TOPICS COVERED

ഗ്രീസിലെ കോർഫുവിൽ നിന്ന് ഡസൽഡോർഫിലേക്ക് പറന്നുയർന്ന വിമാനത്തിന് തീപിടിച്ചു. വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചതാകാം തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. യാത്രക്കാരും ക്രൂം അംഗങ്ങളും സുരക്ഷിതരാണെന്ന വാര്‍ത്ത ആശ്വാസമായി. വിമാനത്തിന് തീപിടിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

273 യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്ന ബോയിംഗ് 757-300 കോണ്ടോർ വിമാനത്തിന്‍റെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് വിമാനത്തിന്‍റെ വലത് എഞ്ചിനിൽ തീപിടിച്ചത്. തൊട്ടുപിന്നാലെ വിമാനം ഇറ്റലിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. പിറ്റേദിവസമാണ് വിമാനം വീണ്ടും ഡസൽഡോർഫിലേക്ക് പറന്നുയർന്നത്. 

വിമാനത്തിന് തീപിടിക്കുന്നതിന്‍റെ 18 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് വ്യാപകമായി സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഇതില്‍ വിമാനത്തിന്റെ ഫ്യൂസ്‌ലേജിന്‍റെ വലതുഭാഗത്ത് നിന്ന് തീപ്പൊരികൾ ചിതറുന്നതും തൊട്ടടുത്തായി പക്ഷികളുടെ കൂട്ടത്തേയും കാണാം. അതുകൊണ്ടാണ് പക്ഷികള്‍ ഇടിച്ചതാകാം എഞ്ചിൻ കത്താനുള്ള കാരണമെന്ന സംശയം ബലപ്പെട്ടത്. എന്‍ജിന്‍ തകരാര്‍‌ ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ തകരാറുള്ള എഞ്ചിൻ പൈലറ്റ് ഷട്ട്‌ഡൗൺ ചെയ്‌തു. പിന്നീട് ഒറ്റ എഞ്ചിനിൽ പറന്ന വിമാനം ഇറ്റലിയിലെ ബ്രിണ്ടിസിയിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. 

പിറ്റേദിവസം വിമാനം പുറപ്പെടുന്നതുവരെ യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്ക് എയര്‍ലൈന്‍സ് അധികൃതര്‍ മാപ്പ് ചോദിച്ചു. ഇറ്റലിയില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയയിടത്ത് യാത്രക്കാര്‍ക്ക് താമസിക്കാന്‍ വേണ്ടത്ര മുറികളൊന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒരു രാത്രി മുഴുവൻ യാത്രക്കാര്‍ക്ക് വിമാനത്തിൽ തന്നെ കഴിയേണ്ടിവന്നു. ഇത് ചൂണ്ടിക്കാട്ടിയും എയര്‍ലൈന്‍സ് അധികൃതര്‍ മാപ്പ് ചോദിച്ചിട്ടുണ്ട്. 

'അറ്റാരി ഫെരാരി' എന്ന് വിളിപ്പേരുള്ള ബോയിംഗ് 757 വിമാനം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള വിമാന മോഡലുകളിലൊന്നാണ്. ഏതാണ്ട് 50 വർഷത്തോളം പ്രവർത്തന പാരമ്പര്യം ഈ വിമാന മോഡലിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം യുഎസ് എയർലൈൻ ഡെൽറ്റയുടെ ലോസ് ഏഞ്ചൽസ്- അറ്റ്‌ലാന്റ വിമാനവും ഇതേരീതിയിൽ ഇടത് എഞ്ചിനിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു.

ENGLISH SUMMARY:

A plane that took off from Corfu in Greece to Düsseldorf caught fire, reportedly due to a possible bird strike. A detailed investigation is underway into the incident, which occurred last Saturday. Fortunately, all passengers and crew members are safe. Video footage of the aircraft catching fire has been widely circulated on social media.