അലാസ്കയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിന്‍റെ സുരക്ഷാ ജീവനക്കാര്‍ പൂപ്പ് സ്യൂട്ട്കേസ് കൊണ്ടുനടന്നിരുന്നതായി റിപ്പോര്‍ട്ട്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുട്ടിന്‍റെ മലമൂത്രവിസര്‍ജ്ജനം ശേഖരിക്കുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം. പുട്ടിന്‍റെ ആരോഗ്യം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വിദേശ ശക്തികള്‍ക്ക് ലഭിക്കുന്നത് തടയുന്നതിനായാണ് ഈ സുരക്ഷാ മുന്‍കരുതല്‍.
പുട്ടിന്‍ വിദേശയാത്ര നടത്തുമ്പോള്‍ അംഗരക്ഷകർ മലം ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുവരും എന്നാണ് ദി എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് (എഫ്പിഎസ്) അംഗങ്ങൾ മാലിന്യങ്ങള്‍ കവറിലാക്കി പ്രത്യേക ബ്രീഫ്കേസുകളില്‍ റഷ്യയിലേക്ക് കൊണ്ടുപോകും. 2017 ലെ പുട്ടിന്‍റെ ഫ്രാന്‍സ് യാത്ര അടക്കം വര്‍ഷങ്ങളായി ഈ രീതി തുടരുന്നുണ്ട്.
നേരത്തെ വിയന്ന യാത്രയില്‍ പുട്ടിന്‍ പോര്‍ട്ടബിള്‍ ശുചിമുറി ഉപയോഗിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 1999 ല്‍ പുട്ടിന്‍ അധികാരത്തിലേക്ക് എത്തിയത് മുതല്‍ ഈ രീതി പിന്തുടരുന്നുണ്ടെന്നാണ് വിവരം. 72 കാരനായ പുട്ടിന്‍റെ ആരോഗ്യം സംബന്ധിച്ച് പല ഊഹാപോഹങ്ങളും നിലവിലുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുപോകുന്നത് തടയുകയാണ് ഈ നീക്കത്തിന് പിന്നില്‍.
അതേസമയം യു.എസിലെ അലാസ്കയില്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപുമായി മൂന്നു മണിക്കൂറോളമാണ് പുട്ടിന്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെങ്കിലും കരാറിലേക്കെത്താനായില്ല. നാറ്റോ രാജ്യങ്ങളുമായി സംസാരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, പുട്ടിനെ ഒരിക്കല്‍പോലും വിമര്‍ശിക്കാന്‍ തയാറായില്ല. യുക്രെയ്ന്‍ സഹോദരരാജ്യമാണെന്നും സാഹചര്യങ്ങളാണ് യുദ്ധത്തിലേക്ക് നയിച്ചതെന്നും പുട്ടിന്‍ പറഞ്ഞിരുന്നു.