TOPICS COVERED

നിര്‍ബന്ധിത ഗര്‍ഭഛിദ്രവും വന്ധ്യംകരണവും നടപ്പാക്കിയിരുന്ന നാട്, ഒറ്റക്കുട്ടി നയം അനുസരിച്ചില്ലെങ്കില്‍ കര്‍ക്കശമായ പിഴ ചുമത്തിയിരുന്ന നാട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പത്തിക ശക്തി.  ആ രാജ്യം  ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. ലോകത്തെ ഏറ്റുവും വലിയ സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രയില്‍  അവര്‍ക്ക് വയസാവുകയാണ് . പറയുന്നത്   ചൈനയെ കുറിച്ചാണ്.  തുടര്‍ച്ചയായ മൂന്നാംവര്‍ഷവും കുത്തനെ ഇടിയുകയാണ് ചൈനയുടെ ജനസംഖ്യ .  

രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ കൂടുതൽ കുട്ടികളെ ജനിപ്പിക്കാന്‍ ചൈനീസ് സ്ത്രീകളോട് പ്രസിഡന്‍റ്  ഷി ജിൻപിങ്ങ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അതു കൊണ്ടൊന്നും മാറ്റങ്ങള്‍ സംഭവിക്കാതായതോടെ ജനസംഖ്യാവര്‍ധനവിനായി പുതിയ പദ്ധതികള്‍ കൊണ്ട് വന്നിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. അതിലൊന്നാണ്  ബേബി ബോണസ്. മൂന്നുവയസിന് താഴെയുള്ള ഓരോ കുഞ്ഞിനും സര്‍ക്കാര്‍ ബോണസ് നല്‍കും. കുഞ്ഞ് ജനിച്ച് മൂന്നു വയസ്സാവുന്നത് വരെ ഓരോ വര്‍ഷവും 3600 യുവാന്‍  അതായത് 44000 രുപയോളം സര്‍ക്കാര്‍ രക്ഷിതാക്കള്‍ക്ക് നല്‍കും. 2025 ജനുവരി ഒന്നിനുശേഷം ജനിച്ച കുട്ടികള്‍ക്കാണ് സര്‍ക്കാരിന്‍റെ ബോണസ് ലഭിക്കുക. മൂന്ന് വര്‍ഷം കൊണ്ട് രക്ഷിതാക്കള്‍ക്ക് 1,30,657.43 രൂപ കിട്ടും.

ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങളും ജനന നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള പ്രോത്സാഹനങ്ങള്‍ സുലഭമായി നല്‍കുന്നുണ്ട്. അമ്മമാര്‍ക്ക് സൗജന്യ പാലും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വൗച്ചറും, മൂന്നാമത്തെ കുട്ടിയുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് പുതിയ വീടുകള്‍ക്ക് സബ്സിഡി അങ്ങനെയങ്ങനെ പോകുന്നു രാജ്യത്തെ സ്ത്രീകളെ അമ്മമാരാക്കാനുള്ള സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍. 

നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സിന്‍റെ  2025 ജനുവരിയിലെ കണക്കുകൾ പ്രകാരം പോയ വര്‍ഷത്തെ അപേക്ഷിച്ച്  ചൈനയുടെ മൊത്തം ജനസംഖ്യയില്‍ 1.39 ദശലക്ഷത്തിന്‍റെ  കുറവാണ് രേഖപ്പെടുത്തിയത് . 2023ല്‍ ഇതിലും വലിയ ഇടിവാണ്  ഉണ്ടായത്. വര്‍ഷങ്ങളോളം രാജ്യം കാര്‍ക്കശ്യത്തോടെ നടപ്പാക്കിയ ഒറ്റക്കുട്ടി നയവും പുതിയ തലമുറയുടെ മാറിയ ചിന്താഗതിയും കുട്ടികളെ വളര്‍ത്താനുള്ള ഭാരിച്ച ചെലവുകളുമൊക്കെ ഒരു സീനിയര്‍ സിറ്റിസണ്‍ രാജ്യമായി ചൈനയെ മാറ്റിക്കൊണ്ടിരിക്കുന്നു.  പ്രായമാകുന്നവരുടെ ജനസംഖ്യയില്‍ മാത്രമുണ്ടാകുന്ന വളര്‍ച്ച ചൈനയിലെ  യുവ തൊഴിലാളികളുടെ മേൽ കനത്ത ഭാരമുണ്ടാക്കുന്നുണ്ട്.  രാജ്യത്തെ കിന്‍റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുമ്പോള്‍  വൃദ്ധസദനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 

1970-ല്‍ ചൈനയിലെ ജനസംഖ്യ 100 കോടി ആയി ഉയര്‍ന്നപ്പോഴാണ് വികസ്വര ചൈനയ്ക്ക് ജീവിതനിലവാരം മെച്ചപ്പെടുത്താൻ കഴിയുന്നതുവരെ ജനസംഖ്യാ നിയന്ത്രണം ആവശ്യമാണെന്ന നിലപാടെടുത്ത ഡെങ് സിയാവോപിംഗ് 1979-ല്‍ ചൈനയില്‍  ഒറ്റക്കുട്ടി നയം കൊണ്ടുവന്നത്. ‍ ഈ നയം വളരെ കർക്കശമായി തന്നെയാണ് ചൈന നടപ്പാക്കിപ്പോന്നത്. ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കടുത്ത പിഴ ചുമത്തുന്നതായിരുന്നു നിയമം. ഇതോടെ ജനസംഖ്യയില്‍ വന്‍ ഇടിവ് സംഭവിക്കാന്‍ തുടങ്ങി. എന്നാല്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഏതുവിധേനയും കുട്ടികളുടെ ജനനിരക്ക് കൂട്ടാന്‍ പാടുപെടുന്ന ഭരണകൂടത്തെയാണ് ചൈനയില്‍ ഇപ്പോള്‍ കാണുന്നത്. ഒറ്റക്കുട്ടി നയം 2016 ല്‍  സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ജനസംഖ്യ കുത്തനെ ഇടിയുന്ന പ്രവണതയ്ക്ക് മാത്രം മാറ്റമൊന്നും വന്നില്ല. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 95 ലക്ഷം കുഞ്ഞുങ്ങള്‍ മാത്രമാണ് ചൈനയില്‍ ജനിച്ചത്. 

2024-ലെ കണക്കനുസരിച്ച് 60 വയസ്സിന് മുകളിലുള്ള 31 കോടി ജനങ്ങളാണ് ചൈനയിലുള്ളത്. വിവാഹത്തോടുള്ള പുതിയ തലമുറയുടെ താല്‍പ്പര്യം നാള്‍ക്കുനാള്‍ കുറയുന്നു എന്നതാണ് മറ്റൊരു വലിയ പ്രശ്നം. എന്നാലിക്കാര്യത്തില്‍ മറ്റ് ചില രാജ്യങ്ങളും ചൈനയ്ക്ക് കൂട്ടിനുണ്ട്. ദക്ഷിണ കൊറിയ, തായ്‌വാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളെല്ലാം സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.

രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ കൂടുതൽ കുട്ടികളെ ജനിപ്പിക്കാന്‍ ചൈനീസ് സ്ത്രീകളോട് പ്രസിഡന്‍റ്  ഷി ജിൻപിങ്ങ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അതു കൊണ്ടൊന്നും മാറ്റങ്ങള്‍ സംഭവിക്കാതായതോടെ ജനസംഖ്യാവര്‍ധനവിനായി പുതിയ പദ്ധതികള്‍ കൊണ്ട് വന്നിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. അതിലൊന്നാണ്  ബേബി ബോണസ്. മൂന്നുവയസിന് താഴെയുള്ള ഓരോ കുഞ്ഞിനും സര്‍ക്കാര്‍ ബോണസ് നല്‍കും. കുഞ്ഞ് ജനിച്ച് മൂന്നു വയസ്സാവുന്നത് വരെ ഓരോ വര്‍ഷവും 3600 യുവാന്‍  അതായത് 44000 രുപയോളം സര്‍ക്കാര്‍ രക്ഷിതാക്കള്‍ക്ക് നല്‍കും. 2025 ജനുവരി ഒന്നിനുശേഷം ജനിച്ച കുട്ടികള്‍ക്കാണ് സര്‍ക്കാരിന്‍റെ ബോണസ് ലഭിക്കുക. മൂന്ന് വര്‍ഷം കൊണ്ട് രക്ഷിതാക്കള്‍ക്ക് 1,30,657.43 രൂപ കിട്ടും. ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങളും ജനന നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള പ്രോത്സാഹനങ്ങള്‍ സുലഭമായി നല്‍കുന്നുണ്ട്. അമ്മമാര്‍ക്ക് സൗജന്യ പാലും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വൗച്ചറും, മൂന്നാമത്തെ കുട്ടിയുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് പുതിയ വീടുകള്‍ക്ക് സബ്സിഡി അങ്ങനെയങ്ങനെ പോകുന്നു രാജ്യത്തെ സ്ത്രീകളെ അമ്മമാരാക്കാനുള്ള സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍. 

ഇത്രയൊക്കെ പെടാപ്പാട് പെട്ടിട്ടും രാജ്യത്ത്  ജനനിരക്കുകള്‍ കുറയുക തന്നെയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളുടെ പരിപാലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള വർദ്ധിച്ചുവരുന്ന ചെലവ് തന്നെയാണ് പ്രധാനപ്പെട്ട ഒരു കാരണം.  യൂത്ത്  പോപ്പുലേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠനമനുസരിച്ച്, ചൈനയിൽ ഒരു കുട്ടിയെ 17 വയസ്സ് വരെ വളർത്തുന്നതിന് ശരാശരി 75,700 ഡോളറിനടുത്ത് ചെലവുവരും. സര്‍ക്കാര്‍ ഇപ്പോള്‍  പ്രഖ്യാപിച്ച ബേബി ബോണസ് പോലും  ഈ ചെലവ് വെച്ച് നോക്കുമ്പോള്‍ വളരെ ചെറുതാണ്. അതുകൊണ്ട് തന്നെ വിവാഹിതരായാല്‍പ്പോലും ചെലവോര്‍ത്ത് കുട്ടികള്‍ വേണ്ടെന്ന് വയ്ക്കുന്നവരും ചൈനയില്‍ കുറവല്ല. വിവാഹം, പ്രസവം, കുടുംബം എന്നിവയിലൊക്കെ ചൈനയിലെ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ വന്ന മാറ്റങ്ങളും ജനസംഖ്യ ഇടിയാന്‍ ഇടയാക്കി.

രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളെത്തുടര്‍ന്ന് സ്ത്രീകൾക്ക് ലഭിച്ച സാമ്പത്തിക സ്വാതന്ത്ര്യം പരമ്പരാഗത റോളുകളിൽ വഴിമാറാന്‍ ഇടയാക്കിയിട്ടുണ്ട്.  ചൈനയുടെ പുരുഷാധിപത്യ സ്വഭാവം സ്വന്തം സ്വാതന്ത്ര്യം വിവാഹത്തിലൂടെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്ത്രീകളെ സൃഷ്ടിച്ചതോടെ പുരുഷന്‍മാര്‍ക്ക് ഇണയെ കണ്ടത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിച്ചു. ഉയര്‍ന്ന ജീവിതച്ചെലവുകള്‍, അരക്ഷിതമായ തൊഴില്‍ സാഹചര്യം എന്നിവയും ചൈനയിലെ യുവാക്കളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തി. ഈ സാഹചര്യങ്ങളെല്ലാം മാറാതെ തുടരുമ്പോള്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതുപോലെ കുട്ടികളെ നല്‍കാന്‍ യുവതലമുറ തയാറാകുമോ എന്നാണ് കണ്ടറിയേണ്ടത്.

ENGLISH SUMMARY:

China's population is facing a significant crisis due to declining birth rates and an aging population. The government is implementing baby bonuses and other incentives to encourage childbirth, but high costs and changing societal views pose challenges