Image Credit: facebook.com/virginaustralia

Image Credit: facebook.com/virginaustralia

ബാലിയില്‍ നിന്ന് ബ്രിസ്​ബെയ്നിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലെ ശുചിമുറികള്‍ തകരാറിലായതോടെ യാത്രക്കാര്‍ക്കുണ്ടായത് ദുരിതം. വിര്‍ജിന്‍ ഓസ്ട്രേലിയയുടെ ബോയിങ് 737 മാക്സ് 8 വിമാനമാണ് യാത്രക്കാരെ വലച്ചുകളഞ്ഞത്. ആറുമണിക്കൂര്‍ നേരമുള്ള യാത്രയില്‍ അത്യാവശ്യമുള്ളവര്‍ കുപ്പിയില്‍ മൂത്രമൊഴിക്കണമെന്നും എന്‍ജിനീയറില്ലാത്തതിനാല്‍ നിലവില്‍ നന്നാക്കാന്‍ സാധിക്കില്ലെന്നുമാണ് വിമാനത്തിലെ ജീവനക്കാര്‍ അറിയിച്ചത്. 

വിമാനം യാത്ര പുറപ്പെടുമ്പോള്‍ ഒരു ശുചിമുറി മാത്രമേ തകരാറിലായിരുന്നുള്ളൂ. എന്നാല്‍ യാത്രാമധ്യേ ശേഷിച്ച രണ്ട് ശുചിമുറികളും പണിമുടക്കി. ഇതോടെ ഒന്നെങ്കില്‍ കുപ്പികളില്‍ മൂത്രമൊഴിക്കണമെന്നും അല്ലെങ്കില്‍ മറ്റൊരാള്‍ ഉപയോഗിച്ച വൃത്തിഹീനമായ ശുചിമുറി വീണ്ടും ഉപയോഗിക്കണമെന്നും നിലവില്‍ ഫ്ലഷ് ചെയ്യല്‍ സാധ്യമല്ലെന്നുമായിരുന്നു ജീവനക്കാരുടെ വിശദീകരണം. പ്രായമായവര്‍ അസ്വസ്ഥരായപ്പോള്‍ കുട്ടികള്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനാവാതെ കരയാന്‍ തുടങ്ങിയെന്നും ഇത്രയും ദുരിതയാത്ര ഇതുവരേക്കുമുണ്ടായിട്ടില്ലെന്നും യാത്രക്കാരിലൊരാള്‍ വെളിപ്പെടുത്തി.

ദീര്‍ഘയാത്രയായതിനാല്‍ നിവര്‍ത്തികെട്ട് പലരും കുപ്പിയില്‍ മൂത്രമൊഴിച്ചു. ഇത് വിമാനത്തിനകത്ത് വീണതോടെ മൂത്രത്തിന്‍റെ മണം നിറഞ്ഞു. തീര്‍ത്തും ബുദ്ധിമുട്ടിയാണ് ബ്രിസ്ബെയ്ന്‍ വരെ എത്തിയതെന്നും യാത്രക്കാരില്‍ ചിലര്‍ പരാതിപ്പെട്ടു. ഗുരുതരമായ വീഴ്ചയാണിതെന്നും കടുത്ത നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വിമാനം ബ്രിസ്ബെയ്നിലെത്തിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് ഇറങ്ങാനുള്ള കാബിന്‍ ഡോറുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ കോക്പിറ്റ് വാതില്‍ തുറന്ന് പൈലറ്റ് ആദ്യം ചാടിയിറങ്ങിപ്പോയതും ആളുകളെ കുപിതരാക്കി.

അതേസമയം, തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും വിമാനക്കമ്പനിയായ വിര്‍ജിന്‍ ഓസ്ട്രേലിയ പ്രസ്താവനയില്‍ അറിയിച്ചു. ദുര്‍ഘടമായ സാഹചര്യത്തെ സമചിത്തതയോടെ കൈകാര്യം ചെയ്ത വിമാന ജീവനക്കാരെയും കമ്പനി അഭിനന്ദിച്ചു. വിമാനത്തിലെ ശുചിമുറികളുടെ തകരാര്‍ പരിഹരിച്ചുവെന്നും കമ്പനി അറിയിച്ചു.

ENGLISH SUMMARY:

Flight toilet malfunction caused distress to passengers on a Virgin Australia flight from Bali to Brisbane. The airline has apologized and stated that the issue has been resolved.