വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ യുക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയുടെ വസ്ത്രധാരണത്തെ പ്രശംസിച്ച് യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. സ്ഥിരമായി സൈനിക വേഷത്തില്‍ കാണാറുള്ള സെലന്‍സ്കി കറുത്ത സ്യൂട്ടാണ് ഓവല്‍ ഓഫീസിലെ ചര്‍ച്ചയ്ക്ക് ധരിച്ച വേഷം.
വെടിനിര്‍ത്തലില്‍ തീരുമാനമായില്ല; രണ്ടാഴ്ചയ്ക്കകം പുട്ടിന്‍– സെലന്‍സ്കി കൂടിക്കാഴ്ച
'എനിക്ക് വിശ്വസിക്കാനാകുന്നില്ല, ഇത് എനിക്ക് ഇഷ്ടമായി' എന്നാണ് ട്രംപ് സെലെന്‍സ്കിയുടെ വസ്ത്രധാരണത്തെ പുകഴ്ത്തിയത്. ചിരിച്ചുകൊണ്ട് ഇതാണ് കയ്യിലെ മികച്ചതെന്ന് െസലന്‍സ്കിയും മറുപടി നല്‍കി. ഫെബ്രുവരിയിൽ കൂടിക്കാഴ്ചയ്‌ക്കെത്തിയ സെലെൻസ്കിയുടെ വസ്ത്രധാരണത്തെ വിമർശിച്ച കാര്യവും ട്രംപ് പരാമര്‍ശിച്ചു.
ഷര്‍ട്ടും മുകളില്‍ കറുത്ത കോട്ടുമായിരുന്നു സെലെന്‍സ്കി ധരിച്ചിരുന്നത്. ജൂണിൽ നെതർലാൻഡിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ സെലൻസ്‌കി ധരിച്ചിരുന്ന വേഷം തന്നെയായിരുന്നു ഇന്നത്തെയും. കൂടിക്കാഴ്ചയ്‌ക്ക് മുന്‍പ്, സെലെൻസ്കി സ്യൂട്ട് ധരിക്കുമോയെന്ന് വൈറ്റ് ഹൗസ് ആരാഞ്ഞിരുന്നു. വസ്ത്രധാരണത്തെ പ്രശംസിച്ച ബ്രയൻ ഗ്ലെൻ എന്ന മാധ്യമപ്രവര്‍ത്തനും സെലന്‍സ്കി മറുപടി നല്‍കി.
സ്യൂട്ടിൽ നിങ്ങൾ നന്നായിരിക്കുന്നു എന്നാണ് ബ്രയാൻ ഗ്ലെൻ പറഞ്ഞത്. കഴിഞ്ഞ കൂടിക്കാഴ്ചയ്ക്കിടെ വസ്ത്രധാരണത്തിന്‍റെ പേരില്‍ വാര്‍ത്ത സമ്മേളനത്തിലെ ചോദ്യങ്ങള്‍ ട്രംപ് ഓര്‍മിപ്പിച്ചു. ഓര്‍മയുണ്ടെന്ന് പറഞ്ഞ സെലെന്‍സ്കി, ഞാൻ പുതിയ വേഷത്തിലാണ് വന്നത് എന്നാൽ താങ്കൾ ഇന്നും അതേ സ്യൂട്ടിലാണ് എന്ന് മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കി.
ഫെബ്രുവരിയില്‍ ചര്‍ച്ചയ്ക്കെത്തിയ സെലെൻസ്‌കിയുടെ സൈനിക വസ്ത്രത്തെ ട്രംപ് കളിയാക്കിയിരുന്നു. പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ടാണ് ഒരിക്കലും സ്യൂട്ട് ധരിക്കാത്തതെന്ന സെലെൻസ്‌കിയോട് ബ്രയാൻ ഗ്ലെൻ ചോദിച്ചിരുന്നു. ' രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലാണ് നിങ്ങള്‍, എന്നിട്ടും ഒരു സ്യൂട്ട് ധരിക്കാൻ വിസമ്മതിക്കുന്നു.... 'എന്നായിരുന്നു ചോദ്യം. ' അതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?' എന്നായിരുന്നു സെലന്‍സ്കിയുടെ മറുചോദ്യം. യുദ്ധത്തിന് ശേഷം അത്തരം വസ്ത്രങ്ങള്‍ ധരിക്കാമെന്നും സെലെന്‍സ്കി മറുപടി നല്‍കിയിരുന്നു.