Image Credit: facebook.com/a.piunova

12 ദിവസമായി കിർഗിസ്ഥാനിലെ പർവതത്തിൽ കുടുങ്ങിക്കിടക്കുന്ന പരിക്കേറ്റ പർവതാരോഹികയെ രക്ഷപ്പെടുത്താനുള്ള പ്രതീക്ഷകള്‍ മങ്ങുന്നു. കനത്ത മഞ്ഞുവീഴ്ച ഉൾപ്പെടെയുള്ള മോശം കാലാവസ്ഥയെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യന്‍ പര്‍വ്വതാരോഹകയായ നതാലിയ നാഗോവിറ്റ്സിനയാണ് കാലൊടിഞ്ഞ് പര്‍വത മുകളിലെ കഠിന കാലാവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്നത്.

നതാലിയയെ രക്ഷപ്പെടുത്തുന്നതിനായി ഒരു സംഘം പർവതാരോഹകർ മുകളിലെത്തുകയും അതീജിവിക്കാന്‍ കുറച്ച് സാധനങ്ങള്‍ നല്‍കിയെങ്കിലും പർവതത്തിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം ഇവരെ താഴേക്കെത്തിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന പർവതാരോഹകരിൽ ഒരാളായ ഇറ്റാലിയൻ പർവതാരോഹകൻ ലൂക്ക സിനിഗാഗ്ലിയ ഓഗസ്റ്റ് 15 ന് പർവതത്തിൽ വച്ച് മരിച്ചുവെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം ഇതുവരെ അദ്ദേഹത്തിന്റെ മൃതദേഹവും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 12 നാണ് കിർഗിസ്ഥാന്റെ ചൈനീസ് അതിർത്തിയിലുള്ള ജെങ്കിഷ് ചോകുസു അഥവാ വിക്ടറി പീക്കിന്റെ മുകളിൽ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍ ഒടിഞ്ഞ് നതാലിയ നാഗോവിറ്റ്സിനയ്ക്ക് പരുക്കേല്‍ക്കുന്നത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ഓഗസ്റ്റ് 19 ന് പർവതത്തിന്റെ മുകളിൽ നിന്ന് വളരെ അകലെയല്ലാത്ത ശിഖരത്തില്‍ നതാലിയയെ അവസാനമായി കണ്ടതായും ജീവനോടെയുണ്ട് എന്നുതന്നെയാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സിഎന്നിനോട് പറഞ്ഞിരുന്നു. എന്നാല്‍ നതാലിയ ഇപ്പോളും ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ വക്താവ് വിസമ്മതിച്ചു. 

കിർഗിസ്ഥാനും ചൈനയും തമ്മിലുള്ള അതിർത്തിയിലാണ് ജെങ്കിഷ് ചോകുസു സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 24,400 അടി (7,439 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പര്‍വ്വതം ടിയാൻ ഷാൻ പർവതനിരയിലെ ഏറ്റവും ഉയരമുള്ള പർവതമാണ്. അതുകൊണ്ടു തന്നെ ഇവിടെ എത്തിച്ചേരുക അതീവ ദുഷ്കരവുമാണ്. മുൻ സോവിയറ്റ് യൂണിയനിലെ 7,000 അടിയിലധികം ഉയരമുള്ള അഞ്ച് കൊടുമുടികളായ സ്നോ ലീപ്പാർഡ് പർവതങ്ങളിൽ ഒന്നായി ഈ പർവ്വതത്തെ കണക്കാക്കുന്നു. അഞ്ചെണ്ണത്തെയും കീഴടക്കുന്നത് പ്രധാന നേട്ടമായാണ് കണക്കാക്കിയിരുന്നത്. ഇതുവരെ 30 സ്ത്രീകൾ ഉൾപ്പെടെ ഏകദേശം 700 പേർ മാത്രമേ ഈ പര്‍വ്വതങ്ങള്‍ മുഴുവന്‍ കീഴടക്കിയിട്ടുള്ളൂ.

കുടുങ്ങിക്കിടക്കുന്ന പര്‍വ്വതാരോഹക നതാലിയയുടെ ഭർത്താവ് സെർജി നാഗോവിറ്റ്സിനും പര്‍വ്വതാരോഹകനാണ്. ഫൈവ് സ്നോ ലീപാർഡ് കൊടുമുടികളിൽ ഒന്നായ ഖാൻ-ടെൻഗ്രിയിലേക്കുള്ള പര്‍വ്വതാരോഹണത്തിനിടെയാണ് അദ്ദേഹം മരണമടയുന്നത്. സെർജിയുടെ മരണ സമയം നതാലിയയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ശരീരം തളര്‍ന്നുവീണ് സെർജിയെ ഉപേക്ഷിക്കാന്‍ രക്ഷാപ്രവർത്തകർ എത്തുന്നതുവരെ നതാലിയ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ENGLISH SUMMARY:

Kyrgyzstan mountain rescue efforts are facing challenges due to severe weather conditions. The rescue operation for the injured mountaineer, Natalia Nagovitsyna, stranded on a mountain in Kyrgyzstan, has been halted due to heavy snowfall.