെയായാണ് ഇരിപ്പിടം ക്രമീകരിച്ചിരുന്നത്. പക്ഷേ യൂണിയന്‍ മീറ്റിങുകളിലും മറ്റ് പരിപാടികളിലുമായി അവരുടെ സൗഹൃദം വളര്‍ന്നു. പക്ഷേ പ്രണയത്തിലേക്ക് വഴിമാറിയത് യുദ്ധകാലത്താണ്. 1942 ല്‍ ബാര്‍ക്കറിന് യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി നോര്‍ത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടി വന്നു.
യുദ്ധമുഖത്തിരുന്ന് വീട്ടിലേക്കും കൂട്ടുകാര്‍ക്കും ബാര്‍ക്കര്‍ കത്തെഴുതാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ മൂറിനും കത്തെഴുതി. മറുപടിക്കത്തില്‍ തന്‍റെ പഴയ കാമുകനായ നിക്കുമായി താന്‍ പിരിഞ്ഞുവെന്ന് മൂര്‍ എഴുതി. ഇതിന് പിന്നാലെ കത്തുകള്‍ മെല്ലെ മെല്ലെ പ്രണയ ലേഖനങ്ങളായി പരിണമിച്ചു. ലോകത്തിന്‍റെ രണ്ടറ്റങ്ങളിലിരുന്ന് ബാര്‍ക്കറും മൂറും പ്രണയിച്ചു. രണ്ട് നാടുകളിലെയും ജീവിതവും ഭാവിയെ കുറിച്ചുള്ള ആശങ്കകളും ഇരുവരുടെയും കത്തുകളില്‍ നിറഞ്ഞു.യുദ്ധക്കെടുതികളും ശത്രുക്കളുടെ പിടിയില്‍പ്പെട്ടതുമെല്ലാം കത്തിലൂടെ ബാര്‍ക്കര്‍ എഴുതി.
ജീവന്‍ അപകടത്തിലായെന്ന് ഉറപ്പിച്ചൊരു രാത്രിയില്‍ ബാര്‍ക്കര്‍ മൂറിനെഴുതി...'ഇതാ ഈ നിമിഷങ്ങളിലെല്ലാം നിന്നെ മാത്രം ഓര്‍ത്തിരിക്കുകയാണ് ഞാന്‍. ഇതേ ലോകത്തിന്‍റെ മറ്റൊരറ്റത്ത് നീ ജീവിച്ചിരിക്കുന്നുവെന്നും എന്നെ പ്രണയിക്കുന്നുണ്ടാവുമെന്നുമുള്ള പ്രതീക്ഷയാണെനിക്ക്, അതാണെന്നെ ജീവിപ്പിക്കുന്നത്'. യുദ്ധകാലത്തിനിടയില്‍ അപ്രതീക്ഷിതമായി കിട്ടിയ അവധിയില്‍ ബാര്‍ക്കര്‍ നാട്ടിലെത്തി മൂറിനെ വിവാഹം കഴിച്ചു. പബ്ബിലെത്തി സാന്ഡ്വിച്ച് കഴിച്ചു, ചെറിയ മധുവിധുവിന് ശേഷം ബാര്‍ക്കര്‍ മടങ്ങി.
ഒടുവില്‍ യുദ്ധം അവസാനിച്ചപ്പോള്‍ മടങ്ങി ഇംഗ്ലണ്ടിലെത്തി മൂറിനൊപ്പം കുടുംബമായി കഴിഞ്ഞു. മാതാപിതാക്കളുടെ പ്രണയ ലേഖനങ്ങള്‍ ' മൈ ഡിയര്‍ ബെസ്സീ: എ ലവ് സ്റ്റോറി ഇന്‍ ലെറ്റേഴ്സ്' എന്ന പേരില്‍ പുസ്തകമായും ബര്‍നാഡ് പ്രസിദ്ധീകരിച്ചു. പ്രണയ ലേഖനങ്ങള്‍ക്കപ്പുറം യുദ്ധത്തിന്‍റെ കെടുതികളും നാടിന്‍റെ ചരിത്രവുമെല്ലാം കത്തുകളില്‍ നിറഞ്ഞിട്ടുണ്ട്.