ireland-indian

TOPICS COVERED

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കു നേരെ അതിക്രമം തുടരുന്നു. ഒന്‍പത് വയസ്സുള്ള ഇന്ത്യന്‍ വംശജനായ ആണ്‍കുട്ടിക്കു നേരെ കഴിഞ്ഞ ദിവസം അക്രമമുണ്ടായി. 15കാരനായ ഐറിഷ് ബാലന്‍ ഇന്ത്യക്കാരനായ കുട്ടിയെ കല്ലെടുത്തെറിഞ്ഞ് പരുക്കേല്‍പ്പിച്ചു. ചൊവ്വാഴ്ച കോര്‍ക് കൗണ്ടിയിലാണ് സംഭവം. ഒന്‍പത് വയസ്സുകാരന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു എന്നാണ് വിവരം. കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വര്‍ഗീയ അതിക്രമം എന്നാണ് സംഭവത്തെക്കുറിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.

അക്രമം നടത്തിയ പതിനഞ്ചുകാരനെ പൊലീസ് ചോദ്യം ചെയ്തു. പ്രദേശത്ത് സ്ഥിരമായി ഈ കുട്ടി പല പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ തലവനായ പ്രശാന്ത് ശുക്ല സംഭവത്തെ അപലപിച്ച് രംഗത്തെത്തി. നടുക്കുന്ന സംഭവമാണിത്. ആക്രമണത്തിന് ഇരയായ കുട്ടി ജീവിതകാലം മുഴുവന്‍ ഇത് മറക്കില്ല. സര്‍ക്കാര്‍‌ വിഷയം ഗൗരവമായെടുക്കണമെന്നും നടപടി സ്വീകരിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അയര്‍ലന്‍ഡില്‍ അടുത്തിടെയായി ഇന്ത്യക്കാര്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്ന കാഴ്ചയാണ്. വര്‍ഗീയ അധിക്ഷേപം ഇവിടെ രൂക്ഷമാണെന്നാണ് ഇന്ത്യക്കാര്‍ പറയുന്നത്. ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കണമെന്നും ഒറ്റപ്പെട്ട് എവിടെയും പോകാന്‍ പാടില്ലെന്നുമടക്കമുള്ള നിര്‍ദേശം ഡബ്ലിനിലെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A 9-year-old boy of Indian origin was attacked by a 15-year-old while he was playing, in Ireland. The teenager threw stones and injured him, on Tuesday in Cork County. The child suffered serious head injuries and was admitted to the hospital. The child suffered a deep injury to the head and was taken to the hospital in a bleeding state. The family has alleged that it is a racially motivated attack.